Thursday, 30 June 2011
"പത്തു ദിനം പോല്‍ പത്തു വര്ഷം "....
Wednesday, 13 April 2011
Saturday, 26 March 2011
" വിശപ്പ്"
ഒരുചാണ്‍ വയറിന്‍റെ
ഉള്‍വിളി സഹിയാതെ
സാരിത്തുമ്പില്‍ പിടിച്ചു -
വലിച്ചു കരയുന്നൂ കുഞ്ഞുമോള്‍
മുതുകില്‍ മാറാപ്പിന്‍തൊട്ടിലില്‍
വിശന്നു കൈകാലിട്ടടിച്ചു
പിടഞ്ഞു കരയുന്ന കുഞ്ഞിനു -
അമ്മിഞ്ഞ ചുരത്തിടാന്‍
ത്രാണിയില്ലമ്മയ്ക്ക്
നാലുനാളായി പോല്‍
ഭോജനമില്ലാതെ
ജലപാനം നടത്തി
ദിനരാത്രങ്ങള്‍ കഴിക്കുന്നു
പൊന്നോമനകുഞ്ഞിനു വിശപ്പാറ്റിടാന്‍
എച്ചില്‍ കൂമ്പാരം ചികയുന്നോ-
രാരോമല്‍ കുഞ്ഞിന്‍റെ
അമ്മ തന്‍ സങ്കടം....
ചാവാലിപ്പട്ടി , പശുക്കളും -
പൂച്ചയും തമ്മിലായ്
പിടിവലി നടത്തുന്നു
കുഞ്ഞു പൈതലിന്‍
വിശപ്പകറ്റീടാനായ്
അമ്മിഞ്ഞ ചുരത്തിടാനായ് ...
ഫോട്ടോവിന് കടപ്പാട് : ഗൂഗിള്‍
Thursday, 16 December 2010
" ആരാണിവര്‍ ? "
പൊട്ടന്‍ കളിച്ചും
കട്ടുമുടിച്ചും
കൊട്ടേലാക്കി
തട്ടിന്‍പുറത്ത്
അട്ടിക്കിട്ടു.
കുഞ്ഞാടിന്‍കുട്ടിയായ്
മുട്ടുകുത്തി-
തട്ടിപ്പ് വീരര്‍
കുമ്പസാര ക്കൂട്ടില്‍
വെട്ടിതുറന്ന
സത്യം കേട്ട്
ഞെട്ടി തെറിച്ചു -
സൃഷ്ടിച്ചവന്‍ പോലും !
വെട്ടിപ്പും തട്ടിപ്പും
കണ്‍കെട്ടു വിദ്യപോല്‍
പലനാള്‍ കള്ളന്‍ ഒരുനാള്‍ വെട്ടില്‍ .
സത്യത്തെവെല്ലാന്‍ സത്യം മാത്രം !
Friday, 3 December 2010
"പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താവേ ശരണം" .....
ശ്രീ ധര്‍മ്മശാസ്താവേ ശരണമപ്പാ..
ഭക്തര്‍തന്‍ നേര്‍വഴി നിന്നിലപ്പാ
എന്നും കാത്തുരക്ഷിപ്പതും നീതാനപ്പാ .
ശരണം ശരണം സ്വാമിയയ്യപ്പാ
ഹരിഹരതനയാ നിന്‍ പാദംശരണം
ഗജമുഖസോദരാ ശരണമയ്യപ്പാ
പാലകുളങ്ങര വാഴുമപ്പാ
ശ്രീധര്‍മ്മശാസ്താവേ ശ്രീപാഹിമാം
കാലേ ഉണര്‍ന്നെഴുന്നേറ്റു നിത്യം
നിന്നെ നമിക്കുന്നു സല്ഗതിക്കായ് .
മണ്ഡലകാലവും വന്നു ചേര്‍ന്നു
ശരണംവിളി ഘോഷമുയരുകയായ്
എന്‍ മനസ്സിനുള്ളിലുടുക്കുകൊട്ടും -
നെയ്യഭിഷേകവും , നടത്തുകയായ് .
ആശ്രയമേകണേ അയ്യപ്പസ്വാമി
പാലകുളങ്ങരക്കൈശ്വര്യ ദായക..
സത്യധര്‍മ്മങ്ങള്‍ നിന്‍ പാദാരവിന്ദം
മോഹിനി സുതനെ പാഹിമാം പാഹിമാം
നിന്നരികിലമരുന്ന വനശാസ്താവും
നിന്നുടെ സോദരന്‍ ഗണദേവനും
നാഗകെട്ടിലമരുന്ന നാഗത്താന്‍മാരും
കാത്തുരക്ഷിക്കണേ കലിദോഷം തീര്‍ക്കണേ..
കരുണാനിധിയേ അയ്യപ്പസ്വാമി
ശരണം ശരണം നിന്‍തവ ചരണം..
കുറിപ്പ് :ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ് മകനോടൊപ്പം (മകന്റെ ജോലി സംബന്ധിച്ച്) രണ്ടു വര്ഷം ഈ ക്ഷേത്ര പരിസത്ത് താമസിച്ചിരുന്നു ..അന്നൊരു മണ്ഡലകാലത്തു കുറിച്ചിട്ട താണ് ഈ വരികള്‍ . സ്വാമിയുടെ കൃപ കൊണ്ടാവാം നല്ല സമാധാനവും ഐശ്വര്യവുമുള്ളദേശം ..അങ്ങിനെയാണ് ആ സ്ഥലത്തെ പറ്റി എനിക്ക് തോന്നിയത് ...
Monday, 15 November 2010
" ശരണ മന്ത്രങ്ങളോടെ മണ്ഡലകാലം ഇതാ ആഗതമായിരിക്കുന്നു "
ഗുരുവായൂരപ്പാ അഭയ മൂര്‍ത്തേ
ആശ്രിതര്‍ക്കാനന്ദം നിന്‍ചരണം
അറിവേതു മില്ലെങ്കിലും പ്രഭോ
ഒരുപാട് സ്തുതി യെന്നില്‍
നിറഞ്ഞു നില്‍പ്പൂ ..
കരുണാമയനെ കാര്‍മുകില്‍വര്‍ണ്ണാ
മയില്‍പ്പീലി കൊണ്ടുനീ
എന്‍ മൃദു ഹൃദയത്തില്‍
കോറിയിട്ടൊരുപാട് കഥയുണ്ട്
കഥനകഥയുണ്ട് ചൊല്ലുവാന്‍
എങ്കിലും കണ്ണാ നിന്നെയറിയാന്‍
നിന്‍റെ മായാലീലയല്ലേ -
നീ തരും ദുഃഖം ?
ഞാനതറിയുന്നൂ കണ്ണാ
നിന്‍ പാദം പുണരുന്നൂ ..
കൌതുകം നിറയുന്ന ഉണ്ണി കണ്ണന്റെ
കണ്ണിലെ കര്‍പ്പൂര ദീപം കണ്ടു
മനസ്സാലെ ഞാനത് തൊട്ടുഴിഞ്ഞു
കണ്ണാലെന്നശ്രുമണികള്‍ പൊഴിഞ്ഞു
കള്ളച്ചിരിയാലെ നീയതേറ്റെടുത്തു
ഒരു പിടി തുളസിപ്പൂ പകരം തന്നു
ഒരുപാട് പരിഭവം ചൊല്ലാനായി -
നിന്മുന്നിലെത്തിയോരടിയന്റെ
പരിഭവമെല്ലാം നീ സ്വീകരിച്ചു
പവിത്രമാം ശാന്തി എന്‍ മനം നിറച്ചു
നിന്‍ കേശാദി പാദം എന്‍ മനസ്സിലേറ്റി
ഭൂലോക വൈകുണ്ഡoഎന്‍ ഹൃദയമാക്കി
ഒരു തിരി നിത്യം കൊളുത്തി വെച്ചു-
നിന്‍ നാമമന്ത്രം ഉരുവിടുന്നു ...
Thursday, 7 October 2010
" വിട ..തിരിച്ചൊരു വരവിനായ് "
Monday, 9 August 2010
"മനസ്സിന്റെ യൌവനം"
പറയാതൊരിക്കലും .
പറയുന്നതെന്തെന്ന -
പൊരുളറിയേണം
നാവില്‍ വരുന്നത്
തുളുമ്പി വിതറിയാല്‍
നാളെ വിനകളാല്‍
വലഞ്ഞു പോകും
കാണുന്നതൊക്കെയും
നേരെന്നു തോന്നാതെ
നേരിന്റെ കാണാപ്പുറങ്ങളും തേടണം
സത്യത്തിന്‍ പുറംതോട്
തേച്ചു മിനുക്കണം
മിഥ്യയായ് മാറ്റുമീ സ്വപ്ന ലോകം
കേള്‍ക്കുന്ന തൊക്കെയും
ചെവിയില്‍ കുടുക്കാതെ -
നീതി ബോധത്താലളന്നീടേണം
മനം കൊണ്ട് മനനം നടത്തിടേണം
സത്യവും മിഥ്യയും കൂട്ടി കുഴക്കാതെ
സത്യത്തെ ധന്യമായ് കരുതിടേണം
എങ്കില്‍ മനോസുഖം -
സമ്പല്‍ സമൃദ്ധ മീഭൂമിയില്‍
എന്നും പതിനെട്ടില്‍ -
പൊതിഞ്ഞു നില്‍ക്കും
മനസ്സിന്റെ യൌവനം പൂത്തുലയും
Wednesday, 30 June 2010
"എന്‍ ആത്മ നാഥന് പ്രണാമം "
എന്‍ മാനസം വല്ലാതുലഞ്ഞു പുകയുന്നൂ
ആ കോടതണുപ്പുള്ള ഭീകരരാത്രി എന്‍ -
ജീവിത സൌഭാഗ്യം ഊതി കെടുത്തതും
ഒരുതിരി വെട്ടത്തിനായെന്‍ മനം
ഉഴറി നടന്നതും ..... ഇന്നലെയെന്നപോല്‍
വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !
നവദിനരാത്രം പോല്‍ ... പോയിതെന്‍ ജീവിതം
ഇന്ന് ഒമ്പതു വര്ഷം തികയുന്നൂ
ഈ വേര്‍പാടിന്‍ വേദന ..
എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
അങ്ങമൂല്യമായ് ചാര്‍ത്തിയ മണിത്താലി
ഇന്നുമെന്‍ ഗള കണ്ഠത്തില്‍ -
തിളക്കം പൊഴിയാതെ കാത്തിടുന്നുണ്ട് ഞാന്‍
എവിടേയുമെപ്പോഴും ..എന്നിലങ്ങുള്ളപ്പോള്‍
എന്തിനു വെറുതെയീ വേദന യെന്നോര്‍ക്കും
അങ്ങിനെയെങ്കിലും ...ആശ്വസിച്ചോട്ടെ ഞാന്‍
മക്കള്‍ തന്‍ സന്തോഷം പങ്കിട്ടോട്ടെ .
എന്റെ ഏട്ടനെ ഞങ്ങളില്‍ നിന്നും വിധി അടര്‍ത്തി യെടുത്തിട്ട് ഇന്നേക്ക് " ജൂലായ് ഒന്നിന് ഒന്പത് വര്ഷം " .തികയുന്നു ..ഇന്നും എന്നും അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്നില്‍ കൂപ്പു കൈകളോടെ .....
ഭാര്യ ,മക്കള്‍ ,മരുമക്കള്‍ ,പേരക്കിടാങ്ങള്‍ ...
Tuesday, 27 April 2010
"അറേബ്യന്‍ വിധി "
സംഭവിച്ചോരവസ്ഥ!!
അറബി നാടിന്‍റെ നീതിയുമനീതിയും
ഇവിടെയാരാലും
ചോദ്യം ചെയ്യപ്പെടില്ലാ
യെന്നത് നിശ്ചയം
ചെയ്യാത്ത തെറ്റെന്നവന്‍ മൊഴിയുന്നൂ
ശിക്ഷയായ് ജയില്‍ വാസം
അവനൊരു ശ്രീലങ്കന്‍
സ്വന്തനാടിന്‍റെ പുതു
പിറവിക്ക് സാഹോദര്യം
ഊട്ടി ഉറപ്പിക്കാന്‍
മറ്റൊരു ശ്രീലങ്കന്‍ സോദരിക്ക്
ഭക്ഷണ പ്പൊതിയുമായ്
സ്നേഹ സന്ദേശം കൈമാറാന്‍
അറേബ്യന്‍ കൊട്ടാരകെട്ടില്‍
ചെന്നതാണെന്നു ശ്രീലങ്കന്‍ മൊഴി ...
ഇതു തെറ്റാണെന്നറിയാതെ -
യറിഞ്ഞോരവസ്ഥ ദയനീയം ...
അറബി സി ഐ ഡി മാര്‍
തിരഞ്ഞെത്തീ അവന്റെ
ജോലിയിടത്തില്‍-
മേലാള്‍ക്കു മുന്നില്‍
തിരിച്ചറിയല്‍ കാര്‍ഡ് വീക്ഷിച്ചു
അന്തം വിട്ടോരാ മേലാള്‍
എന്തിവന്‍ ചെയ്ത കുറ്റമെന്ന്?
മൊഴിഞ്ഞു സി ഐ ഡി മാര്‍
പെണ്‍കേസ്സാ...പെണ്ണിനെ തേടി
പാലാസ്സില്‍ നുഴഞ്ഞു കയറിയിവന്‍
കോടതിയില്‍ ഹാജരാക്കണമിവനെ
ഇതു ഞങ്ങള്‍ തന്‍ ജോലി
ഞെട്ടിത്തരിച്ചുപോയ് മേലാള്‍
ഒന്നുരിയാടാന്‍ ആവതില്ലെന്റെ ഈശ്വരാ
കയ്യാമം വെച്ച് കൊണ്ടുപ്പോയവര്‍
ജയില്‍ വാസം അവന്‍ തന്‍
ജാതക ഫലം !!
പെണ്ണവള്‍ ശ്രീലങ്കകാരിയും
കരഞ്ഞു മൊഴിഞ്ഞുപോല്‍
തെറ്റൊന്നും ചെയ്തില്ല
നാട്ടാചാരമാണെന്ന് !!
അവള്‍ തന്‍ രോദനം
കൊട്ടാര കെട്ടിലുള്ളോരും കേട്ടില്ല..
മറ്റാരുമേ കേട്ടില്ല ..
അവള്‍ക്കു ശിക്ഷയായ് നല്‍കി
ജോലിക്കൊരു ക്രോസ് രേഖയും
നാട്ടിലേക്കൊരു ഫ്ലൈറ്റ്ടിക്കറ്റും
ഒരു ഭക്ഷണ പ്പൊതിയൊരുക്കിയ
വിന ഇതെങ്ങിനേ സഹിച്ചിടും
സൂക്ഷിക്കുവിന്‍ ഗള്‍ഫില്‍ ഏവരും
അറബി നാടിന്റെ ശിക്ഷ
ഇതേറ്റു വാങ്ങരുതേ..
ജീവിതം ജയില്‍വാസമായ്
എണ്ണി ഒടുക്കരുതേ...
കുറിപ്പ് : ഇത് ഇവിടെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ അറിവില്‍ പെട്ട സംഭവാവിഷ്ക്കാര കവിത ..
Friday, 2 April 2010
" എന്റെ കൃഷ് മോന് നാളെ രണ്ടാം പിറന്നാള്‍ !!"

രണ്ടാം ജന്മദിനം പൂവിടും പുലര്‍വേളയില്‍
എന്‍കണ്മണി കിച്ചു മോന്
പിറന്നാളാശംസകള്‍ !!
ചക്കരവാവേ നിനക്കാ -
യുരാരോഗ്യ സൌഖ്യ-
സമ്പല്‍ സമൃദ്ധി ക്കായ്
പ്രാര്‍ത്ഥനയോടെന്നുമീ -
യമ്മൂമ്മ കാത്തിരിപ്പുണ്ട് .
എന്നാരോമല്‍ കുഞ്ഞേ-
യെന്നും നിനക്കായ്
ചേര്‍ത്തു വെച്ചോരായിരം
മൃദു സ്നേഹ വാത്സല്യ ചുംബനങ്ങള്‍
നിന്‍തളിര്‍ മേനിയാകെ
പൊതിയാന്‍ കൊതിക്കുമീ -
അമ്മൂമ്മ വൈകിടാതെ
യെത്തീടും നിന്റെ ചാരെ .
നിന്‍ കിളി കൊഞ്ചല്‍ കേള്‍ക്കാന്‍
കൊതിക്കുന്നിതെന്‍ കാതുകള്‍
നിന്‍റെ നുണക്കുഴിയില്‍വിരിയും -
കള്ളച്ചിരികാണാന്‍
എന്‍ കണ്ണുകള്‍ തുടിക്കുന്നു
കണ്ണാരം പൊത്തിയെന്നും
"പീക്കബൂ " കളിക്കാനായ്
വൈകീടില്ലിനിയൊട്ടും
മുത്തേ നിനക്കായ് ഇന്ന്
വാഗ്ദാനം നല്കീടുന്നൂ
പിറന്നാള്‍ സമ്മാനമായ്!!!
യു .കെ യില്‍ വെച്ച് april 3nu രണ്ടാം ജന്മദിനം ആഘോഷിക്കുന്ന എന്റെ കൊച്ചുമോന്‍ "കൃഷ് മോഹന്‍ ന്ന് "വാത്സല്യ ചുംബനങ്ങള്‍ക്കൊപ്പം പിറന്നാളാശംസകള്‍ നേരുന്നു ..
അമ്മൂമ്മ :വിജയലക്ഷ്മി
മാമന്‍ :ഷമ്മി കൃഷ്ണ
മാമി :ദിവ്യ ഷമ്മി
കുഞ്ഞേട്ടന്‍ :ആദിത്യാ കൃഷ്ണ
കുറിപ്പ് : ഈ "പീക്കബൂ ".ഓണ് ലൈനില്‍ (വെബ് ക്യാമില്‍) കാണുമ്പോള്‍ അവന്‍ കണ്ണുപൊത്തി കളിയില്‍ പറയുന്ന വാക്കാണിത് .
Tuesday, 9 March 2010
"ഭദ്രകാളി ??"
നിന്റെ തോഴനെ കണ്ടില്ലേ ...
കല്ലില്‍ കാല് തട്ടീല്ലേ...
വീണ് മുട്ട് പൊട്ടീല്ലേ ...
കണ്ണടച്ചപ്പോള്‍ കണ്ണില്‍
പൊന്നീച്ച പാറീല്ലേ
മനസ്സ് നൊന്തില്ലേ
നിന്‍റെ കണ്ണുനിറഞ്ഞില്ലേ ..
ഓടി വന്നൊന്ന് ..അവന്‍ -
കെട്ടി പുണര്‍ന്നാലോ
നീ കണ്വശ്രമത്തിലെ -
ശകുന്തളയാവൂലെ
നാണത്താല്‍ നിന്‍ കണ്ണിമ മൂടൂലെ
നിന്‍റെ സങ്കടം മാറൂലെ
ഉള്ളില്‍ സന്തോഷം നിറയൂലെ
സന്തോഷം വന്നാലോ ..
നീയൊരു പൂമ്പാറ്റയാവൂലെ
ചുറ്റും പാറിപറക്കൂലെ ..
അവനെ സ്നേഹത്താല്‍ മൂടുലെ
കാലാല്‍ നഖചിത്രം വരയൂലെ
പ്രിയനവന്‍ നിന്നെ -
തള്ളി പറഞ്ഞാലോ
നീയൊരു താടകയാവൂലെ
കണ്ണീരിന്നുറവ വറ്റൂലെ
കണ്ണില്‍ തീപ്പൊരി പാറൂലെ
കാണുന്നിടത്തെല്ലാം
അവനെ തെറി വിളിക്കൂലെ
ഓമന പേരുവിളിക്കൂലെ
നിന്റെ രോഷം തീര്‍ക്കൂലെ
നീയൊരു കാളിയാവൂലെ
ഭദ്രകാളി യാവൂലെ ..?
Monday, 15 February 2010
"" കാഴ്ച്ച !!! ""
കരിവണ്ടു പോല്‍ മിനുങ്ങി തിളങ്ങുന്ന കണ്ണുകള്‍
കണ്ണായാല്‍ പോരാ അകക്കണ്ണുകള്‍ വേണം -
ഉള്ളംനിറയെ മന:കണ്ണുകള്‍ വേണം
കാണാപ്പുറങ്ങളും കാണുന്ന കണ്ണുകള്‍
കള്ളവും ചതിയും വെറുക്കുന്ന കണ്ണുകള്‍
അനീതിക്ക് നേരെ തീപ്പൊരി കണ്ണുകള്‍
ആശ്രിതര്‍ക്കഭയം നല്‍കും മന:കണ്ണുകള്‍
തന്‍പാതിക്കും മക്കള്‍ക്കും
വാത്സല്യം കോരി ചൊരിയും കണ്ണുകള്‍
വാര്‍ദ്ധക്യവേളയില്‍ മാതാപിതാക്കള്‍ക്ക്
സംരക്ഷണം നല്‍കാന്‍ കൊതിക്കും കണ്ണുകള്‍
കര്‍മ്മത്തില്‍ വീഴ്ച്ച വരുത്തില്ല ഈ കണ്ണുകള്‍
സത്യത്തിന്‍ നേര്‍വഴി കാക്കുമീ കണ്ണുകള്‍ !!!
Saturday, 2 January 2010
"കള്ള് ചതിച്ചാല്‍."......
കുള്ളന്‍ പിള്ള
ബള്ള് ചൊല്ലും
സൊള്ളന്‍
കള്ളുമോന്താന്‍
പള്ളി വളവില്‍
കള്ളു ഷാപ്പിലെത്തി
ചള്ള് കള്ളും
ചാളേം കപ്പേം
ഉള്ളിലാക്കി പിള്ള
പള്ളിയുറക്കം
കണ്ണിനുള്ളം കലക്കി
കള്ളിമുണ്ട്
മടക്കിക്കുത്തി
ഉള്ളം കൈയ്യില്‍
നിറകള്ളും കുപ്പി
കള്ളിചെല്ലമ്മ
ഇടം കണ്ണിറുക്കി
ഉള്ളം തുടിച്ചു
പിള്ള ചേട്ടന് !
കള്ളിമുണ്ടിന്‍
മടിക്കുത്തിളകി -
നൂറിന്റെ നോട്ട്
തെള്ളി തെറിച്ചു
ഉള്ളം നിറഞ്ഞു ..
കള്ളി ചെല്ലമ്മ പ്പെണ്ണിനു .
പിള്ള മനസ്സില്‍
തള്ളേം പിള്ളേം കരഞ്ഞു
തന്നുള്ളം തേങ്ങി -
വിതുമ്പി പുകഞ്ഞു
കുള്ളന്‍ പിള്ള
മനസ്സാ ശപിച്ചു !
കള്ളിനെ കള്ളുഷാപ്പിനെ..
Friday, 25 December 2009
Monday, 14 December 2009
" അലക്കുകാരന്‍"
ഉറക്കച്ചടവാര്‍ന്ന കണ്‍കളാല്‍
അവനെത്തുന്നു ...
ഉമ്മറപ്പടി വാതുക്കല്‍
ഉണര്‍ത്തു പാട്ടെന്നപോല്‍
അറിയിപ്പുമണി നാദം ...
അലസമാക്കിയ ഉറക്കത്തിന്‍
കണ്‍ തരിപ്പോടെ
വീട്ടമ്മ തന്‍ അസഹ്യ ഭാവം !
കണ്ണില്‍ കണ്ണുടക്കാതെ -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു
നമസ്തേ മാഡം
കെട്ടു ഭാണ്ഡത്തിന്‍ കുരുക്കഴിച്ചു
അലക്കി തേച്ചു മിനുക്കിയ
ഉടയാടകള്‍ തന്‍ അടുക്കുകള്‍ ....
വേതനം കൈപ്പറ്റി.
അഴുക്കുവസ്ത്രങ്ങള്‍ കയ്യേറ്റു-
മറ്റൊരു ഭാണ്ഡം മുറുക്കുന്നു
തീയ്യതി കുറിക്കുന്നു ..
മാറാപ്പുകള്‍ തോളിലേറ്റി -
മറ്റൊരു മേല്‍വിലാസം തേടി ...
വെയിലും മഴയും വിശപ്പിന്റെ വിളിയില്‍
അലിഞ്ഞില്ലാതാവുമ്പോള്‍ -
കാലുകളിടറാതെ മനസ്സുപതറാതെ
അലക്കുകല്ലിലെ തല്ലിചിതറിയ
അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ....
Friday, 13 November 2009
Friday, 9 October 2009
"ഒരു ഗള്‍ഫ്‌കാരന്റെ അനുഭവ കഥ !! "
"സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത് ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക് അയക്കാം എന്ന് ഏറ്റു. എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ് വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത് വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല. ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ് ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ. ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക് ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത് കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്. വേണ്ടത് മനസ്സ് മാത്രം. മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ് "
ഈ അനുഭവ കഥ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തുതോനുന്നു ?ഇതു മെയിലിന്റെ കോപ്പി യാണ് .
Monday, 24 August 2009
" ഇങ്ങിനേയും ഒരോണം "
ഇതാ സമാഗതമായിരിക്കുന്നു . കുടിലുമുതല്‍ കൊട്ടാരംവരയുള്ള സമാവകാശ ആഘോഷം
എന്നാണു തത്വമെങ്കിലും ...ഈവര്‍ഷത്തെ തിരുവോണത്തെ സന്തോഷത്തോടെ
വരവേല്‍ക്കാന്‍ കേരള മക്കള്‍ക്കാകുമെന്നു തോന്നുന്നില്ല . "കാണം വിറ്റും ഓണം ഉണ്ണണം "
എന്നാണു പ്രമാണമെങ്കിലും വില്‍ക്കാനെവിടെ ...?? അത്രയ്ക്കും
ക്രൂരതയാണല്ലോ പ്രകൃതി ഇത്തവണ കാട്ടിക്കൂട്ടിയത്....കാലവര്‍ഷ താണ്ഡവത്തില്‍ കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും ,പാര്‍പ്പിട നഷ്ടവുമാണ് ജനങ്ങള്‍ക്ക് വരുത്തിവെച്ചത് ... ഇതിന്പുറമെ പലവിധ വര്‍ണ്ണങ്ങളുടെ പേരുപറയുന്നത്പ്പോലെ പലവിധത്തിലുള്ള
പനികളും , അതിന്റെ കഷ്ടപ്പാടുകളും ....ഉപ്പ് തൊട്ടുപച്ചക്കറികള്‍ വരെയുള്ള സാധനങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത വിലക്കയറ്റവും ... ഈ വക കാര്യങ്ങളോടനുബന്ധിച്ചുള്ള പലവിധസാമ്പത്തികബാദ്ധ്യതകളും ... ഇവരെ സഹായിക്കാനെന്ന വ്യാജേന , ഈ അവസ്ഥ മുതലെടുക്കാന്‍" പറമ്പുകളില്‍ കൂണുകള്‍ മുളച്ചുപോങ്ങുംവിധം" ബ്ലെയ്ഡ് കമ്പനികളും...(ഒടുവില്‍ പാവം ജനങ്ങളെ കൂട്ടത്തോടെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു. ) ഈ വര്‍ഷം സാധാരണക്കാരന്റെ അവസ്ഥയാണിത് ... ഈ സാഹചര്യത്തില്‍ അവര്‍ക്കെങ്ങിനെ
ഓണം ആഘോഷിക്കാന്‍ പറ്റും ? ....
ഇതൊന്നും ബാധിക്കാത്ത ഒരു വിഭാഗമുണ്ട് നമുക്കിടയില്‍ "പണക്കാര്‍" അവര്‍ക്കെന്നും പൊന്നോണം !!
"എല്ലാവര്ക്കും ഓണാശംസകള്‍ !!"
Wednesday, 19 August 2009
"എന്റെ കുക്കുവിനു നാളെ രണ്ടാം പിറന്നാള്‍ "
"എന്‍ മന:സ്സാക്ഷാത്കാരം നീയാണെന്‍ പൊന്നോമനേ
എത്രയോ കാത്തിരുന്നൂ നിന്റെ യീവരവിനായ് കുഞ്ഞേ ....
ഇന്നു ഞാന്‍ ധന്യയായി ......
കണ്ടു കൊതിപൂണ്ട സ്വപ്നവും യാഥാര്ത്ഥ്യമായ്.
കുഞ്ഞിമ തുറന്നു നിന്‍ കൌതുക വീക്ഷണത്താ-
ലെന്നിലെ മുത്തശ്ശിയെ തൊട്ടുണര്‍ത്തീടുന്നു നീ .
കണ്ടു കണ്ടിരിക്കവേ എന്‍ മനം തുളുമ്പുന്നു
നിനക്കായ് കാത്തുവെച്ച സ്നേഹത്തിന്‍ നിറകുംഭം .
വാരിപ്പുണര്‍ന്നൂ നിന്നെ എത്ര മുത്തമിട്ടാലും
കൊതി തീരില്ല എന്റെ രാരീരം കുഞ്ഞുവാവേ. ...
കിലുകിലെ ചിരിക്കുന്ന നിന്‍ മുഖം എന്‍ ഉള്ളത്തില്‍
ദുഖത്തെ തേച്ചുമായ്ച്ചു ദൂരേ കളയുന്നു ....
എന്നെന്നും നിന്മുഖം കണികണ്ടുണരേണം
ആനന്ദ കുഞ്ഞേ നീയെന്‍ ജീവിത സൌഖ്യമല്ലേ ?
ആരെയും കൊതിപ്പിക്കും നിന്റെയീ ഭാവങ്ങളും
ആരംഭ മുത്തെ നീയെന്‍ ആദ്യത്തെ 'ആദിത്യനായ് !
രാരീരം പാടി നിന്നെയുറക്കാം മുത്തേയെന്നും
ഇക്കിളി കൂട്ടി പൊന്നേ നിന്നെ ഞാനുണര്‍ത്തീടും
കരയാതുണരേണം കണ്മണി കുഞ്ഞല്ലയോ !
പുഞ്ചിരി പൂവിടണം കുഞ്ഞിളം ചുണ്ടിലെന്നും
വന്നെത്തി നിനക്കിന്നു രണ്ടാംജന്മദിനം
മനസ്സാ നേരുന്നു ഞാന്‍ ആയുരാരോഗ്യ സൌഖ്യം ...
(നാളെ 20/8/2009 randaam പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ കുഞ്ഞു മോന്‍ ആദിത്യ കൃഷ്ണക്ക്....എല്ലാ നന്മകളും നേരുന്നു ... ) ഈ കവിത ആദ്യം വന്നതാണ് ..
Tuesday, 28 July 2009
" സ്ത്രീ ധനം "
ചിന്തിക്കുന്നൊരു യുഗം
ഭൂമിയില്‍ പിറന്നെങ്കി-
ലെത്രയോ ഭൂമി ധന്യം!!
"സ്ത്രീ ധനം വാങ്ങരുത് ,
കൊടുപ്പതും കുറ്റകരം .. "
വേദിതന്നില്‍ -
ചര്‍ച്ചയിലൊതുങ്ങീടും ....
വാങ്ങീടും ലക്ഷങ്ങളോ -
കീശയില്‍ ചില്ലറക്കായ് !
പെണ്ണിന്റെ പേരില്‍ തന്നെ -
നല്ലൊരു വീടു വേണം ,
കറങ്ങി നടക്കുവാന്‍ നല്ല -
കാറൊന്ന് വേറെ വേണം !
എന്തിനീ കള്ളനാട്യം ?
സ്ത്രീധന നാമമാറ്റം !
വിഡ്ഢിയെന്നു ധരിക്കുന്നു -
സഹജീവികളെ ഇവര്‍ !
ഇനിയുമുണ്ടിവരുടെ -
ആദര്ശാവശ്യങ്ങള്‍ ,
കേട്ടാലോ ഞെട്ടിപ്പോകും !
പെണ്ണിനു ഡിഗ്രികള്‍ വേണം ,
പൊന്നൊരു നൂറുപവന്‍ ,
അവള്‍ , പത്തരമാറ്റുള്ളൊരു -
സുന്ദരീയായീടേണം
മകള്‍ തന്‍ വേളിക്കായി-
പെണ്ണിന്റെ പിതാവയ്യോ പാവം
നെട്ടോട്ട മോടീടുന്നു ...
ബ്ലേഡിലും ബാങ്കിലുമായ്
വീടോ പണയത്തിലായ് -
തെങ്ങിന്‍ ത്തോപ്പുള്ളതും പോയി ...
എല്ലാമായ് പൊന്നുമോള്‍ക്കാ -
ജീവിതം കൊടുത്തച്ഛന്‍ !
ഉണ്ടിവര്‍ക്കിനി രണ്ടു പെണ്മക്കള്‍ .....
കിട്ടുന്ന വരുമാനം-
പലിശക്കു തികയാതായി....
അഷ്ടിക്ക് വക യില്ലാതെ -
പട്ടിണി കോലങ്ങളായ് !
ജീവിത പ്രാരാബ്‌ധത്താല്‍
തളര്‍ന്നാ രക്ഷിതാവ് ...
ആധിയും വ്യാധിയുമായ് -
ഒരു പിടി ചാരമായി ....
ശേഷിച്ചോരവസ്ഥ -
കഠോരമീ ലോക സത്യം ..
എത്രയോ ഹതഭാഗ്യ ജീവന്‍ .....
സാരി തുണ്ടില്‍ മുറുകുന്നു ,
അഗ്നി ഗോളങ്ങളിലെരിഞ്ഞടങ്ങുന്നു ...
സ്ത്രീധന ശാപമോക്ഷം ...
ഈ ലോകത്തിന്‍ ധന്യ മോക്ഷം !
Tuesday, 30 June 2009
" സ്നേഹ ദീപമേ നയിച്ചാലും !! "
വേറിട്ട എട്ടുവര്ഷത്തിന്റെ ഓര്‍മ്മകള്‍ !
രണ്ടു നാള്‍ മുന്നാലെ സംഭവിച്ചുളളപോല്‍
ഉള്ളില്‍ തികട്ടി പുകഞ്ഞെരിഞ്ഞീടുന്നു ...
നല്ലൊരു നാളേക്ക് കൈനീട്ടി നില്‍ക്കുമ്പോള്‍ -
അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
മക്കള്‍ തന്‍ സ്നേഹ വാത്സല്യത്താലെന്‍ ദുഃഖം -
ആരോരും കാണാതെ എന്നുള്ളീലൊതുക്കുന്നു.
അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല ..
നമ്മുടെ വീട്ടിലെ നല്ല മുഹുര്‍ത്തങ്ങള്‍ക്ക് -
സാക്ഷിയായ് ,ശക്തിയായ് ,സര്‍വ്വസ്വവുമായി -
യെന്മനശക്തിയായ് എല്ലാംനടത്തുന്നു .
എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ...
ഞങ്ങളെ വേര്‍പ്പെടാനാവില്ലോരിക്കലും .
എവിടെയുമെപ്പോഴും ,ഞങ്ങളോടൊപ്പമായ് -
ഒരു കൊച്ചു ശലഭമായ് പാറിക്കളിക്കുന്നു !
.........................................................
Monday, 15 June 2009
"ഇതും മഴക്കാല കാഴ്ച്ചകള്‍ "
കിലുകിലാരവത്താല്‍ ...
ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,
മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !
കണ്ണുകള്‍ക്കാനന്ദ രസം -
പകരുമാ കാഴ്ച്ചകള്‍ !
അങ്ങാകാശ മേലാപ്പില്‍ -
കരിമുകിലിഴഞ്ഞു കിഴക്കിന്‍
ദിശയില്‍ സംവദിക്കവേ ..
തുള്ളിക്കൊരു കുടം മഴയായ് -
ഭൂമിക്ക് ദാഹം തീര്‍ക്കാന്‍ .....
ജീവജാലങ്ങള്‍ തന്‍ -
കുടിവെള്ള വറുതിക്കറുതിയായ് !
പൊഴിച്ചത് പുഴയായ് മാറി ,
വഞ്ചി കണക്കിനു തുഴഞ്ഞു പ്പോകുന്നിതോ -
ഇരുചക്ര ,നാല്‍ചക്ര വാഹനങ്ങള്‍ !
പാതയോരത്തു ..കാല്‍നട പ്പാതകള്‍-
കണ്ണില്‍ പെടാതുഴലുന്ന ജനം ,
മറിഞ്ഞു ഗര്‍ത്തങ്ങളില്‍ വീണു-
കൈ ,കാലിനെല്ലുനുറുങ്ങിയും ,
ആതുരാലയത്തിലഭയം തേടുന്നോര്‍ !
ഓടകള്‍ പ്പൊട്ടിയൊഴുകി ചേരുന്നു ....
ഡങ്കിപ്പനി ,എലിപ്പനി ,പന്നിപ്പനി ,കോളറ ...
ഭയാനകം , മരണത്തിന്‍ കാലൊച്ചകള്‍ !
ഇളം തെന്നല്‍ വീശി , ക്കൊടുങ്കാറ്റായ് മാറി -
പ്രകൃതി തന്‍ ,വികൃതി താണ്ഢവം !
മക്കളെ പേറിനിന്നോരാ വരിക്കപ്ലാവ് ,
തായ് വേരിളകി വീടിന്നു മേല്‍കൂരയില്‍ -
പതിക്കവേ ഇനിയെന്തെന്ന് ...
പറയേണ്ടതില്ലയ്യോ ഭീകരക്കാഴ്ച്ചകള്‍ !
ഇതും മഴക്കാല ക്കാഴ്ച്ചകള്‍ !!!
Wednesday, 20 May 2009
"പ്രവാസി "
യൌവ്വനവും മോഹങ്ങളും -
ഈ സ്വപ്ന ഭൂമിയാം മണലാരണ്യത്തില്‍ ....
രക്തവും മജ്ജയും വിയര്‍പ്പാക്കി മാറ്റി ..
നീയും നിന്റെ സഹജരും പണിയും -
മണി സൌധങ്ങള്‍തന്‍ ഉയരങ്ങള്‍ !
കമ്പിക്കെട്ടുകള്‍നെയ്ത-
ഊടുപാവുകള്‍ക്കു മുകളില്‍
സിമന്റും പൂഴിയും ചേര്‍ത്ത ...
മിശ്രണത്തിന്നെരിച്ചിലും,
ജ്വലിക്കും സൂര്യകിരണങ്ങള്‍ തന്‍ -
പൊള്ളിക്കും നീറ്റലും സഹിച്ചു ...
നിങ്ങള്‍ പണിതുയര്‍ത്തുന്നോരാ -
കണ്ണെത്താതുയരം താണ്ടും ,
മണി സൌധങ്ങള്‍ !
നിന്‍ മേലാളിന്നൌദാര്യം പോല്‍ ,
നീ കയ്യേല്ക്കുമ്ത്തിരി കാശും പോരാഞ്ഞു -
കൊടും പലിശയ്ക്കു കടമെടുത്തും
ഡ്രാഫ്റ്റായ് നാട്ടിലെത്തുന്ന കാശിന്റെ -
വിലയറിയാതെ ,വേദനപ്പാടറിയാതെ ..
ഹേ പ്രവാസീ !
നിന്റെ വിശപ്പിന്റെ വിളിക്ക് ,
കുബൂസ്സും ഒത്തിരി വെള്ളവും ...
നിന്റെ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ -
നീ സഹിക്കും കഷ്ടതകളറിയാതെ ,
നിന്‍ കുടുംബം സുഖലോലുപരായ് ...
ഗള്‍ഫുകാരന്റെ ഭാര്യയായ് മക്കളായ് !
ആര്‍ഭാടജീവിതം നയിക്കുന്നോര്‍ -
ആ കാശിന്റെ വിലയറിയില്ലവര്ക്ക് !
നിന്റെ യൌവ്വനത്തിന്റെ -
സൂര്യകിരണങ്ങള്‍ ഊറ്റിയെടുക്കും ,
രക്തത്തിന്റെ , വിയര്‍പ്പിന്റെ -
വില അറിയില്ലവര്‍ക്ക് !
ഹേ പ്രവാസി ...അവര്‍ -
ഗള്‍ഫ്കാരന്റെ ഭാര്യയാണ് മക്കളാണ് !!
ഈ കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ..ഞങ്ങള്‍ അബുദാബിയില്‍ താമസിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിന്നെതിര്‍വശം മറ്റൊരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ടായിരുന്നു .കാലത്തുണര്‍ന്നു ജനല്‍ കതകുതുറന്നാല്‍ കാണുന്നകാഴ്ച്ച ആജോലിക്കാരുടെസാഹസികതകളാണ്...ഞാനൊത്തിരിസമയംവിഷമത്തോടെനോക്കിനില്ക്കാറുണ്ട് .ഞാനെന്റെ മോളെകാട്ടിക്കൊടുത്തു അവളോട് പറയാറുണ്ട് "ഈ ജോലിക്കാരുടെ പ്രയാസങ്ങളും മറ്റും വീട്ടുക്കാര്‍ അറിയുന്നുണ്ടോ ?"എത്ര അപകടം നിറഞ്ഞ ജോലിയാണ് ഇവര്‍ ചെയ്യുന്നത് "..പണിയുന്ന കെട്ടിടത്തിനു സൈഡില്‍ ഒരു ടിന്‍ ഷീറ്റുകൊണ്ട്നിര്‍മ്മിച്ച പാര്‍പ്പിടത്തിലാണ് ഇവരുടെ താമസം ..ഏതാണ്ട് മൂന്നുമാസത്തോളം നിത്യ കാഴ്ചയായിരുന്നു . പിന്നെഞങ്ങള്‍ അലൈനിലോട്ട് താമസം മാറി ..അവരെ കുറിച്ചു ഇത്തിരിയെങ്കിലും എഴുതണമെന്നുതോന്നി .
Saturday, 16 May 2009
"പ്രിയ വായനക്കാരെ "
എനിക്കും എന്റെ ബ്ലോഗിനും വേണ്ടുന്ന വിധം പ്രോത്സാഹനം നല്കിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒത്തിരി ഒത്തിരി നന്ദിയും കടപ്പാടും അറിയിക്കുന്നു .
Tuesday, 20 January 2009
"കള്ളി കുയില്‍ "

അണ്ണാരകണ്ണന്‍ കളിയാക്കി ചോദിച്ചു
കാടെവിടെ നിന്‍കൂടെവിടെ -
കൂട്ടിന്നു തുണയെവിടേ?
യെന്തേ ഒന്നും മിണ്ടാത്തേനീ-
കിലു കിലു നാദം മീട്ടാത്തേ ..
ആരാനും നിന്നെ പഴിപറഞ്ഞോ ?
നിന്റെ ചതിപണിയാരേലും കണ്ടറിഞ്ഞോ?
കള്ളികുയിലേ കറുമ്പികുയിലേ...
നിന്‍കഥയെന്തേ ചൊല്ലാത്തു? (മൂവാണ്ടന്‍ മാവിന്റെ....)
നിന്‍ കളകളനാദം കേള്‍ക്കാന്‍ ,
നിന്നോടൊപ്പം ചേര്‍ന്നു പാടാന്‍
പറന്നുയരം താണ്ടാന്‍ നിന്റെ -
തുണയെവിടെ പ്രിയനെവിടേ ,
വായാടി കുയിലേ ......(മൂവാണ്ടന്‍ ......
എന്തെ അവനുമായ് പിണക്കമാണോ ?
കള്ളി യെന്തേ... ഒന്നും മിണ്ടാത്തെ നീ ...
പണ്ടോരുനാളില്‍ കാക്കച്ചി ക്കൂട്ടില്‍,
കാക്കച്ചി കാണാതെ കള്ളികുയിലെ നീ മുട്ടയിട്ടു.
തന്‍ മുട്ടയെന്നോര്‍ത്താ പാവം ,
കുഞ്ഞു വിരിയാനടയിരുന്നു .
മുട്ട വിരിഞ്ഞു ,കുഞ്ഞു വളരാന്‍ ,
തീറ്റകള്‍ നല്കിയെന്നും കാക്കമ്മ .
ചിറകു വളര്‍ന്നു തത്തി കളിച്ചു ...
പറക്കാന്‍ പഠിപ്പിച്ചു കാക്കമ്മ !
ഒരുനാള്‍ കാക്കമ്മ തിരികേ വന്നപ്പോള്‍ ,
കുഞ്ഞുങ്ങള്‍ രണ്ടാളെ കണ്ടില്ലാ !
എങ്ങുപോയെങ്ങുപോയ് എന്‍ മക്കളെന്നോര്ത്തു -
തല തല്ലി കരഞ്ഞുപോല്‍ കാക്കമ്മ ...
പാവം ആ കൊമ്പിലീകൊമ്പില്‍ പറന്നുനോക്കി...
കഷ്ടം കണ്ടില്ലയെങ്ങും കുഞ്ഞുങ്ങളെ -
കള്ളീ നീ കൂട്ടി പറന്നതറഞ്ഞില്ലവള്‍ !
മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നൊരു -
അണ്ണാരകണ്ണന്‍ കളിയാക്കി ചോദിച്ചു..
ചതിച്ചികുയിലേ...യെന്തേ ഒന്നും മിണ്ടാത്തേ ?
നിന്‍ തലയെന്തേ കുനിഞ്ഞു പോയി.. ?
Wednesday, 14 January 2009
"കുഞ്ഞു മനസ്സ് "

തിരികെ തരുമവന്‍ ദൈവമനസ്സ്....
കള്ളമോ ചതിയോ അവനറിയില്ല-
കണ്ണാടിപോലെയാമനസ്സ്!
മതവും ജാതിയും അവനറിയില്ല,
എല്ലാരും ഒന്നുപോലാ മനസ്സില്‍....
കുസൃതികള്‍ കാട്ടും, കുടുകുടെ ചിരിക്കും
തുള്ളിച്ചാടി നടക്കുമവന്‍
അടിപിടികൂടും, വിതുമ്പി കരയും,
കിട്ടിയതെല്ലാം എറിഞ്ഞുടക്കും!
വാരിയണച്ചാല്‍ മാറോടുചേര്‍ത്താല്‍
കുഞ്ഞിളം ചുണ്ടില്‍ ചിരി പടരും,
പിന്നേ കലപില കൂട്ടി ഓടിനടക്കും
കണ്ണാരം പൊത്തി കളിക്കും,
കൊച്ചു കൊച്ചു കാര്യം വിക്കി വിക്കി പറയും,
പാട്ടുകള്‍ പാടും ആ ഇളം മനസ്സ്
ഉറക്കം നടിക്കും, കണ്ണടച്ച് ചിരിക്കും ,
എല്ലാം അവനുടെ കുസൃതിക്കളി...
എന്നും അവനെന്റെ അരുമക്കിളി
അമൃതം ചൊരിയും എന്‍ കുസൃതികുട്ടി!
കുഞ്ഞു മനസ്സില്‍ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവ മനസ്സ് ...
Thursday, 25 December 2008
"മദ്യം വിഷമാണ് കുടുംബനാശിനിയാണു് "
പറഞ്ഞിട്ടെന്താകാര്യം അയാള്കിട്ടുന്നവരുമാനംമുക്കാല്‍പങ്കിലേറെയും മാസാവസാനം മദ്യവില്പനക്കാരന്റെ പോക്കറ്റിലെത്തിക്കും ഒരു ദിവസംപോലും ഇങ്ങേര്‍ക്ക് കുടിക്കാതെ പറ്റില്ലെന്നവസ്ഥ,കൂട്ടുകൂടി കുടിക്കാന്‍ താഴെകിടയിലുള്ള കുറേ കൂട്ടുകെട്ടും... .ഇക്കൂട്ടര്‍ ഇയാളുടെ അവസ്ഥ ശരിക്കുംമുതലെടുത്ത് കയ്യിലുള്ളക്കാശും കടമെന്നപേരില്‍തട്ടിയെടുക്കും. തലയിലെ ലഹരിവിടുമ്പോള്‍ കാശെങ്ങോട്ട്പ്പോയിയെന്ന ഓര്‍മ്മയുമുണ്ടാവില്ല.പിന്നെ വീട്ടു ചിലവിനും കുട്ടികളുടെ പഠിത്തത്തിനുംമറ്റുമായി ആ അമ്മയും മകന്റെ ഭാര്യയും ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു .
രാത്രിയായാല്‍ കുടിച്ചുവന്നിട്ടുള്ള ഇയാളുടെ ശല്യം, ഭാര്യയെവല്ലാതെ ദേഹോപദ്രവംചെയ്യും ,ഒച്ചവെച്ചാല്‍ വീട്ടുസാധനങ്ങളൊക്കെ എറിഞ്ഞുടക്കും.അമ്മയെ ഉപദ്രവിക്കുന്നതുകണ്ടു മകന്‍ തടയാന്‍ശ്രമിക്കുമ്പോള്‍ അവനേയുംഇടിച്ചു പുറത്താക്കി കതകടയ്ക്കും .മറ്റുവീട്ടുക്കാര്‍ ബഹളംകേട്ടുചെന്നാല്‍ അയാള്‍ വഴക്ക് പറഞ്ഞോടിക്കും .പിന്നീട് ബഹളം കേട്ടാല്‍ ആരുമടുക്കാറില്ല .എത്രയോ തവണ ഈ സ്ത്രീ തൊഴിസഹിക്കവയ്യാതെ അയാളുക്കാണാതെ ഒളിച്ചിരിക്കാന്‍ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയിട്ടുണ്ട്.അവരെന്നോട് പറയുമായിരുന്നു "വിജയ എന്നെങ്കിലും നിങ്ങള്‍ ന്യൂസ് പേപ്പറില്‍ വായിക്കും ____എന്നയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തുയെന്ന്"ആവാക്ക് എപ്പോഴും എന്റെ മനസ്സില്‍ വല്ലാത്തൊരു വേദനയായിരുന്നു .ഇവരേയും മക്കളെയും ഞങ്ങള്ക്ക് വലിയ ഇഷ്ട്ടമായിരുന്നു .തിരിച്ചവര്‍ക്കും... ഇവരുടെ മകള്‍ ഒരവസരം എന്നോട് പറയുകയുണ്ടായി " ആന്റി മറ്റു ക്വാട്ടേഴ്സിലുള്ള ആരെയും ഞാന്‍ മൈന്റ് ചെയ്യാറില്ല .അതുകൊണ്ട് ഞാന്‍ വലിയ അഹംങ്കാരിയാണെന്ന് പരക്കെ പറയുന്നുണ്ടെന്ന് ഞാനറിഞ്ഞു ..പക്ഷെ ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"എന്ന ആകുട്ടിയുടെചോദ്യം മനസ്സിനെ ഒത്തരി വേദനിപ്പിച്ചു.... പിന്നെ എന്റെ ഭര്‍ത്താവിനു സ്ഥലമാറ്റമായി.പിന്നീട് അവരുടെ കാര്യമൊന്നുമറിഞ്ഞിരുന്നില്ല.ഈ അടുത്ത കാലത്താണ് മറ്റൊരാള്‍ മുഖേനയറിയാന്‍കഴിഞ്ഞത് ആക്കുടുംബത്തിന്റെ ഇന്നത്തെയവസ്ഥ. "അയാള്‍ സര്‍വ്വീസിലിരിക്കെ മരണമടഞ്ഞുവെന്നും , ആ ജോലി മകനുകിട്ടിയെന്നും ,മകള്‍ക്ക് ജോലിയായി, വിവാഹം കഴിഞ്ഞു കുടുംബമായ് കഴിയുന്നു .. അയാളുടെ അമ്മയും മരണപ്പെട്ടു ..ഭാര്യ മകനോടൊപ്പം കഴിയുന്നു ... "ഈ വിവരം എന്നെ സന്തോഷിപ്പിക്കുന്നതോടൊപ്പം....അയാളെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു എല്ലാം അയാളുവരുത്തിവെച്ചതുതന്നെ.....
തല്‍ക്കാലം ഞാനിവിടെ നിര്‍ത്തട്ടെ ....ആര്ക്കെങ്കിലും ഈ പോസ്റ്റ് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക......
Tuesday, 23 December 2008
"ക്രിസ്തുമസ് പുതുവല്‍സരാശംസകള്‍!!!! "

ദിവ്യ നക്ഷത്രം ഉദിച്ചപ്പോലെ !
കന്യാമറിയത്തിന്‍ പൊന്നോമനയായ് ,
ലോകപിതാവിന്റെ കണ്മണിയായ്,
ഈവിശ്വത്തെ കാക്കാനായ് -
Monday, 8 December 2008
"സ്വാര്‍ത്ഥതയുടെനിഴല്‍"

കുഞ്ചനും കൂട്ടരും ഷാപ്പിലെത്തി.
ഷാപ്പിന്‍റെ കോണീലരണ്ട വെളിച്ചത്തില്‍
കുഞ്ചനും കൂട്ടരും നിരന്നിരുന്നു .
കള്ളിന്‍ കലങ്ങളുമായി ചന്ദനെത്തി -
ബെഞ്ചിന്മേല്‍ പതിവു പോല്‍ നിരത്തിവെച്ചു .
കള്ളിന്നു മേമ്പൊടി ചാളമത്തി
മൊളകിട്ടു വെച്ചത് തൊട്ടുകൂട്ടി.
കള്ളിന്‍ കലങ്ങളോ കാലിയായി ,
കുഞ്ചനും കൂട്ടരും ഫോമിലായി.
നാട്ടാരേം വീട്ടാരേം തെറിവിളിച്ചു-
കാണുന്നതൊക്കെയും തച്ചുടച്ചു ,
ചടുലനൃത്തങ്ങള്‍ക്ക് തുടക്കമിട്ടു.
തത്തിമി തകതിമി തെയ്യംതാര ...
തരികിട തരികിട തിത്തിത്താര ...
ഷാപ്പിനുടമയോ പൊറുതിമുട്ടി -
കാശിനായി പിന്നാലെ വട്ടമിട്ടു ,
കുഞ്ചനാ കൈകൊണ്ടൊന്നാഞ്ഞു വീശി -
ചന്ദനോ കൊഞ്ചന്‍ ചുരുണ്ട പോലായ് !
കുഞ്ചനും കൂട്ടരും ഷാപ്പ് വിട്ടു -
നാട്ടുവഴികളില്‍ പൂരപ്പാട്ടുയര്‍ന്നു ...
സ്ഥലകാലബോധവും നഷ്ടമായി-
തല്ലിപ്പിരിഞ്ഞു പോയ് കൂട്ടരേവം.
പിന്നെ ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി -
ധീരതയോടെ നടന്നു കുഞ്ചന്‍ .
ഇടത്തോട്ടു പോകുമ്പോള്‍ ,വലത്തോട്ട് നീങ്ങുന്ന-
പാദങ്ങള്‍ കുഞ്ചനു പാരയായി .
അടിതെറ്റി കുഞ്ചന്‍ നിലംപതിച്ചു-
ഉമ്മറപ്പടികളോ നീന്തിക്കേറി
പിടിവിട്ടു പിന്നെയും താഴെയെത്തി
ശബ്ദം കേട്ടോടിയണഞ്ഞു പത്നി
നെഞ്ചത്തടിച്ചൂ നിലവിളിച്ചു
കുഞ്ഞുങ്ങള്‍ ഞെട്ടീയുണര്ന്നെണീറ്റു
അന്തം വിട്ടങ്ങനെ നില്പുമായി
താങ്ങിപിടിച്ച് നിവര്‍ത്തി നിര്‍ത്തി
കൈതാങ്ങിട്ടൂ പിടിച്ചു, ആ ധര്‍മപത്നി
പതിയവേ അകത്തോട്ടാനയിച്ചു
തഴപ്പായില്‍ കൊണ്ടുമറിച്ചങ്ങിട്ടു
പിച്ചും പിരാന്തും പറഞ്ഞു കുഞ്ചന്‍
നല്ലമയക്കത്തിലേക്കങ്ങാണ്ടു പോയി .
തുടര്‍ക്കഥയിതെന്നും പതിവുപോലെ
കുഞ്ചന്റെ പെണ്ണിനോ സഹിയാതായി.
മക്കളെ തുരുതുരെ ഉമ്മവെച്ചൂ -
"പിന്നെ അവളാ സാഹസം കാട്ടിക്കൂട്ടി "
പൊന്‍മക്കളെ രണ്ടിനേം ചേര്‍ത്തുകെട്ടി -
മണ്ണെണ്ണ കൊണ്ടവള്‍ സ്നാനം ചെയ്തു ,
തീപ്പെട്ടി പതിയെയുരച്ചുകൊണ്ട് ,
സാരീടെ തുമ്പിനു തീ കൊളുത്തി .
മൂവരും അഗ്നിഗോളങ്ങളായി-
ആത്മാവോ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു ,
ശേഷിപ്പോ കരികോലങ്ങള്‍ മാത്രമായി .
കാലത്തുണര്‍ന്നെഴുന്നേറ്റു കുഞ്ചന്‍
ഉമ്മറക്കോലായ്യില്‍ പോയിരുന്നു ...
എന്തേ എന്‍ പെണ്ണ് പിണക്കമാണോ?
ഇത്തിരി ചായയോ തന്നതില്ല.
അടുക്കള വാതില്‍ക്കല്‍ ചെന്നു കുഞ്ചന്‍
അലറി കരഞ്ഞുപോയാക്കാഴ്ച്ച കണ്ട്!!
കുഞ്ചനു സമനില തെറ്റിപ്പോയി
ഇന്നും ചങ്ങല വലിച്ചിഴയുന്നു കുഞ്ചന്‍ !
Wednesday, 26 November 2008
"പുട്ട് കുട്ടന് "
ചട്ടുകാലന്‍ മൊട്ടേന്‍ .
കാലത്തെന്നും തട്ടിവിടാന്‍ ,
അരി പുട്ടുവേണം കുട്ടന് .
പുട്ട് വാങ്ങാന്‍ പട്ടണത്തില്‍ -
മൊട്ടേന്‍ കുട്ടന്‍ ചെന്നു .
എട്ടണക്ക് എട്ടുകണ്ടം -
പുട്ടുവാങ്ങി കുട്ടന്‍ .
പുട്ടിനൊപ്പം കൂട്ടിതട്ടാന്‍ -
കുട്ടിസ്രാവ് വെട്ടി വാങ്ങി,,
വീട്ടിലെത്തി കുട്ടന്‍ .
അട്ടിവെച്ച ചട്ടിയില്‍ -
നിന്നൊന്നെടുത്തു കുട്ടന്‍ .
കുട്ടി, സ്രാവിന്കണ്ടം ചട്ടീലിട്ടു-
ഉപ്പിട്ടുതേച്ച് ,പെരക്കികഴുകി കുട്ടന്‍ .
മുളകിട്ട് വെച്ചു കുട്ടിസ്രാവ് -
കൂട്ടാനാക്കി കുട്ടന്‍.
പുട്ടെടുത്തു കിണ്ണത്തിലിട്ടു -
സ്രാവിന്റെ കണ്ടം പൊടിച്ചും കൂട്ടി ,
പുട്ട്, തട്ടി വിട്ടു കുട്ടന്‍ .
പിന്നെ, ഒരോട്ടുമോന്ത-
കട്ടന്‍ചായ മോന്തിവിട്ടു കുട്ടന്‍.
എട്ടുവീട്ടില്‍ കുട്ടനൊരു തീറ്റപിരാന്തന്‍ മൊട്ടേന്‍
"പുട്ടുകുട്ടന്‍" എന്നവന് പേരുവന്നൂ നാട്ടില്‍ !!
Wednesday, 12 November 2008
"" അഭിവാദ്യങ്ങള്‍ ജയ് ജവാന്‍"" !!!!

യുദ്ധഭൂമിയില്‍ വെടിയുണ്ടകള്‍
പുക തുപ്പുന്ന നേരത്തെന്‍ ,
മനസ്സൊരു നിമിഷം പതറിപ്പോയതെന്തേ?
നെഞ്ചുവിരിച്ചു പൊരുതാന്‍ വിധിക്കപ്പെട്ട ജവാന്‍ !
നിറതോക്ക് കയ്യില്‍ പിടി മുറുകുന്നു,
കണ്‍കളങ്ങു ശത്രു പാളയത്തില്‍ ,
ഇടനെഞ്ചില്‍ വെടിയുണ്ടകള്‍ -
ചീറിപ്പതിക്കുമെന്ന വേവലാതി .
തന്‍ രക്ഷ,നാടിന്റെ രക്ഷകനായ്-
കര്‍മ്മചിത്തനായ് നിറതോക്കിലുന്നം പിടിച്ചു-
ശത്രൂപാളയത്തിലേക്കിഴഞ്ഞു മുന്നേറുന്ന ജവാന്‍ !
കാടും മേടും അരുവികളും താണ്ടി-
കടും പാറക്കൂട്ടങ്ങള്ക്കിടയിലൂടെ -
പൂ മെത്തയിലെന്ന പോലിഴഞ്ഞും,
വലിഞ്ഞു കയറിയും മുന്നേറുന്ന ജവാന്‍!
വിശപ്പും ദാഹവും സഹനത്തിന്റെ പരിയ്യായമായ്-
ദിന രാത്രങ്ങള്‍ മറികടക്കുന്ന ജവാന്‍ !!!
ജീവനോടെ തിരിച്ചെത്താമെന്ന-
മോഹം കൈയെത്താദൂരത്താ-
ണെന്നോര്‍ത്ത് വിതുമ്പിപോയ് .
ജവാനുള്ളിലായ് ഒരു പച്ചയായ മനുഷ്യനുണ്ടെന്ന -
തിരിച്ചറിവ് , ഓര്‍മ്മയില്‍ തെളിഞ്ഞൊരു മാത്രയില്‍ ,
കണ്കളീറനണിഞ്ഞൂ, മനസ്സില്‍ മന്ദിപ്പിന്റെ -
ഇരുള്‍നിറഞ്ഞ വേര്‍പാടിന്റെ വേദന ...
എന്താണെന്നറിയില്ല, എന്മനസ്സെങ്ങോ-
വിഭ്രാന്തിയാല്‍ വെമ്പി കുതിക്കുന്നു !!!
അങ്ങ് ദൂരെ നാട്ടിന്‍ പുറത്തൊരു -
കൊച്ചു വീടിന്റെ ഉമ്മറ കോലായില്‍ ,
പെറ്റമ്മതന്‍ നെഞ്ച്ചുട്ടുള്ളകാത്തിരിപ്പ് ...
പ്രിയതമന്റെ മുഖം മനസ്സില്‍ പ്രതിഷ്ഠിച്ചു -
രണ്ടുവരി കത്തിനായ് അഞ്ചല്‍ക്കാരന്റെ ,
വരവുംപ്രതീക്ഷിച്ചിരിപ്പുണ്ടൊരുകൊച്ചുപെണ്ണ്..
ഉടമ്പടി ജീവിതത്തിന്നൊരു മാസദൈര്‍ഘ്യം,
കണ്കുളിര്‍ക്കെ കണ്ടു കൊതി തീരാതെ....
യുദ്ധ ഭൂമിയിലെത്തിപ്പെടേണ്ടി വന്നവന്‍!!
മകന്റെ ,പ്രിയതമന്റെ, സമാധാന സന്ദേശം...
കാത്തിരിപ്പോര്‍ ..അങ്ങകലെ..അകലെ ..
അപ്രതീക്ഷിതം വീരമൃത്യൂ വരിച്ചെന്ന്-
കമ്പി സന്ദേശം ഹോ ദൈവമേ !!
അവര്‍തന്‍ സഹനം നീ നല്കും കൃപ !!
തന്‍നെഞ്ചിന്നിടിപ്പ് കണ്ണീരായുതിര്‍ന്നു-
വീണതറിയാതെ അടര്‍ക്കളത്തില്‍ പൊരുതി,
മുന്നേറ്റം മനസാവരിക്കുന്ന ജവാന്‍ !!!
""ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍"" !!!! കാര്‍ഗില്‍ യുദ്ധം നടക്കുന്ന അവസരം ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ "ഒരു ജവാന്റെ അവസ്ഥയും അദ്ദേഹഹത്തിന്റെ മനസ്സില്‍ മിന്നി മറയുന്ന ചിന്താഗതികളുമാണു്" കുത്തി കുറിച്ചത് . അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിരുന്നില്ല ,അതിനാലിപ്പോളിതു ജവാന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ....
Friday, 7 November 2008
"അയലത്തെ ഉണ്ണി"

ഓമനയാം പൊന്നുണ്ണി.
കാലേ ഉണര്ന്നെഴുന്നേല്ക്കും
ഓടീ നടന്നു കളിക്കും....
എന്‍ പൂമുഖ വാതില്‍ തുറന്നാല്‍
കണിയായ് യെന്മുന്നിലെത്തും.!
വാരിയണച്ചുമ്മ വെച്ചാല്-
വട്ടംപിടിച്ചെന്നെ ചുറ്റും...
കുസൃതികളൊട്ടൊക്കെ കാട്ടും
പുന്നാര മുത്താണെന്നുണ്ണി..
നുണക്കുഴി കാട്ടിച്ചിരിക്കും-
അമ്മൂമ്മേ യെന്നു വിളിക്കും...
അഞ്ചു്, രണ്ടെന്നും പറഞ്ഞൂ
യെണ്ണം പഠിപ്പിക്കുംമെന്നെ ....
ആരാലും വാത്സല്യം തോന്നും
പൊന്നോമനയാണെന്നുണ്ണി"!!!!!!
"ഈ അയലത്തെ ഉണ്ണി സാങ്കല്പികമല്ല .ഏഴുവര്‍ഷം മുന്‍പ് തളിപ്പറമ്പ് പാലകുളങ്ങര "അയ്യപ്പസ്വാമി ക്ഷേത്റത്തിനടുത്ത് "എനിക്കും മോനും താമസിക്കേണ്ടി വന്നു ,മോന്റെ ജോലി സംബന്ധമായ് .മനസില്ലാമനസ്സോടെ എന്റെ സ്വന്തം വീട് വിട്ടു താമസിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ദുഖകരമായിരുന്നു .മകനാണെങ്കില്‍ എന്നെ വീട്ടില്‍ തനിച്ചാക്കി പോകാനുള്ള മനപ്രയാസം .(കാരണം യെന്റെ യെല്ലാമായിരുന്ന ഹസ്ബന്റ് ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടേണ്ടായിരുന്നുള്ളു.) അന്ന് മക്കള്രണ്ടുപേരുടേയും വിവാഹം കഴിഞ്ഞിരുന്നില്ല .മകള്‍ ബാഗ്ലൂരില്‍ജോലി ചെയ്യുന്നതിനാല്‍ അവള്‍ക്കും നാട്ടില്‍ എന്റെക്കുടെ താമസിക്കാന്‍ പറ്റില്ലായിരുന്നു.പിന്നെ മോനെ വിഷമിപ്പിക്കേണ്ടാ എന്നുകരുതി തളിപ്പറമ്പിലേക്ക് താമസംമാറി . അവിടുത്തെ താമസം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍വരുത്തി,എന്റെദുഖങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലി അവിടെകിട്ടി .ഞങ്ങളുടെ അടുത്ത വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുകാരന്‍കൊച്ചുവാവ സന്ദീപ് ഞങ്ങളുടെ"ക്കുഞ്ചു".ഈ കുഞ്ഞുമായ് ഞാന്‍ വല്ലാതങ്ങടുത്തു. അവന്റെ എല്ലാകാര്യങ്ങള്‍ക്കും ഞാന്മതി .എനിക്കവനേയൂം അവനെന്നേയൂം അത്രയ്ക്കിഷ്ട്ടായിരുന്നു .അവനിലൂടെ എന്റെ ദുഖങ്ങള്‍ഒരു പരിധി വരെ മറക്കാന്പ്പറ്റി. കാലക്രമേണ ഞാനവന്റെ " വിജയേച്ചിഅമ്മമ്മയായ് "മാറി ,എന്റെമോന്‍ അവന്റെ മാമനും .ഈ സാഹചരിയത്തിലാണ് ഞാനീ ചെറു കവിത ,അവനെക്കൊണ്ട് അവന്റെ ദിനചര്യകളെ ക്കൊണ്ട് ,എഴുതിയത് . ഒരുപാടു അക്ഷര തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ ?ഒന്ന്എഡിറ്റ് ചെയ്യാന്ശ്രമിക്കുമ്പോള്‍ ടൈപ്പ്ചെയ്ത മറ്റുപലവേര്‍ഡ്സും മാറിപോകുന്നു.കൂടുതലിരുന്നു ചെയ്യാന്‍ അസുഖം അനുവദിക്കുന്നില്ല.
Tuesday, 28 October 2008
"എന്നിലെ നീ"

തന്നീലൊതുങ്ങുന്നു ,
യെന്തും തിരുമൊഴിക്കുള്ളില്‍ വിരിയുന്നു
എന്‍ മനസ്സിലെ അന്ധത
എന്നിലെ 'നിന്നേ' അറിയാതെ
വല്ലാതെയെന്നെ
അഹംങ്കാരിയാക്കിയോ ?
എന്നിലെ 'നിന്നെ' ഞാന്‍
കണ്ടെത്തീടാന്‍ വൈകിയോ ?
ഒന്നും അറിയാത്തോരിളം
പൈതലാണു ഞാന്‍
നിന്നിലേ എന്നെ
നീ കൈവിട്ടു പോവല്ലേ ....
ഒരിളം തെന്നല്‍ പോല്‍
ഞാന്‍ നിന്നില്‍ ലയിച്ചോട്ടെ ...
നിന്‍ കൈകളില്‍
ഞാന്‍ വെറും കളിപ്പാവയല്ലയോ ?
എല്ലാം നിന്‍ മായയോ
,കണ്‍കെട്ട് വിദ്യയോ?
സമസ്താപരാധവും പൊറുത്തെന്നും
നിന്‍ പാദാരവിന്ദത്തിലിടംതരികില്ലയോ?
Tuesday, 21 October 2008
വീണ്ടും ഒരു വര്‍ഷകാലം...

മരമാക്രി നീട്ടി നീട്ടി കരഞ്ഞൂ
അങ്ങാകാശകീറിലാദിത്യന്‍ പതിയവേ
കരിമുകില്‍ കാട്ടിലൊളിച്ചിരുന്നു
മിന്നല്‍ പിണരുകള്‍ ചീറിജ്വലിച്ചൂ
വെള്ളിടി വെട്ടം തിളങ്ങി മറഞ്ഞു
ആകാശ ഗംഗയോ ഞെട്ടി വിറച്ചു !
കണ്ണീര്‍ മഴയായ് പൊഴിച്ചു
പക്ഷിമൃഗാധികള്‍ കലപില കൂട്ടി
പാര്‍പ്പിടം തേടി ഗമിച്ചു
മാരുതന്‍ തലയൊന്നു നീട്ടി
ഭൂമിയില്‍ ചുറ്റിതിരിഞ്ഞൊന്നു നോക്കി
വൃക്ഷലതാദികള്‍ കയ്യിലേന്തി
കറക്കി തിരിച്ചു വലിച്ചെറിഞ്ഞു
ഭൂമിദേവിക്കു വേദനിച്ചൂ
വിങ്ങിഞ്ഞെരുങ്ങീ ഭൂമി ദേവി
മലയും മരങ്ങളും നിലംപതിച്ചു
ഭൂമി തന്‍ നെഞ്ചകം തുണ്ടമായി
ഗംഗതന്‍ കണ്ണീരില്‍
താഴോട്ടോഴുകീ ഉരുള്പ്പൊട്ടലായ്
ഒരുപിടി സ്വപ്നവും കുടിലും സര്‍വസ്വവും
മലയോര മക്കള്‍ക്ക് സ്വന്തമല്ലാതായ്
എല്ലാം പ്രകൃതി തന്‍ താണ്ഢവത്താല്‍.
Thursday, 9 October 2008
ഒരു അമ്മൂമ്മ താരാട്ട്
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്‍റെ പൊന്നു മോനല്ലേ....(2 )
കണ്ണാ കണ്ണാ കുസൃതികുടുക്കേ നിന്‍-
കളളചിരിയാല്‍് മയക്കീടാതെന്നെ.(2 )
കണ്ണും പൂട്ടീയുറങ്ങെന്‍റെ കിച്ചൂ,
മുത്തേ....നീയെന്റെ കുഞ്ഞാവയല്ലേ...2
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്റെ പൊന്നുമോനല്ലേ.2
കൂട്ടില്ല കൂട്ടില്ല നിന്നോടു ഞാനിന്ന്-
കളള ഉറക്കം നടിക്കാതെന്‍് കിച്ചൂ...2
അമ്പിളി മാമനെ കാട്ടിത്തരാം ഞാന്‍,
കുഞ്ഞിളം കവിളിലൊരുമ്മ നല്കീടാം .2
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്‍റെ കണ്‍മണിയല്ലേ...2
അമ്മൂമ്മ താരാട്ട് പാടിയുറക്കാം -
കൈവിരലുണ്ടൂ മയങ്ങെന്‍റെ വാവേ...2
കുഞ്ഞി കൈകളില്‍ കരി വള നല്‍കാം
കുഞ്ഞി കാല്‍ രണ്ടിലും കാല്‍ തള നല്‍കാം 2
തപ്പോ തപ്പോ കൈകൊട്ടി കളിക്കാന്‍-
വാവേ നീയൊന്നുറങ്ങീയുണരൂ....2
വാവോ വാവോ പാടീയുറക്കാം ഞാന്‍-
വാവേ നീയെന്റെ പൊന്നുമോനല്ലേ...2
രാരീ രാരീരം രാരീരം രാരോ....
മുത്തേ നീയെന്റെ കുഞ്ഞാവയല്ലേ..
Friday, 3 October 2008
അദൃശ്യകാമുകന്‍!

മന്മദനാക്കീയോരാ നിമിഷം
ചൂളംവിളിച്ച്കുസൃതി കാട്ടി ഞാന്‍-
നിന്‍ ചാരത്തണഞ്ഞു...
നിന്നെ പുണരാന്‍,
തൊട്ടുണര്‍ത്താന്‍ -
തേടിയെത്തീ നിന്നരികില്‍,
ചുറ്റും വലംവെച്ചു-
ഞാനാ ഇളം ചുണ്ടില്‍,
മൃദുചുംബനം നല്കിയോരാനിമിഷം
നീ തരളിതയായി, പുളകിതയായി
വികാരഭരിതയായ്
നീ വിരിയുകയായ് ഒരു നവസുന്ദരിയായ്!
നിന്‍ കവിളിണ ചെംചായം പൂശീ-
ഉദയ സൂര്യനെപോല്‍
നിന്‍ സുഗന്ധമെന്നില്‍
ലയിപ്പിച്ചതാം എന്‍,
സുന്ദരീ റോസാപൂവേ
ഞാന്‍ മന്ദമായ് വീശി
ചൂളംവിളിച്ച് വീണ്ടും ലയിച്ചിടാം
മറ്റൊരു സുന്ദരിപൂവില്‍....
Friday, 26 September 2008
"അമ്മയ്ക്ക് മക്കളുടെ പ്രണാമം "...........
Saturday, 20 September 2008
ഒരു ദുഃസ്വപ്നം

കണ്ടൂ ഞാനെല്ലാം കണ്ടു-
ക്ഷീണിച്ചു മയങ്ങിയോരാ നിമിഷം
ഒരു ദുഃസ്വപ്നമായ് യെന്‍ കണ്‍കളില്‍
ദൂരദര്‍ശനില്‍ കണ്ടൊരാ കാഴ്ച്ച....
ഞാനാണാദൃക്സാക്ഷി യെന്നു,
മഃനസ്സെന്നോടു മൊഴിഞ്ഞു.
ഓടിവരുന്നിതാ നാലഞ്ചു പേര്‍-
കൈകളില്‍ ഇടിക്കട്ട,വടിവാള്‍,കുറുവടി
മുന്നിലായ് ഓടികുഴഞ്ഞു
വീഴുന്നിതാ ഒരുവന്‍
അടുത്തെത്തിയോരവനെ വെട്ടീ-
തലങ്ങും വിലങ്ങുമായ്...
വെട്ടിനുറക്കി തുണ്ടമാക്കിയവര്‍
അയ്യോ....തലവേറിട്ടുടലു-
പിടയുന്നതു കണ്ടൂ -
ഞാനോ, ഭയന്നു വിറച്ചോടിയകന്നു!
ഓടയില്‍ വീണു സ്ഥലകാല-
ബോധമകന്നു പോയി....
ഉണര്‍വിന്‍ തുടിപ്പിലെന്നരികിലായ്
നിയമപാലകര്‍ ,
കണ്ണുകള്‍ തുറക്കുന്നതും കാത്ത്-
എന്‍ മൊഴികള്‍ കേള്‍ക്കാനായി,
തലങ്ങുംവിലങ്ങും ചോദ്യങ്ങള്‍:
'നീകണ്ടുവോ ആരിവനെ
കാലപുരിയിലേക്കാനയിച്ചൂ'-
'ഇല്ല, കണ്ടില്ല ഞാന്‍,
ആരെന്നറിയില്ലെനിക്ക് .....
യെന്‍മനസ്സെന്നോടു ചൊല്ലി-
' ഇല്ല നിന്‍ കണ്‍കളൊന്നും കണ്ടില്ല,
നിന്‍ കാതുകളവന്‍റെ രോദനംകേട്ടില്ല....
കണ്ടതെല്ലാം കണ്ടില്ലെന്നു നടിക്കണം നീ,
കണ്ടെന്നു പറഞ്ഞാലോ....വേണ്ടാ
അധോഗതി, പിന്നെ കുടുംബം
എല്ലാം ഒരോര്‍മ്മ മാത്രം.....
കണ്‍കളേ മാപ്പു
നിങ്ങളൊന്നും കണ്ടില്ലാ,
ഇനിയൊന്നും കാണാനും പാടില്ല....
മനോവിഭ്രാന്തിയാല്‍, അലറി കരഞ്ഞൂ ഞാന്‍....
ആരുമെന്‍ ശബ്ദം കേട്ടില്ല....
ഗുഹക്കുളളിലകപ്പെട്ടപോല്‍,
നെഞ്ചകം ബാന്‍റ്മേളം മുഴക്കിയോരാ നിമിഷം-
ഞെട്ടിയുണര്‍ന്നൂ ഞാന്‍,
കണ്ടതെല്ലാം ഒരുദുഃസ്വപ്നം....
മനസ്സേ ശാന്തമാകൂ നീ .....
ശാന്തമാകൂ ....
(Picture Courtesy:Sulamith Wolfing)
Wednesday, 10 September 2008
ഓണാശംസകള്‍

നമ്മള്‍ ഏവരുടേയും ഒരുപ്രധാന ആഘോഷമായിരുന്നല്ലോ,(ആഘോഷമാണല്ലോ ? )ചിങ്ങമാസത്തിലെ "പൊന്നുംതിരുവോണം" .ഇന്നത്തെ ഓണത്തിനെ ഒരു തരം "മോഡേണ്‍ ഓണം"എന്ന് വിളിക്കാമെന്നു തോന്നുന്നു... .പുവിളിയില്ല, പൂക്കൊട്ടകളില്ല ,പറമ്പ് തോറും കയറിയിറങ്ങിയുള്ള പൂ പറിക്കലൊക്കെ പഴഞ്ചന്‍ രീതികളോ ഇന്നലെയുടെ ഓര്‍മ്മകുറിപ്പുകളോ മാത്രമായി മാറിക്കഴിഞ്ഞു.ഞങ്ങളുടെ കുട്ടിക്കാലമൊക്കെ വളരെ രസകരമായിരുന്നു.പൂകൊട്ടകള്‍ നാടകെട്ടി കഴുത്തില്‍തൂക്കിയിട്ട്, ഏട്ടന്മാരുടെകൂടെ, പൂപറിക്കാന്‍പാടത്തും,പറമ്പുകളിലും മറ്റും പോകുമായിരുന്നു.ഒരുപാടു കൂട്ടുകാരുമായുള്ള പൂപറിക്കല്‍ ഒത്തിരി രസകരമായിരുന്നു."ഓര്‍മയില്‍ ആ കുട്ടിക്കാലം തെളിയുമ്പോള്‍ ................എന്താ പറയുക ...
ഇന്നത്തെ ഓണം ഓണബോണസും ,ഓണം ബമ്പറും, പൂക്കള മല്‍സരങ്ങളും ,ടിവിപ്രോഗ്രാമും , മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്നു... മേമ്പൊടിയായി ഒരു ചെറു സദ്യയും കൂടി ആയാല്‍ മലയാളിയുടെ ഓണം ഉഷാറായി! പൂക്കളത്തിനുവേണ്ട പൂക്കള്‍ ഇന്നു കടകളില്‍നിന്ന് കിലോകണക്കിനു വാങ്ങുകയാണ്.ഓണക്കാലം ആവുമ്പോഴേക്കും തമിഴ്നാട്ടില്‍നിന്നും ,ആന്ത്രയില്‍ നിന്നും മറ്റും കേരളത്തിലേക്ക് പ്രയാണം തുടങ്ങുകയായി.റോഡരികില്‍ എവിടെ തിരിഞ്ഞാലും പൂക്കച്ചവടക്കരുടെ തിരക്ക് .....പൂക്കച്ചവടക്കാരില്‍ നിന്നും വാങ്ങുന്ന പൂക്കളുമായി ഇന്നത്തെ മക്കള്‍ പൂക്കളം ചമയ്ക്കുന്നു .ഇന്നു കേരളത്തില്‍ ഉള്ളവരേക്കാള്‍ ഗംഭീരമായി പൂക്കളങ്ങളും ഓണസദ്യയും ആഘോഷങ്ങളും നടത്തുന്നത് ഒരു പക്ഷെ വിദേശത്തുള്ള മലയാളികളും ,മലയാളി സമാജങ്ങളും ആണെന്ന് തോന്നുന്നു. ഗൃഹാതുരത്തിന്റെ നറും ഓര്‍മ്മകള്‍ വിതറും ഒരു കൂട്ടായ്മയാണ് മിക്ക മറുനാടന്‍ മലയാളിക്കും ഈ ആഘോഷങ്ങള്‍ എന്നും ....
കേരളമെന്നു കേട്ടാല്‍
കോരിത്തരിക്കും നമ്മള്‍...
എന്നും പതിനെട്ടിവള്‍ക്ക്
സുന്ദരി ,കേരള പെണ്ണിവള്‍ !
കേരവൃക്ഷങ്ങളും
മറ്റുപലതരം വൃക്ഷങ്ങളും
കയ്യോടുകയ്യും ചേര്‍ത്തു
കുമ്മി കളിയാടുന്നിവള്‍
കണ്ണിന്നു കുളിരേകും
മരതക പട്ടും ചുറ്റി
വജ്ര പതക്കം തീര്‍ത്തു
സാഗര തിരമാലകള്‍ !
കാല്ക്കൊലുസ്സണീയിച്ചൂ
പുഴകള്‍ പാടങ്ങളും !
കുന്നില്‍ ചെരിവുകളില്‍
മേഞ്ഞിടും നാല്‍ക്കാലികള്‍
കാലി്ക്കോല്‍ കയ്യിലേന്തി
കാലിചെറുക്കന്‍മാരും
ഇവള്‍ തന്‍ കൂട്ടാരല്ലേ-
കണ്ടീടാന്‍ എന്ത് ഭംഗി!
ഇവള്‍ നമ്മള്‍ തന്‍ കേരള പെണ്ണ് !
നാഗങ്ങള്‍ ഇഴഞ്ഞാടും നാഗക്കെട്ടുകളും
നല്ല ഈണത്തില്‍ പാടീടാനായ്
പുള്ളുവന്‍ പാട്ടുകളും വടക്കന്‍ പാട്ടുകളും.....
കേരള പെണ്ണേ നീ യിന്നെത്രയോ മനോഹരി !
ചിങ്ങത്തിലത്തം വന്നാല്‍ പത്തു നാള്‍ ഉല്സവമായ്
അത്തം നാള്‍ തൊട്ടു നമ്മള്‍ പൂക്കളം ചമയ്ക്കലായ്
പൂക്കൊട്ട കയ്യിലേന്തി പാടത്തും പറമ്പിലും
തോട്ടിന്‍ കരയിലും പാടയോരങ്ങളിലും
പൂക്കളെ തേടി നമ്മള്‍ ഓടി നടന്നതല്ലേ ....
പൂക്കളം ചമയ്ക്കാനായി
പലനിറം പൂക്കള്‍ വേണം -
തുമ്പപ്പൂ, കാക്കപ്പൂവ്, തോരണി, അയിരാനി,
പുല്ലരി, കോളാമ്പിപ്പൂ പൂക്കളോ പലതരം !
ഇങ്ങനെ പത്തുനാളും പൂവിളി കേട്ടുണരാം....
പത്താം നാള്‍ പൊന്നോണമായ്,
പുത്തന്‍ ഉടുപ്പണിഞ്ഞു പൂക്കളം ചമയിച്ചു
മാവേലി മന്നന്‍ തന്റെ വരവിനായ്, കാത്തിരിപ്പൂ നമ്മള്‍
നല്ലൊരു സദ്യ ഊട്ടും പിന്നെ കുമ്മിയാട്ടവുമായാല്‍ .....
കേരള പ്പെണ്ണേ നീയന്നെത്രയോ ഭാഗ്യവതി !
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇന്നാകട്ടെപൂക്കളങ്ങള്‍ പോലുംഇല്ലാതായി
ഇന്നു പൂക്കളമത്സരങ്ങളും സമ്മാനദാനച്ചടങ്ങുകളും
മാവേലിമന്നനാകട്ടെ അമ്മൂമ്മ കഥയായി.........
engilum keralamennu kettaal....
Monday, 25 August 2008
സുനാമി

എന്തേ നീയിങ്ങനെ കോപിച്ചമ്മേ?
Saturday, 23 August 2008
അമ്മൂമ്മയുടെ ഓര്‍മ്മകള്‍

Monday, 11 August 2008
ഓര്‍മ്മയിലൊരു ജൂലൈ
ജുലായ് ഒന്ന് " വന്നണഞ്ഞീടുമ്പോള്എന് നഷ്ടവസന്തത്തെയോര്ത്തു വിതുമ്പുന്നു
ഞങ്ങള്‍ തന്‍ സന്തോഷം തല്ലിതകര്‍ത്തൊരാ
ദുര്‍വിധി , ഇന്നോര്ക്കുമ്പോള്‍
ഞെട്ടി വിറക്കുന്നു ...
ആ വെള്ള പുതച്ച കിടപ്പോ സഹിക്കില്ല
പുഞ്ചിരിച്ചുള്ള ഉറക്കം മറക്കില്ല
മക്കള്‍ തന്‍ പ്പൊട്ടികരച്ചിലും കേട്ടില്ല
എന്‍ നെഞ്ചിടം പൊട്ടി തകര്‍ന്നതും കേട്ടില്ല
എത്ര വിളിച്ചിട്ടും കണ്കള്‍ തുറന്നില്ല
അന്ത്യ ഉറക്കത്തിലാണ്ടു കിടന്നങ്ങ്
ഒരു പാട് സങ്കടം ഞങ്ങള്ക്കു നല്കിയ
ജുലായ് മാസം വീണ്ടും പിറക്കുന്നു......
Sunday, 10 August 2008
എന്തേയിതിങ്ങനെ.....
എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ ,ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കേവലം നാലുവയസ്സു തികയാത്ത ,
മുലപ്പാല്‍ മണം പോലും മാറാത്ത കുഞ്ഞിനെ
കശ്മലന്‍ കാമപ്പിശചിന്‍ കൈകള്‍
കശക്കിയെറിഞ്ഞൊരാ പിഞ്ചോമന മുഖം......
എന്തേയിതിങ്ങനെ, കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കാമവെറി പൂണ്ട കാട്ടാളന്മാരുടെ
കൂത്താട്ടം കണ്ടു മടുത്തതല്ലേ ഈ നാട് ....
എന്തു പിഴച്ചു ഈ പിഞ്ചു പൊടിക്കുഞ്ഞ്?
എന്തേ ഈ വിധി വന്നിതെന്‍ ദൈവമേ !
മനുഷ്യ മൃഗത്തിന്റെ പൈശാചിക താണ്ടവം-
ആടിത്തിമര്‍ത്തു കശക്കിയെറിഞ്ഞൊരാ
പിഞ്ചിളം മേനിയോ കണ്ടാല്‍ ഭയാനകം...
കുഞ്ഞിളം ചുണ്ടുകള്‍ വീര്‍ത്തു പൊട്ടിയൊലിച്ചയ്യോ
കണ്ണുകള്‍ തള്ളി വികൃതമായോരാ മുഖം !
കണ്ടീലയോ നിങ്ങള്‍ , എങ്ങിനെ മറക്കും നാം .....
പെണ്ണായി പിറന്നതോ ദൈവമേ,
ഈ പൊടിക്കുഞ്ഞിനു ശാപമായി വന്നത്?
എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ .....
Friday, 8 August 2008
ഫ്ലൂ

സൂചിയാല്‍ കുത്തും പോലെ, കേശാദിപാദം വരെ....
കിടക്കാനും പറ്റുന്നില്ല, ഇരുന്നീടാനും വയ്യാ,
എങ്ങിനെ സഹിച്ചീടും വയ്യെന്‍റെ ഭഗവാനെ !
ശരീരമാസകലം കുളിരാല്‍ വിറക്കുന്നു.
തലയോ പൊട്ടും പോലെ, വേദന സഹിയാതെ,
തലയില്‍ തോര്‍ത്തിനാലെ നല്ലൊരു കെട്ടും കെട്ടി,
കണ്‍കളില്‍ മുളകുചാലിച്ചു തേച്ചത് പോലെ,
കണ്ണുനീര്‍ കുടു കൂടെ ഒഴുകീടുന്നു, വയ്യാ...
നാസിക തന്നില്‍ നിന്നും പൊട്ടിയ പൈപ്പ് പോലെ,
ചുടുനീര്‍ ചാലുകള്‍ നിലയ്ക്കാതൊഴുകുന്നു!
വായയോ, കാഞ്ഞിരത്തിന്‍ കായ തിന്നത് പോലെ,
ഭക്ഷണമൊന്നും തന്നെ കഴിക്കാന്‍ പറ്റുന്നില്ല ...
നിദ്രയെന്നരികിലേക്കടുക്കുന്നതേയില്ലാ...
പരവേശത്താല്‍ ഞാനോ വല്ലാതെ വലഞ്ഞല്ലോ!
വൈദ്യന്‍റെ മരുന്നയ്യോ, ഫലിക്കുന്നതുമില്ല...
പനി തന്‍ കാഠിന്യത്താല്‍ വല്ലാതെ തളരുന്നൂ ,
എന്തു ചെയ്യേണ്ടൂവെന്നതൊരു രൂപവുമില്ല..
ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവേ പോലെ,
ഇത്രയുമസഹ്യമാം രോഗത്തിന്‍ നാമധേയം
ഫ്ലൂവെന്നു സ്നേഹത്തോടെ വിളിച്ചീടുന്നു ജനം!
Tuesday, 29 July 2008
സമര്‍പ്പണം

കാരുണ്യമൂര്‍ത്തേ ജഗദീശ്വരാ,
കണ്ടൂവണങ്ങി സ്തുതിപാടീടാന്‍
എന്നും കരുണ നീ ചൊരിയണേ ഉണ്ണിക്കണ്ണാ ....
പുലര്‍കാലേ ഭഗവാന്‍റെ വാകച്ചാര്‍ത്ത്,
അഭിഷേകാദികള്‍ കണ്ടുതൊഴാന്‍
എന്‍ കണ്ണിന്നു കാഴ്ച നീ നല്കീടണേ,
എന്നും കണിയായ്,എന്നില്‍ നിറഞ്ഞീടണേ....
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ചുറ്റും വലം വെച്ചു കുമ്പീടുവാന്‍
എന്നില്‍ പാദഭലം നീ തന്നീടണേ....
സ്മരണയിലെന്നും പുലര്‍കാലേ,
എന്‍ അമ്പാടികണ്ണനായ് നിന്നീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ഭക്ത സഹസ്രം നിറയും നിന്‍റെ
ഭൂലോകവൈകുണ്ഠം തന്നില്‍ നിത്യം,
ഓടിനടന്നു കളിക്കും നിന്‍റെ -
ദര്‍ശന സൌഭാഗ്യം തേടിയെത്തീ-
തീരാത്തദുഃഖത്തിന്‍ ഭാണ്ഢവും പേറി,
നിന്‍ തിരുമുമ്പില്‍ വന്നു ഞാന്‍ നിന്നു ....
ഭാണ്ഢത്തിനുള്ളു തുറന്നൂ കണ്ണാ ,
നിന്‍ തൃപ്പടി തന്നില്‍ നിരത്തി വെച്ചു.....
മറ്റൊന്നും നേദിക്കാന്‍ വെച്ചില്ല ഞാന്‍
എന്‍ അമ്പാടി കണ്ണാ ക്ഷമിച്ചീടണേ....
ദുഖത്തിന്‍ കൈപ്പുനീര്‍ നീക്കിയെന്‍റെ-
ഹൃത്തില്‍ ഓംകാര മന്ത്രം നിറച്ചീടണേ.....
അവിടുന്നൊരുപിടി മഞ്ചാടി വാരിക്കോട്ടേ കണ്ണാ,
ഇത്തിരി പുണ്യം ഞാന്‍ നേടിക്കോട്ടേ....
ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ,
കല്യാണ കീര്‍ത്തേ ജഗദീശ്വരാ,
എന്‍ ഹൃത്തിലെന്നും വസിച്ചീടണേ ....
നേര്‍വഴിക്കെന്നേ നടത്തീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ .....
വ്യഥ
എന്തു ഞാന്‍ പറയേണ്ടൂ,Monday, 14 July 2008
ചില്ല് പാത്രം
പൊട്ടിപ്പൊളിഞ്ഞൊരു ചില്ലുപാത്രമായ് തീര്‍ന്നൂ ഞാന്‍-
പെറുക്കി കൂട്ടിയൊട്ടിച്ചു വെക്കാന്‍
ശ്രമിക്കുന്നു , ശ്രമം തുടരുന്നു ,കൈകള്‍ തളരുന്നു ...
രക്തം ചിന്തിയ കൈകളാല്‍, കണ്കളാല്‍
തിരയുന്നു ഞാന്‍.... തെറിച്ചു പോയോരെന്‍
ചില്ല് കഷണത്തിനായ്
തപ്പിത്തടഞ്ഞു ഞാന്‍
ദിനരാത്രങ്ങള്‍ തോറും....
കണ്ടീല, കണ്ടുകിട്ടിയില്ലെനിക്ക്
എന്‍ ജീവിതമാം ചില്ല് കഷണം
എങ്കിലും കണ്ടൂ ഞാനാചില്ലുകഷണം
അങ്ങാകാശ കോണില്‍
ഒരു കൊച്ചുനക്ഷത്രമായ് ജ്വലിപ്പൂ !
ഇന്നും എന്‍ ചില്ല് കഷണത്തിനായ്
നക്ഷത്രകൂട്ടത്തില്‍ തിരയുന്നു ഞാന്‍!
©vijayalakshmi nair,14July2008
Friday, 11 July 2008
കവി

കുത്തികുറിക്കാന്‍ എനിക്കൊരു മോഹം….
©vijayalakshmi nair,11July2008
വിഘ്നങ്ങള്‍ തീര്‍ക്കണേ വിഘ്നേശ്വരാ...
ഗജാനനാ ഗണപതീദേവാ..ഗര്‍ത്തങ്ങള്‍ താണ്ടാന്‍ തുണയേകണേ
കര്‍മ്മത്തില്‍ വിഘ്നങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
കേണുവിളിക്കുന്നു നിന്നെ മാത്രം
വിഘ്നങ്ങള്‍ നീക്കി നീ കാത്തുരക്ഷിക്കണേ..
വിഘ്നേശ്വരാ നമോ ഗണനായക…(ഗജാനന..)
ശിവശക്തിമാരുടെ പൊന്മകനേ
ആറുമുഖന്‍ സോദരാ ശ്രീ ഗണേശ..
അമ്പിളിമാമനു ശാപം കൊടുത്തൊരു
കുടവയറാ എന്‍ ഗണപതിദേവാ..
പര്‍വ്വത പുത്രിക്ക് നാരദന്‍ നല്കിയ
ദിവ്യഫലത്തിനു മോഹിച്ചു നീ..
ശിവശക്തിമാരേ പ്രദക്ഷിണം ചെയ്തങ്ങു
ദിവ്യഫലത്തേ ഭുജിച്ച ദേവാ…(ഗജാനന…)
ഭക്ഷണപ്രിയനാം പാര്‍വ്വതി തനയാ
ഭക്തരില്‍ വാല്‍സല്യം ചൊരിയുന്നൂ നീ
നിന്മുന്നില്‍ തേങ്ങയുടച്ചു ഞങ്ങള്‍
കാലദോഷത്തെ നീക്കീടാനായ്
വൈരാഗി മകനേ ഏകദന്താ എന്നും
നിന്‍ പാദം തേടിയണയുന്നു ഞങ്ങള്‍
തിന്മയകററി എന്‍ മാനസത്തേ നിന്‍
പാദപത്മ്ത്തില്‍ ചേര്‍ത്തീടണേ ..(ഗജാനന ...
©vijayalakshmi nair,11July2008
Tuesday, 8 July 2008
വള്ളിക്കാവിലെ തിരുദര്‍ശനം

കാരുണ്യതിടംബാകും ജനനീമാതാവേ നീ
അംബികേ, അമൃതേശ്വരീ, കാളികേ, മൂകാംബികേ
രക്ഷകീ വള്ളിക്കാവില്‍ വിളങ്ങും കാര്‍ത്തിയായിനി
എത്രയോ അലഞ്ഞു ഞാന്‍ വലഞ്ഞു നിന്നെ തേടി
അമ്മ തന്‍ ആലിംഗന സൌഭാഗ്യം നുകരാനായ് ( കാണേണമെനിക്കെന്നും...)
കനിവിന്‍ പൊരുളായ കാവിലമ്മയെ തേടി
അമൃതപുരിതന്നിലമരും ദേവിയെ തേടി
കായലോളങ്ങള്‍ മീതേ അമ്മാനത്തോണിയേറി
അമ്മതന്‍ ദിവ്യഭൂമി തന്നിലേയ്ക്കണഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയെന്‍ ദേഹവും വിറപൂണ്ട
പാദങ്ങളറിയാതെ മണ്ടീ ഞാനമ്മതന്‍ തിരുമുന്നില്‍
കണ്ടുഞാനെന്നമ്മയേ, ശാന്തയാം ജഗദംബയെ
ശുഭ്രവസ്ത്രാംബരീ , യോഗിനീ മാതാവിനെ
ആനന്ദഭാരത്താലെന്‍ കണ്ണുനീര്‍ പൂക്കള്‍ കൊണ്ടു
അമ്മതന്‍ പാദങ്ങളിലര്‍ച്ചന നടത്തീഞാന്‍ ( കാണേണമെനിക്കെന്നും...)
അലിഞ്ഞൂ തീര്‍ന്നു പോയെന്‍ മനസ്സിന്‍ ദുഖഭാരം
അമ്മതന്‍ മടിത്തട്ടില്‍ ലാളനമറിഞ്ഞപ്പോള്‍
എന്നെന്നും തന്നീടണേ തിരുദര്‍ശന സുഖം
ജഗദംബികേ വാണീ, ലക്ഷ്മീ, കാളികേ മഹാമായേ!






