Thursday 25 December 2008

"മദ്യം വിഷമാണ് കുടുംബനാശിനിയാണു് "

ഈയൊരുവിഷയം പലര്ക്കും ഇഷ്ടപ്പെടില്ല എന്നറിയാമെങ്കിലും എഴുതാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.....ഞാന്‍ എന്റെ ദൌത്യംതുടര്‍ന്നോട്ടെ ? കണ്മുന്നില്‍ക്കണ്ട ഒത്തിരിവേദനിപ്പച്ച അനുഭവങ്ങള്‍ (തെറ്റിദ്ധരിക്കരുതേ ഈകാര്യത്തില്‍ എന്റെകുടുംബംവിമുക്തരാണ്,ഞാന്‍ ഭാഗ്യവതിയുമാണു്.ഞാനുമെന്റെ കുടുംബവും മദ്യവിരോധികളാണ്.എന്റെ ഭര്ത്താവ് മരണംവരെ ഈസാധനം തൊട്ടുരുചിച്ചിട്ടുപ്പോലുമില്ല . ഇതുപയോഗിക്കാനുള്ള ഒരുപാടു സാഹചര്യങ്ങളുണ്ടായിരുന്ന കസ്റ്റംസ് ഓഫീസറായിരുന്നു അദ്ദേഹം .ഓഫീസ്മീറ്റിങ്, ഗ്ലോബല്‍മീറ്റിങ്ങ് ഇവയേതില്‍ പങ്കെടുത്താലും കൂടെഈറ്റിങ്ങുമുണ്ടാകുമല്ലൊ ഒപ്പം മെയ്ന്‍ വിഭാഗം മദ്യമായിരിക്കും എന്നാല്‍ അദ്ദേഹം ജുസിലൊതുക്കും.അക്കാലം പെപ്സി യൊന്നും വ്യാപകമായിരുന്നില്ലല്ലൊ.ഈ അച്ഛന്റെ സ്നേഹമറിഞ്ഞു വളര്ന്നതാവാം മകനേയും അത്തരം ശീലങ്ങളൊന്നും ബാധിച്ചിട്ടില്ല. അവനും മാസത്തില്‍ പത്തുദിവസവും ഒഫീഷ്യല്‍ മീറ്റിങ്ങുംഈറ്റിങ്ങും തന്നെ ,അവന്‍ പെപ്സി യിലൊതുക്കും.അവനിവിടെ അബുദാബിയിലാണ്........ ഞങ്ങളുടെ ഫാമലിക്കൊത്തൊരു മകളുടെ ഭര്‍ത്താവിനേയും കിട്ടി ,അവനും എന്റെമകനെപ്പോലെ തന്നെ .അവന്‍ യു .കെ.യില്‍ ഡോക്ടറാണു്..ഇങ്ങിനെയുള്ള ഭര്‍ത്താവുംമക്കളുമാണ്എന്റെ ഭാഗ്യം) എല്ലാവരുമായി പങ്കുവെച്ചാല്‍ലക്ഷത്തിലൊരാള്‍ക്കെങ്കിലും മനംമാറ്റം സംഭവിച്ചാല്‍ എന്ന് ഞാനാശിക്കുന്നു..... ഈ മദ്യത്തിന്നടിമപ്പെട്ടുകൊണ്ടു് ജീവിതം നാശത്തിന്റെ വഴിയിലകപ്പെട്ട ഒരുപാടു കുടുംബം എന്റെ അറിവിലുണ്ട് .ഭര്‍ത്താവിന്റെ ജോലിസംബന്ധമായ് കുറേ വര്ഷം ഞങ്ങള്‍ കോഴിക്കോടു് താമസിച്ചിരുന്നു .കസ്റ്റംസിന്റേയും ,ഇന്‍കംടാക്സ്ഓഫീസ്ന്റെയും ക്വാട്ടേഴ്സില്‍. അവിടെ ഞങ്ങളുടെ ഫ്ലാറ്റില്‍ തേര്‍ഡ്ഫ്ലോറില്‍ എന്റെഭര്ത്താവിന്റെ അതേ സ്റ്റാറ്റസ്സിലുള്ള മറ്റൊരു ഫാമലിയും താമസിച്ചിരുന്നു .നല്ല പൊസിഷനും,നല്ലശമ്പളവുമൊക്കെയുണ്ടു്,നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സംതൃപ്തക്കുടുംബമായേനെ.ഭര്യയുംഒരുമകളുംമകനും പിന്നെ അയാളുടെ അമ്മയും കൂടെയുണ്ടായിരുന്നു .മകള്‍ ഡിഗ്രിക്കും,മകന്‍ പ്ലസ്ടൂവിലും പഠിക്കുന്നു,നല്ല സ്നേഹമുള്ള മക്കള്‍ .പൊതുവായി പറഞ്ഞാല്‍ ഇയാള്‍ നല്ല സ്നേഹമുള്ളയാളാണ്.
പറഞ്ഞിട്ടെന്താകാര്യം അയാള്കിട്ടുന്നവരുമാനംമുക്കാല്‍പങ്കിലേറെയും മാസാവസാനം മദ്യവില്പനക്കാരന്റെ പോക്കറ്റിലെത്തിക്കും ഒരു ദിവസംപോലും ഇങ്ങേര്‍ക്ക് കുടിക്കാതെ പറ്റില്ലെന്നവസ്ഥ,കൂട്ടുകൂടി കുടിക്കാന്‍ താഴെകിടയിലുള്ള കുറേ കൂട്ടുകെട്ടും... .ഇക്കൂട്ടര്‍ ഇയാളുടെ അവസ്ഥ ശരിക്കുംമുതലെടുത്ത് കയ്യിലുള്ളക്കാശും കടമെന്നപേരില്‍തട്ടിയെടുക്കും. തലയിലെ ലഹരിവിടുമ്പോള്‍ കാശെങ്ങോട്ട്പ്പോയിയെന്ന ഓര്‍മ്മയുമുണ്ടാവില്ല.പിന്നെ വീട്ടു ചിലവിനും കുട്ടികളുടെ പഠിത്തത്തിനുംമറ്റുമായി ആ അമ്മയും മകന്റെ ഭാര്യയും ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു .
രാത്രിയായാല്‍ കുടിച്ചുവന്നിട്ടുള്ള ഇയാളുടെ ശല്യം, ഭാര്യയെവല്ലാതെ ദേഹോപദ്രവംചെയ്യും ,ഒച്ചവെച്ചാല്‍ വീട്ടുസാധനങ്ങളൊക്കെ എറിഞ്ഞുടക്കും.അമ്മയെ ഉപദ്രവിക്കുന്നതുകണ്ടു മകന്‍ തടയാന്‍ശ്രമിക്കുമ്പോള്‍ അവനേയുംഇടിച്ചു പുറത്താക്കി കതകടയ്ക്കും .മറ്റുവീട്ടുക്കാര്‍ ബഹളംകേട്ടുചെന്നാല്‍ അയാള്‍ വഴക്ക് പറഞ്ഞോടിക്കും .പിന്നീട് ബഹളം കേട്ടാല്‍ ആരുമടുക്കാറില്ല .എത്രയോ തവണ ഈ സ്ത്രീ തൊഴിസഹിക്കവയ്യാതെ അയാളുക്കാണാതെ ഒളിച്ചിരിക്കാന്‍ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയിട്ടുണ്ട്.അവരെന്നോട് പറയുമായിരുന്നു "വിജയ എന്നെങ്കിലും നിങ്ങള്‍ ന്യൂസ് പേപ്പറില്‍ വായിക്കും ____എന്നയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തുയെന്ന്"ആവാക്ക് എപ്പോഴും എന്റെ മനസ്സില്‍ വല്ലാത്തൊരു വേദനയായിരുന്നു .ഇവരേയും മക്കളെയും ഞങ്ങള്ക്ക് വലിയ ഇഷ്ട്ടമായിരുന്നു .തിരിച്ചവര്‍ക്കും... ഇവരുടെ മകള്‍ ഒരവസരം എന്നോട് പറയുകയുണ്ടായി " ആന്റി മറ്റു ക്വാട്ടേഴ്സിലുള്ള ആരെയും ഞാന്‍ മൈന്റ് ചെയ്യാറില്ല .അതുകൊണ്ട് ഞാന്‍ വലിയ അഹംങ്കാരിയാണെന്ന് പരക്കെ പറയുന്നുണ്ടെന്ന് ഞാനറിഞ്ഞു ..പക്ഷെ ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"എന്ന ആകുട്ടിയുടെചോദ്യം മനസ്സിനെ ഒത്തരി വേദനിപ്പിച്ചു.... പിന്നെ എന്റെ ഭര്‍ത്താവിനു സ്ഥലമാറ്റമായി.പിന്നീട് അവരുടെ കാര്യമൊന്നുമറിഞ്ഞിരുന്നില്ല.ഈ അടുത്ത കാലത്താണ് മറ്റൊരാള്‍ മുഖേനയറിയാന്‍കഴിഞ്ഞത് ആക്കുടുംബത്തിന്റെ ഇന്നത്തെയവസ്ഥ. "അയാള്‍ സര്‍വ്വീസിലിരിക്കെ മരണമടഞ്ഞുവെന്നും , ആ ജോലി മകനുകിട്ടിയെന്നും ,മകള്‍ക്ക് ജോലിയായി, വിവാഹം കഴിഞ്ഞു കുടുംബമായ് കഴിയുന്നു .. അയാളുടെ അമ്മയും മരണപ്പെട്ടു ..ഭാര്യ മകനോടൊപ്പം കഴിയുന്നു ... "ഈ വിവരം എന്നെ സന്തോഷിപ്പിക്കുന്നതോടൊപ്പം....അയാളെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു എല്ലാം അയാളുവരുത്തിവെച്ചതുതന്നെ.....

തല്‍ക്കാലം ഞാനിവിടെ നിര്‍ത്തട്ടെ ....ആര്ക്കെങ്കിലും ഈ പോസ്റ്റ് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക......

Tuesday 23 December 2008

"ക്രിസ്തുമസ് പുതുവല്‍സരാശംസകള്‍!!!! "


കാലിത്തൊഴുത്തില്‍ വൈക്കോല്‍വിരിപ്പില്‍ -
ദിവ്യ നക്ഷത്രം ഉദിച്ചപ്പോലെ !
ലോകത്തിന്‍ ദിവ്യ വെളിച്ചവുമായ് !
ഉണ്ണിയേശുഭൂജാതനായി!!
കന്യാമറിയത്തിന്‍ പൊന്നോമനയായ് ,
ലോകപിതാവിന്റെ കണ്മണിയായ്,
ഈവിശ്വത്തെ കാക്കാനായ് -
അധര്‍മ്മത്തെ നീക്കാനായ് ,
മിശിഹാതമ്പുരാന്‍ നമ്മള്‍തന്‍നാഥനായ്,
ഭൂലോകമണ്ണില്‍ പിറന്നതല്ലേ ?
പാപികള്‍ക്കാശ്രയം നല്കിടാനായ്,
സല്ക്കര്‍മ്മ പഥത്തില്‍നയിച്ചീടാനായ്,
മുള്‍ക്കിരീടം ശിരസ്സിലേറ്റിടുവാനായ് -
ലോകത്തിന്‍നാഥനായവതരിച്ചു!!
ഒറ്റിക്കൊടുത്തോനെ സ്നേഹിക്കാനും -
സ്നേഹത്താല്‍ നേര്‍വഴി കാട്ടിടാനും ,
ഭൂലോകത്തില്‍ ദിവ്യ വെളിച്ചവുമായ്
യേശുനാഥന്‍ പിറവിയെടുത്തു !!!

Monday 8 December 2008

"സ്വാര്‍ത്ഥതയുടെനിഴല്‍"


അന്തിക്കൊരിത്തിരി മിനുങ്ങി നടക്കാന്‍
കുഞ്ചനും കൂട്ടരും ഷാപ്പിലെത്തി.
ഷാപ്പിന്‍റെ കോണീലരണ്ട വെളിച്ചത്തില്‍
കുഞ്ചനും കൂട്ടരും നിരന്നിരുന്നു .
കള്ളിന്‍ കലങ്ങളുമായി ചന്ദനെത്തി -
ബെഞ്ചിന്മേല്‍ പതിവു പോല്‍ നിരത്തിവെച്ചു .
കള്ളിന്നു മേമ്പൊടി ചാളമത്തി
മൊളകിട്ടു വെച്ചത് തൊട്ടുകൂട്ടി.
കള്ളിന്‍ കലങ്ങളോ കാലിയായി ,
കുഞ്ചനും കൂട്ടരും ഫോമിലായി.
നാട്ടാരേം വീട്ടാരേം തെറിവിളിച്ചു-
കാണുന്നതൊക്കെയും തച്ചുടച്ചു ,
ചടുലനൃത്തങ്ങള്‍ക്ക് തുടക്കമിട്ടു.
തത്തിമി തകതിമി തെയ്യംതാര ...
തരികിട തരികിട തിത്തിത്താര ...
ഷാപ്പിനുടമയോ പൊറുതിമുട്ടി -
കാശിനായി പിന്നാലെ വട്ടമിട്ടു ,
കുഞ്ചനാ കൈകൊണ്ടൊന്നാഞ്ഞു വീശി -
ചന്ദനോ കൊഞ്ചന്‍ ചുരുണ്ട പോലായ് !
കുഞ്ചനും കൂട്ടരും ഷാപ്പ്‌ വിട്ടു -
നാട്ടുവഴികളില്‍ പൂരപ്പാട്ടുയര്‍ന്നു ...
സ്ഥലകാലബോധവും നഷ്ടമായി-
തല്ലിപ്പിരിഞ്ഞു പോയ് കൂട്ടരേവം.
പിന്നെ ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി -
ധീരതയോടെ നടന്നു കുഞ്ചന്‍ .
ഇടത്തോട്ടു പോകുമ്പോള്‍ ,വലത്തോട്ട് നീങ്ങുന്ന-
പാദങ്ങള്‍ കുഞ്ചനു പാരയായി .
അടിതെറ്റി കുഞ്ചന്‍ നിലംപതിച്ചു-
ഉമ്മറപ്പടികളോ നീന്തിക്കേറി
പിടിവിട്ടു പിന്നെയും താഴെയെത്തി
ശബ്ദം കേട്ടോടിയണഞ്ഞു പത്നി
നെഞ്ചത്തടിച്ചൂ നിലവിളിച്ചു
കുഞ്ഞുങ്ങള്‍ ഞെട്ടീയുണര്ന്നെണീറ്റു
അന്തം വിട്ടങ്ങനെ നില്പുമായി
താങ്ങിപിടിച്ച് നിവര്‍ത്തി നിര്‍ത്തി
കൈതാങ്ങിട്ടൂ പിടിച്ചു, ആ ധര്‍മപത്നി
പതിയവേ അകത്തോട്ടാനയിച്ചു
തഴപ്പായില്‍ കൊണ്ടുമറിച്ചങ്ങിട്ടു
പിച്ചും പിരാന്തും പറഞ്ഞു കുഞ്ചന്‍
നല്ലമയക്കത്തിലേക്കങ്ങാണ്ടു പോയി .
തുടര്‍ക്കഥയിതെന്നും പതിവുപോലെ
കുഞ്ചന്റെ പെണ്ണിനോ സഹിയാതായി.
മക്കളെ തുരുതുരെ ഉമ്മവെച്ചൂ -
"പിന്നെ അവളാ സാഹസം കാട്ടിക്കൂട്ടി "
പൊന്‍മക്കളെ രണ്ടിനേം ചേര്‍ത്തുകെട്ടി -
മണ്ണെണ്ണ കൊണ്ടവള്‍ സ്നാനം ചെയ്തു ,
തീപ്പെട്ടി പതിയെയുരച്ചുകൊണ്ട് ,
സാരീടെ തുമ്പിനു തീ കൊളുത്തി .
മൂവരും അഗ്നിഗോളങ്ങളായി-
ആത്മാവോ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു ,
ശേഷിപ്പോ കരികോലങ്ങള്‍ മാത്രമായി .
കാലത്തുണര്‍ന്നെഴുന്നേറ്റു കുഞ്ചന്‍
ഉമ്മറക്കോലായ്യില്‍ പോയിരുന്നു ...
എന്തേ എന്‍ പെണ്ണ് പിണക്കമാണോ?
ഇത്തിരി ചായയോ തന്നതില്ല.
അടുക്കള വാതില്‍ക്കല്‍ ചെന്നു കുഞ്ചന്‍
അലറി കരഞ്ഞുപോയാക്കാഴ്ച്ച കണ്ട്!!
കുഞ്ചനു സമനില തെറ്റിപ്പോയി
ഇന്നും ചങ്ങല വലിച്ചിഴയുന്നു കുഞ്ചന്‍ !

Wednesday 26 November 2008

"പുട്ട് കുട്ടന്‍ "

എട്ടുവീട്ടില്‍ കുട്ടനൊരു -
ചട്ടുകാലന്‍ മൊട്ടേന്‍ .
കാലത്തെന്നും തട്ടിവിടാന്‍ ,
അരി പുട്ടുവേണം കുട്ടന് .
പുട്ട് വാങ്ങാന്‍ പട്ടണത്തില്‍ -
മൊട്ടേന്‍ കുട്ടന്‍ ചെന്നു .
എട്ടണക്ക്‌ എട്ടുകണ്ടം -
പുട്ടുവാങ്ങി കുട്ടന്‍ .
പുട്ടിനൊപ്പം കൂട്ടിതട്ടാന്‍ -
കുട്ടിസ്രാവ് വെട്ടി വാങ്ങി,,
വീട്ടിലെത്തി കുട്ടന്‍ .
അട്ടിവെച്ച ചട്ടിയില്‍ -
നിന്നൊന്നെടുത്തു കുട്ടന്‍ .
കുട്ടി, സ്രാവിന്കണ്ടം ചട്ടീലിട്ടു-
ഉപ്പിട്ടുതേച്ച് ,പെരക്കികഴുകി കുട്ടന്‍ .
മുളകിട്ട് വെച്ചു കുട്ടിസ്രാവ് -
കൂട്ടാനാക്കി കുട്ടന്‍.
പുട്ടെടുത്തു കിണ്ണത്തിലിട്ടു -
സ്രാവിന്റെ കണ്ടം പൊടിച്ചും കൂട്ടി ,
പുട്ട്, തട്ടി വിട്ടു കുട്ടന്‍ .
പിന്നെ, ഒരോട്ടുമോന്ത-
കട്ടന്‍ചായ മോന്തിവിട്ടു കുട്ടന്‍.
എട്ടുവീട്ടില്‍ കുട്ടനൊരു തീറ്റപിരാന്തന്‍ മൊട്ടേന്‍
"പുട്ടുകുട്ടന്‍" എന്നവന് പേരുവന്നൂ നാട്ടില്‍ !!

Wednesday 12 November 2008

"" അഭിവാദ്യങ്ങള്‍ ജയ് ജവാന്‍"" !!!!




യുദ്ധഭൂമിയില്‍ വെടിയുണ്ടകള്‍

പുകുപ്പുന്ന നേരത്തെന്‍ ,
മനസ്സൊരു നിമിഷം പതറിപ്പോയതെന്തേ?
നെഞ്ചുവിരിച്ചു പൊരുതാന്‍ വിധിക്കപ്പെട്ട ജവാന്‍ !
നിറതോക്ക് കയ്യില്‍ പിടി മുറുകുന്നു,
കണ്‍കളങ്ങു ശത്രു പാളയത്തില്‍ ,
ഇടനെഞ്ചില്‍ വെടിയുണ്ടകള്‍ -
ചീറിപ്പതിക്കുമെന്ന വേവലാതി .
തന്‍ രക്ഷ,നാടിന്റെ രക്ഷകനായ്-
കര്‍മ്മചിത്തനായ് നിറതോക്കിലുന്നം പിടിച്ചു-

ശത്രൂപാളയത്തിലേക്കിഴഞ്ഞു മുന്നേറുന്ന ജവാന്‍ !
കാടും മേടും അരുവികളും താണ്ടി-
കടും പാറക്കൂട്ടങ്ങള്ക്കിടയിലൂടെ -
പൂ മെത്തയിലെന്ന പോലിഴഞ്ഞും,
വലിഞ്ഞു കയറിയും മുന്നേറുന്ന ജവാന്‍!
വിശപ്പും ദാഹവും സഹനത്തിന്റെ പരിയ്യായമായ്-
ദിന രാത്രങ്ങള്‍ മറികടക്കുന്ന ജവാന്‍ !!!
ജീവനോടെ തിരിച്ചെത്താമെന്ന-
മോഹം കൈയെത്താദൂരത്താ-
ണെന്നോര്‍ത്ത് വിതുമ്പിപോയ് .
ജവാനുള്ളിലായ് ഒരു പച്ചയായ മനുഷ്യനുണ്ടെന്ന -
തിരിച്ചറിവ് , ഓര്‍മ്മയില്‍ തെളിഞ്ഞൊരു മാത്രയില്‍ ,
കണ്കളീറനണിഞ്ഞൂ, മനസ്സില്‍ മന്ദിപ്പിന്റെ -
ഇരുള്‍നിറഞ്ഞ വേര്‍പാടിന്റെ വേദന ...
എന്താണെന്നറിയില്ല, എന്മനസ്സെങ്ങോ-
വിഭ്രാന്തിയാല്‍ വെമ്പി കുതിക്കുന്നു !!!
അങ്ങ് ദൂരെ നാട്ടിന്‍ പുറത്തൊരു -
കൊച്ചു വീടിന്റെ ഉമ്മറ കോലായില്‍ ,
പെറ്റമ്മതന്‍ നെഞ്ച്ചുട്ടുള്ളകാത്തിരിപ്പ് ...

പ്രിയതമന്റെ മുഖം മനസ്സില്‍ പ്രതിഷ്ഠിച്ചു -
രണ്ടുവരി കത്തിനായ് അഞ്ചല്‍ക്കാരന്റെ ,
വരവുംപ്രതീക്ഷിച്ചിരിപ്പുണ്ടൊരുകൊച്ചുപെണ്ണ്..
ഉടമ്പടി ജീവിതത്തിന്നൊരു മാസദൈര്‍ഘ്യം,
കണ്കുളിര്‍ക്കെ കണ്ടു കൊതി തീരാതെ....
യുദ്ധ ഭൂമിയിലെത്തിപ്പെടേണ്ടി വന്നവന്‍!!

മകന്റെ ,പ്രിയതമന്റെ, സമാധാന സന്ദേശം...
കാത്തിരിപ്പോര്‍ ..അങ്ങകലെ..അകലെ ..
അപ്രതീക്ഷിതം വീരമൃത്യൂ വരിച്ചെന്ന്-

കമ്പി സന്ദേശം ഹോ ദൈവമേ !!

അവര്‍തന്‍ സഹനം നീ നല്കും കൃപ !!
തന്‍നെഞ്ചിന്നിടിപ്പ് കണ്ണീരായുതിര്‍ന്നു-

വീണതറിയാതെ അടര്‍ക്കളത്തില്‍ പൊരുതി,

മുന്നേറ്റം മനസാവരിക്കുന്ന ജവാന്‍ !!!

""ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍"" !!!! കാര്‍ഗില്‍ യുദ്ധം നടക്കുന്ന അവസരം ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ "ഒരു ജവാന്റെ അവസ്ഥയും അദ്ദേഹഹത്തിന്റെ മനസ്സില്‍ മിന്നി മറയുന്ന ചിന്താഗതികളുമാണു്" കുത്തി കുറിച്ചത് . അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിരുന്നില്ല ,അതിനാലിപ്പോളിതു ജവാന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ....

Friday 7 November 2008

"അയലത്തെ ഉണ്ണി"


"അങ്ങേ തിലുണ്ടോരുണ്ണി ,

ഓമനയാം പൊന്നുണ്ണി.

കാലേ ഉണര്ന്നെഴുന്നേല്ക്കും

ഓടീ നടന്നു കളിക്കും....

എന്‍ പൂമുഖ വാതില്‍ തുറന്നാല്‍

കണിയായ് യെന്മുന്നിലെത്തും.!

വാരിയണച്ചുമ്മ വെച്ചാല്-

വട്ടംപിടിച്ചെന്നെ ചുറ്റും...

കുസൃതികളൊട്ടൊക്കെ കാട്ടും

പുന്നാര മുത്താണെന്നുണ്ണി..

നുണക്കുഴി കാട്ടിച്ചിരിക്കും-

അമ്മൂമ്മേ യെന്നു വിളിക്കും...

അഞ്ചു്, രണ്ടെന്നും പറഞ്ഞൂ

യെണ്ണം പഠിപ്പിക്കുംമെന്നെ ....

ആരാലും വാത്സല്യം തോന്നും

പൊന്നോമനയാണെന്നുണ്ണി"!!!!!!

"ഈ അയലത്തെ ഉണ്ണി സാങ്കല്പികമല്ല .ഏഴുവര്‍ഷം മുന്‍പ് തളിപ്പറമ്പ് പാലകുളങ്ങര "അയ്യപ്പസ്വാമി ക്ഷേത്റത്തിനടുത്ത് "എനിക്കും മോനും താമസിക്കേണ്ടി വന്നു ,മോന്റെ ജോലി സംബന്ധമായ് .മനസില്ലാമനസ്സോടെ എന്റെ സ്വന്തം വീട് വിട്ടു താമസിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ദുഖകരമായിരുന്നു .മകനാണെങ്കില്‍ എന്നെ വീട്ടില്‍‌ തനിച്ചാക്കി പോകാനുള്ള മനപ്രയാസം .(കാരണം യെന്റെ യെല്ലാമായിരുന്ന ഹസ്ബന്റ് ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടേണ്ടായിരുന്നുള്ളു.) അന്ന് മക്കള്രണ്ടുപേരുടേയും വിവാഹം കഴിഞ്ഞിരുന്നില്ല .മകള്‍ ബാഗ്ലൂരില്‍ജോലി ചെയ്യുന്നതിനാല്‍ അവള്‍ക്കും നാട്ടില്‍ എന്റെക്കുടെ താമസിക്കാന്‍ പറ്റില്ലായിരുന്നു.പിന്നെ മോനെ വിഷമിപ്പിക്കേണ്ടാ എന്നുകരുതി തളിപ്പറമ്പിലേക്ക് താമസംമാറി . അവിടുത്തെ താമസം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍വരുത്തി,എന്റെദുഖങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലി അവിടെകിട്ടി .ഞങ്ങളുടെ അടുത്ത വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുകാരന്‍കൊച്ചുവാവ സന്ദീപ് ഞങ്ങളുടെ"ക്കുഞ്ചു".ഈ കുഞ്ഞുമായ് ഞാന്‍ വല്ലാതങ്ങടുത്തു. അവന്റെ എല്ലാകാര്യങ്ങള്‍ക്കും ഞാന്മതി .എനിക്കവനേയൂം അവനെന്നേയൂം അത്രയ്ക്കിഷ്ട്ടായിരുന്നു .അവനിലൂടെ എന്റെ ദുഖങ്ങള്‍ഒരു പരിധി വരെ മറക്കാന്പ്പറ്റി. കാലക്രമേണ ഞാനവന്റെ " വിജയേച്ചിഅമ്മമ്മയായ് "മാറി ,എന്റെമോന്‍ അവന്റെ മാമനും .ഈ സാഹചരിയത്തിലാണ് ഞാനീ ചെറു കവിത ,അവനെക്കൊണ്ട്‌ അവന്റെ ദിനചര്യകളെ ക്കൊണ്ട് ,എഴുതിയത് . ഒരുപാടു അക്ഷര തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ ?ഒന്ന്എഡിറ്റ് ചെയ്യാന്ശ്രമിക്കുമ്പോള്‍ ടൈപ്പ്ചെയ്ത മറ്റുപലവേര്‍ഡ്സും മാറിപോകുന്നു.കൂടുതലിരുന്നു ചെയ്യാന്‍ അസുഖം അനുവദിക്കുന്നില്ല.

Tuesday 28 October 2008

"എന്നിലെ നീ"




എല്ലാം നിന്‍ കരതലം
തന്നീലൊതുങ്ങുന്നു ,
യെന്തും തിരുമൊഴിക്കുള്ളില്‍ വിരിയുന്നു
എന്‍ മനസ്സിലെ അന്ധത
എന്നിലെ 'നിന്നേ' അറിയാതെ
വല്ലാതെയെന്നെ
അഹംങ്കാരിയാക്കിയോ ?
എന്നിലെ 'നിന്നെ' ഞാന്‍
കണ്ടെത്തീടാന്‍ വൈകിയോ ?
ഒന്നും അറിയാത്തോരിളം
പൈതലാണു ഞാന്‍
നിന്നിലേ എന്നെ
നീ കൈവിട്ടു പോവല്ലേ ....
ഒരിളം തെന്നല്‍ പോല്‍
ഞാന്‍ നിന്നില്‍ ലയിച്ചോട്ടെ ...
നിന്‍ കൈകളില്‍
ഞാന്‍ വെറും കളിപ്പാവയല്ലയോ ?
എല്ലാം നിന്‍ മായയോ
,കണ്‍കെട്ട് വിദ്യയോ?
സമസ്താപരാധവും പൊറുത്തെന്നും
നിന്‍ പാദാരവിന്ദത്തിലിടംതരികില്ലയോ?

Tuesday 21 October 2008

വീണ്ടും ഒരു വര്‍ഷകാലം...


വര്‍ഷകാലത്തിന്‍ കുതിച്ചു വരവായി
മരമാക്രി നീട്ടി നീട്ടി കരഞ്ഞൂ
അങ്ങാകാശകീറിലാദിത്യന്‍ പതിയവേ
കരിമുകില്‍ കാട്ടിലൊളിച്ചിരുന്നു
മിന്നല്‍ പിണരുകള്‍ ചീറിജ്വലിച്ചൂ
വെള്ളിടി വെട്ടം തിളങ്ങി മറഞ്ഞു
ആകാശ ഗംഗയോ ഞെട്ടി വിറച്ചു !
കണ്ണീര്‍ മഴയായ് പൊഴിച്ചു
പക്ഷിമൃഗാധികള്‍ കലപില കൂട്ടി
പാര്‍പ്പിടം തേടി ഗമിച്ചു
മാരുതന്‍ തലയൊന്നു നീട്ടി
ഭൂമിയില്‍ ചുറ്റിതിരിഞ്ഞൊന്നു നോക്കി
വൃക്ഷലതാദികള്‍ കയ്യിലേന്തി
കറക്കി തിരിച്ചു വലിച്ചെറിഞ്ഞു
ഭൂമിദേവിക്കു വേദനിച്ചൂ
വിങ്ങിഞ്ഞെരുങ്ങീ ഭൂമി ദേവി
മലയും മരങ്ങളും നിലംപതിച്ചു
ഭൂമി തന്‍ നെഞ്ചകം തുണ്ടമായി
ഗംഗതന്‍ കണ്ണീരില്‍
ഭൂമിതന്‍ തുണ്ടവുംമലയും മരങ്ങളും
താഴോട്ടോഴുകീ ഉരുള്പ്പൊട്ടലായ്
ഒരുപിടി സ്വപ്നവും കുടിലും സര്‍വസ്വവും
മലയോര മക്കള്‍ക്ക് സ്വന്തമല്ലാതായ്
എല്ലാം പ്രകൃതി തന്‍ താണ്ഢവത്താല്‍.

Thursday 9 October 2008

ഒരു അമ്മൂമ്മ താരാട്ട്















വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്‍റെ പൊന്നു മോനല്ലേ....(2 )
കണ്ണാ കണ്ണാ കുസൃതികുടുക്കേ നിന്‍-
കളളചിരിയാല്‍് മയക്കീടാതെന്നെ.(2 )
കണ്ണും പൂട്ടീയുറങ്ങെന്‍റെ കിച്ചൂ,
മുത്തേ....നീയെന്‍റെ കുഞ്ഞാവയല്ലേ...2
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്‍റെ പൊന്നുമോനല്ലേ.2
കൂട്ടില്ല കൂട്ടില്ല നിന്നോടു ഞാനിന്ന്-
കളള ഉറക്കം നടിക്കാതെന്‍് കിച്ചൂ...2
അമ്പിളി മാമനെ കാട്ടിത്തരാം ഞാന്‍,
കുഞ്ഞിളം കവിളിലൊരുമ്മ നല്കീടാം .2
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്‍റെ കണ്‍മണിയല്ലേ...2
അമ്മൂമ്മ താരാട്ട് പാടിയുറക്കാം -
കൈവിരലുണ്ടൂ മയങ്ങെന്‍റെ വാവേ...2
കുഞ്ഞി കൈകളില്‍ കരി വള നല്‍കാം
കുഞ്ഞി കാല്‍ രണ്ടിലും കാല്‍ തള നല്‍കാം 2
തപ്പോ തപ്പോ കൈകൊട്ടി കളിക്കാന്‍-
വാവേ നീയൊന്നുറങ്ങീയുണരൂ....2
വാവോ വാവോ പാടീയുറക്കാം ഞാന്‍-
വാവേ നീയെന്റെ പൊന്നുമോനല്ലേ...2
രാരീ രാരീരം രാരീരം രാരോ....
മുത്തേ നീയെന്റെ കുഞ്ഞാവയല്ലേ..



(എന്റെ കൊച്ചുമോന്‍ കൃഷിനു വേണ്ടി രചിച്ച ഒരു താരാട്ടാണിത് ...പഴയ ഒരു താരാട്ടിന്‍റെ ഈണത്തില്‍ പാടാവുന്ന രീതിയില്‍ ...)

Friday 3 October 2008

അദൃശ്യകാമുകന്‍!


നിന്‍ സുഗന്ധം യെന്നെ-
മന്മദനാക്കീയോരാ നിമിഷം
ചൂളംവിളിച്ച്കുസൃതി കാട്ടി ഞാന്‍-
നിന്‍ ചാരത്തണഞ്ഞു...
നിന്നെ പുണരാന്‍,
തൊട്ടുണര്‍ത്താന്‍ -
തേടിയെത്തീ നിന്നരികില്‍,
ചുറ്റും വലംവെച്ചു-
ഞാനാ ഇളം ചുണ്ടില്‍,
മൃദുചുംബനം നല്കിയോരാനിമിഷം
നീ തരളിതയായി, പുളകിതയായി
വികാരഭരിതയായ്
നീ വിരിയുകയായ് ഒരു നവസുന്ദരിയായ്!
നിന്‍ കവിളിണ ചെംചായം പൂശീ-
ഉദയ സൂര്യനെപോല്‍
നിന്‍ സുഗന്ധമെന്നില്‍
ലയിപ്പിച്ചതാം എന്‍,
സുന്ദരീ റോസാപൂവേ
ഞാന്‍ മന്ദമായ് വീശി
ചൂളംവിളിച്ച്‌ വീണ്ടും ലയിച്ചിടാം
മറ്റൊരു സുന്ദരിപൂവില്‍....

Friday 26 September 2008

"അമ്മയ്ക്ക് മക്കളുടെ പ്രണാമം "...........

"മാതാ അമൃതാനന്ദമയീ ദേവി "യുടെ അന്‍പത്തിയഞ്ചാം പിറന്നാള്‍ ,ലോകമെമ്പാടുംആഘോഷിക്കുകയാണല്ലോ ഇന്ന്. അമ്മയ്ക്ക് ഈ മക്കളുടെ പ്രണാമം .........

Saturday 20 September 2008

ഒരു ദുഃസ്വപ്നം





കണ്ടൂ ഞാനെല്ലാം കണ്ടു-
ക്ഷീണിച്ചു മയങ്ങിയോരാ നിമിഷം
ഒരു ദുഃസ്വപ്നമായ് യെന്‍ കണ്‍കളില്‍
ദൂരദര്‍ശനില്‍ കണ്ടൊരാ കാഴ്ച്ച....
ഞാനാണാദൃക്സാക്ഷി യെന്നു,
മഃനസ്സെന്നോടു മൊഴിഞ്ഞു.
ഓടിവരുന്നിതാ നാലഞ്ചു പേര്‍-
കൈകളില്‍ ഇടിക്കട്ട,വടിവാള്‍,കുറുവടി
മുന്നിലായ് ഓടികുഴഞ്ഞു
വീഴുന്നിതാ ഒരുവന്‍
അടുത്തെത്തിയോരവനെ വെട്ടീ-
തലങ്ങും വിലങ്ങുമായ്...
വെട്ടിനുറക്കി തുണ്ടമാക്കിയവര്‍
അയ്യോ....തലവേറിട്ടുടലു-
പിടയുന്നതു കണ്ടൂ -
ഞാനോ, ഭയന്നു വിറച്ചോടിയകന്നു!
ഓടയില്‍ വീണു സ്ഥലകാല-
ബോധമകന്നു പോയി....
ഉണര്‍വിന്‍ തുടിപ്പിലെന്നരികിലായ്
നിയമപാലകര്‍ ,
കണ്ണുകള്‍ തുറക്കുന്നതും കാത്ത്-
എന്‍ മൊഴികള്‍ കേള്‍ക്കാനായി,
തലങ്ങുംവിലങ്ങും ചോദ്യങ്ങള്‍:
'നീകണ്ടുവോ ആരിവനെ
കാലപുരിയിലേക്കാനയിച്ചൂ'-
'ഇല്ല, കണ്ടില്ല ഞാന്‍,
ആരെന്നറിയില്ലെനിക്ക് .....
യെന്‍മനസ്സെന്നോടു ചൊല്ലി-
' ഇല്ല നിന്‍ കണ്‍കളൊന്നും കണ്ടില്ല,
നിന്‍ കാതുകളവന്‍റെ രോദനംകേട്ടില്ല....
കണ്ടതെല്ലാം കണ്ടില്ലെന്നു നടിക്കണം നീ,
കണ്ടെന്നു പറഞ്ഞാലോ....വേണ്ടാ
അധോഗതി, പിന്നെ കുടുംബം
എല്ലാം ഒരോര്‍മ്മ മാത്രം.....
കണ്‍കളേ മാപ്പു
നിങ്ങളൊന്നും കണ്ടില്ലാ,
ഇനിയൊന്നും കാണാനും പാടില്ല....
മനോവിഭ്രാന്തിയാല്‍, അലറി കരഞ്ഞൂ ഞാന്‍....
ആരുമെന്‍ ശബ്ദം കേട്ടില്ല....
ഗുഹക്കുളളിലകപ്പെട്ടപോല്‍,
നെഞ്ചകം ബാന്‍റ്മേളം മുഴക്കിയോരാ നിമിഷം-
ഞെട്ടിയുണര്‍ന്നൂ ഞാന്‍,
കണ്ടതെല്ലാം ഒരുദുഃസ്വപ്നം....
മനസ്സേ ശാന്തമാകൂ നീ .....
ശാന്തമാകൂ ....

(Picture Courtesy:Sulamith Wolfing)

Wednesday 10 September 2008

ഓണാശംസകള്‍




നമ്മള്‍ ഏവരുടേയും ഒരുപ്രധാന ആഘോഷമായിരുന്നല്ലോ,(ആഘോഷമാണല്ലോ ? )ചിങ്ങമാസത്തിലെ "പൊന്നുംതിരുവോണം" .ഇന്നത്തെ ഓണത്തിനെ ഒരു തരം "മോഡേണ്‍ ഓണം"എന്ന് വിളിക്കാമെന്നു തോന്നുന്നു... .പു‌വിളിയില്ല, പൂക്കൊട്ടകളില്ല ,പറമ്പ് തോറും കയറിയിറങ്ങിയുള്ള പൂ പറിക്കലൊക്കെ പഴഞ്ചന്‍ രീതികളോ ഇന്നലെയുടെ ഓര്‍മ്മകുറിപ്പുകളോ മാത്രമായി മാറിക്കഴിഞ്ഞു.ഞങ്ങളുടെ കുട്ടിക്കാലമൊക്കെ വളരെ രസകരമായിരുന്നു.പൂകൊട്ടകള്‍ നാടകെട്ടി കഴുത്തില്‍തൂക്കിയിട്ട്, ഏട്ടന്മാരുടെകൂടെ, പൂപറിക്കാന്‍പാടത്തും,പറമ്പുകളിലും മറ്റും പോകുമായിരുന്നു.ഒരുപാടു കൂട്ടുകാരുമായുള്ള പൂപറിക്കല്‍ ഒത്തിരി രസകരമായിരുന്നു."ഓര്‍മയില്‍ ആ കുട്ടിക്കാലം തെളിയുമ്പോള്‍ ................എന്താ പറയുക ...
ഇന്നത്തെ ഓണം ഓണബോണസും ,ഓണം ബമ്പറും, പൂക്കള മല്‍സരങ്ങളും ,ടിവിപ്രോഗ്രാമും , മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്നു... മേമ്പൊടിയായി ഒരു ചെറു സദ്യയും കൂടി ആയാല്‍ മലയാളിയുടെ ഓണം ഉഷാറായി! പൂക്കളത്തിനുവേണ്ട പൂക്കള്‍ ഇന്നു കടകളില്‍നിന്ന് കിലോകണക്കിനു വാങ്ങുകയാണ്.ഓണക്കാലം ആവുമ്പോഴേക്കും തമിഴ്നാട്ടില്‍നിന്നും ,ആന്ത്രയില്‍ നിന്നും മറ്റും കേരളത്തിലേക്ക് പ്രയാണം തുടങ്ങുകയായി.റോഡരികില്‍ എവിടെ തിരിഞ്ഞാലും പൂക്കച്ചവടക്കരുടെ തിരക്ക് .....പൂക്കച്ചവടക്കാരില്‍ നിന്നും വാങ്ങുന്ന പൂക്കളുമായി ഇന്നത്തെ മക്കള്‍ പൂക്കളം ചമയ്ക്കുന്നു .ഇന്നു കേരളത്തില്‍ ഉള്ളവരേക്കാള്‍ ഗംഭീരമായി പൂക്കളങ്ങളും ഓണസദ്യയും ആഘോഷങ്ങളും നടത്തുന്നത് ഒരു പക്ഷെ വിദേശത്തുള്ള മലയാളികളും ,മലയാളി സമാജങ്ങളും ആണെന്ന് തോന്നുന്നു. ഗൃഹാതുരത്തിന്റെ നറും ഓര്‍മ്മകള്‍ വിതറും ഒരു കൂട്ടായ്മയാണ് മിക്ക മറുനാടന്‍ മലയാളിക്കും ഈ ആഘോഷങ്ങള്‍ എന്നും ....

കേരളമെന്നു കേട്ടാല്‍
കോരിത്തരിക്കും നമ്മള്‍...
എന്നും പതിനെട്ടിവള്‍ക്ക്
സുന്ദരി ,കേരള പെണ്ണിവള്‍ !
കേരവൃക്ഷങ്ങളും
മറ്റുപലതരം വൃക്ഷങ്ങളും
കയ്യോടുകയ്യും ചേര്‍ത്തു
കുമ്മി കളിയാടുന്നിവള്‍
കണ്ണിന്നു കുളിരേകും
മരതക പട്ടും ചുറ്റി
വജ്ര പതക്കം തീര്‍ത്തു
സാഗര തിരമാലകള്‍ !
കാല്ക്കൊലുസ്സണീയിച്ചൂ
പുഴകള്‍ പാടങ്ങളും !
കുന്നില്‍ ചെരിവുകളില്‍
മേഞ്ഞിടും നാല്‍ക്കാലികള്‍
കാലി്ക്കോല്‍ കയ്യിലേന്തി
കാലിചെറുക്കന്‍മാരും
ഇവള്‍ തന്‍ കൂട്ടാരല്ലേ-
കണ്ടീടാന്‍ എന്ത് ഭംഗി!

ഇവള്‍ നമ്മള്‍ തന്‍ കേരള പെണ്ണ് !
നാഗങ്ങള്‍ ഇഴഞ്ഞാടും നാഗക്കെട്ടുകളും
നല്ല ഈണത്തില്‍ പാടീടാനായ്
പുള്ളുവന്‍ പാട്ടുകളും വടക്കന്‍ പാട്ടുകളും.....
കേരള പെണ്ണേ നീ യിന്നെത്രയോ മനോഹരി !
ചിങ്ങത്തിലത്തം വന്നാല്‍ പത്തു നാള്‍ ഉല്സവമായ്
അത്തം നാള്‍ തൊട്ടു നമ്മള്‍ പൂക്കളം ചമയ്ക്കലായ്
പൂക്കൊട്ട കയ്യിലേന്തി പാടത്തും പറമ്പിലും
തോട്ടിന്‍ കരയിലും പാടയോരങ്ങളിലും
പൂക്കളെ തേടി നമ്മള്‍ ഓടി നടന്നതല്ലേ ....
പൂക്കളം ചമയ്ക്കാനായി
പലനിറം പൂക്കള്‍ വേണം -
തുമ്പപ്പൂ, കാക്കപ്പൂവ്, തോരണി, അയിരാനി,
പുല്ലരി, കോളാമ്പിപ്പൂ പൂക്കളോ പലതരം !
ഇങ്ങനെ പത്തുനാളും പൂവിളി കേട്ടുണരാം....
പത്താം നാള്‍ പൊന്നോണമായ്,
പുത്തന്‍ ഉടുപ്പണിഞ്ഞു പൂക്കളം ചമയിച്ചു
മാവേലി മന്നന്‍ തന്റെ വരവിനായ്, കാത്തിരിപ്പൂ നമ്മള്‍
നല്ലൊരു സദ്യ ഊട്ടും പിന്നെ കുമ്മിയാട്ടവുമായാല്‍ .....
കേരള പ്പെണ്ണേ നീയന്നെത്രയോ ഭാഗ്യവതി !
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇന്നാകട്ടെപൂക്കളങ്ങള്‍ പോലുംഇല്ലാതായി
ഇന്നു പൂക്കളമത്സരങ്ങളും സമ്മാനദാനച്ചടങ്ങുകളും
മാവേലിമന്നനാകട്ടെ അമ്മൂമ്മ കഥയായി.........

engilum keralamennu kettaal....

Monday 25 August 2008

സുനാമി



കലികാല മക്കള്‍ തന്‍ ചടുല നൃത്തം കണ്ട്

കലി പൂണ്ട കടലമ്മ താണ്ഢവമാടി ,

അടങ്ങാത്ത രോഷത്താല്‍ ശിവതാണ്ഢവമാടി!

ആയിരമായിരം ജന്മമൊടുങ്ങി,

ആകാശച്ചുംബിത തിരകലാളെ,

കടലമ്മ താന്‍ പോറ്റും മക്കളെ

കടലിന്നടിത്തട്ടില്‍ തള്ളിയിട്ടു!

പിന്നെയും പിന്നെയും കലിതീര്ന്നില്ലമ്മയ്ക്ക്-

മക്കള്‍ തന്‍ സര്‍വ്വസമ്പത്തും തല്ലിയുടച്ചു!

എന്തേ നീയിങ്ങനെ കോപിച്ചമ്മേ?

രക്ഷക്കായി കേഴുന്ന മക്കള്‍ തന്‍ രോദനം

രക്ഷകിയാം അമ്മ കേട്ടതില്ലേ ?

എന്തേ നീയിങ്ങനെ ദ്റോഹിച്ചമ്മേ?

കടലമ്മേ, നീയിവര്‍ക്കന്നമല്ലേ?

നിന്നെയിവരെന്നും പൂജിച്ചില്ലേ ?

അച്ഛനുമമ്മയും നഷ്ടമായോര്‍,

വീടും വസനവും നഷ്ടമായോര്‍ ,

കേഴുന്നതൊന്നും നീ കേള്‍ക്കുന്നില്ലേ ?

എന്തിനീ താണ്ഢവമാടിയമ്മേ ?

ഇവര്‍ നീ പോറ്റും പാവം കിടാങ്ങളല്ലേ ?

നിന്നെ നമിക്കും നര ജന്മമല്ലേ ?

അറിവില്ലാ പൈതങ്ങള്‍ കാട്ടീടുന്ന

തെറ്റുപൊറുത്തമ്മേ നീ മാപ്പു നല്‍കൂ ...



Saturday 23 August 2008

അമ്മൂമ്മയുടെ ഓര്‍മ്മകള്‍


അയലത്തെ വീട്ടിലെ അമ്മൂമ്മയ്ക്ക്‌
പണ്ടേപ്പോലെ നടക്കാന്‍ വയ്യാ...
പണ്ടിവര്‍ തലയില്‍ ചുമടും താങ്ങി
പമ്പരം പോലെ കറങ്ങി നടക്കും
വ്യാപാരത്തിന്‍ പൊരുളറിയുന്ന
കൊച്ചു മിടുക്കിയാണിയമ്മൂമ്മ!
ഏഴര വെളുപ്പിന്നുണര്‍ന്നെഴുന്നേല്‍ക്കും
ചറപറ വേലകളൊക്കെ തീര്‍ക്കും
തകൃതിയില്‍ ദിനകൃത്യങ്ങള്‍ നടത്തി
ഒരു കാലിച്ചായ വയറ്റിലാക്കും !
മുണ്ടും നേര്യതും വാരിച്ചുറ്റി
വെറ്റില പാക്കും പുകയില നൂറും -
ഒരു പൊതിയാക്കി മടിയില്‍ തിരുകി,
കണവനെ വേഗം വിളിച്ചുണര്‍ത്തി-
ചൂളക്കരികില്‍ നടന്നടുത്തു
കൊട്ടയെടുത്ത് നിലത്തു വെച്ചു .
ചട്ടികലങ്ങളടുക്കി വെക്കം
ചൂളയിലേക്കൊന്നെത്തി നോക്കി,
കാന്തനെ നോക്കി പുഞ്ചിരി തൂകി,
കുല പരദേവിയെ ധ്യാനം ചെയ്തു
ചുമടു തലയിലേക്കേറ്റി വെച്ചു,
വേഗതയോടെ നടന്നു നീങ്ങി ,
വീടുകള്‍, കടകള്‍ കയറിയിറങ്ങി
ചട്ടികലങ്ങള്‍ വിറ്റഴിച്ചു
പരവശയായി വീട്ടിലെത്തും ...
ഇന്നിവര്‍ക്കെല്ലാം ഒരോര്‍മ്മ മാത്രം
ഓര്‍മ്മയില്‍ തെളിയും നിഴലുകള്‍ മാത്രം !!



Monday 11 August 2008

ഓര്‍മ്മയിലൊരു ജൂലൈ

" ജുലായ് ഒന്ന് " വന്നണഞ്ഞീടുമ്പോള്‍
എന്‍ നഷ്ടവസന്തത്തെയോര്ത്തു വിതുമ്പുന്നു
ഞങ്ങള്‍ തന്‍ സന്തോഷം തല്ലിതകര്‍ത്തൊരാ
ദുര്‍വിധി , ഇന്നോര്ക്കുമ്പോള്‍
ഞെട്ടി വിറക്കുന്നു ...
ആ വെള്ള പുതച്ച കിടപ്പോ സഹിക്കില്ല
പുഞ്ചിരിച്ചുള്ള ഉറക്കം മറക്കില്ല
മക്കള്‍ തന്‍ പ്പൊട്ടികരച്ചിലും കേട്ടില്ല
എന്‍ നെഞ്ചിടം പൊട്ടി തകര്‍ന്നതും കേട്ടില്ല
എത്ര വിളിച്ചിട്ടും കണ്കള്‍ തുറന്നില്ല
അന്ത്യ ഉറക്കത്തിലാണ്ടു കിടന്നങ്ങ്
ഒരു പാട് സങ്കടം ഞങ്ങള്ക്കു നല്കിയ
ജുലായ് മാസം വീണ്ടും പിറക്കുന്നു......

Sunday 10 August 2008

എന്തേയിതിങ്ങനെ.....

എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കേവലം നാലുവയസ്സു തികയാത്ത ,
മുലപ്പാല്‍ മണം പോലും മാറാത്ത കുഞ്ഞിനെ
കശ്മലന്‍ കാമപ്പിശചിന്‍ കൈകള്‍
കശക്കിയെറിഞ്ഞൊരാ പിഞ്ചോമന മുഖം......
എന്തേയിതിങ്ങനെ, കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കാമവെറി പൂണ്ട കാട്ടാളന്മാരുടെ
കൂത്താട്ടം കണ്ടു മടുത്തതല്ലേ ഈ നാട് ....
എന്തു‌ പിഴച്ചു ഈ പിഞ്ചു പൊടിക്കുഞ്ഞ്?
എന്തേ ഈ വിധി വന്നിതെന്‍ ദൈവമേ !
മനുഷ്യ മൃഗത്തിന്റെ പൈശാചിക താണ്ടവം-
ആടിത്തിമര്‍ത്തു കശക്കിയെറിഞ്ഞൊരാ
പിഞ്ചിളം മേനിയോ കണ്ടാല്‍ ഭയാനകം...
കുഞ്ഞിളം ചുണ്ടുകള്‍ വീര്‍ത്തു പൊട്ടിയൊലിച്ചയ്യോ
കണ്ണുകള്‍ തള്ളി വികൃതമായോരാ മുഖം !
കണ്ടീലയോ നിങ്ങള്‍ , എങ്ങിനെ മറക്കും നാം .....
പെണ്ണായി പിറന്നതോ ദൈവമേ,
ഈ പൊടിക്കുഞ്ഞിനു ശാപമായി വന്നത്?
എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ .....


Friday 8 August 2008

ഫ്ലൂ


വേദന വേദന , ശരീരമാസകലം വേദന,
സൂചിയാല്‍ കുത്തും പോലെ, കേശാദിപാദം വരെ....
കിടക്കാനും പറ്റുന്നില്ല, ഇരുന്നീടാനും വയ്യാ,
എങ്ങിനെ സഹിച്ചീടും വയ്യെന്‍റെ ഭഗവാനെ !


പനിയോ നൂറ്റഞ്ചു ഡിഗ്രി ,തീയിലിട്ടത് പോലെ ....
ശരീരമാസകലം കുളിരാല്‍ വിറക്കുന്നു.
തലയോ പൊട്ടും പോലെ, വേദന സഹിയാതെ,
തലയില്‍ തോര്‍ത്തിനാലെ നല്ലൊരു കെട്ടും കെട്ടി,
കണ്‍കളില്‍ മുളകുചാലിച്ചു തേച്ചത് പോലെ,
കണ്ണുനീര്‍ കുടു കൂടെ ഒഴുകീടുന്നു, വയ്യാ...
നാസിക തന്നില്‍ നിന്നും പൊട്ടിയ പൈപ്പ് പോലെ,
ചുടുനീര്‍ ചാലുകള്‍ നിലയ്ക്കാതൊഴുകുന്നു!
വായയോ, കാഞ്ഞിരത്തിന്‍ കായ തിന്നത് പോലെ,
ഭക്ഷണമൊന്നും തന്നെ കഴിക്കാന്‍ പറ്റുന്നില്ല ...
നിദ്രയെന്നരികിലേക്കടുക്കുന്നതേയില്ലാ...
പരവേശത്താല്‍ ഞാനോ വല്ലാതെ വലഞ്ഞല്ലോ!
വൈദ്യന്‍റെ മരുന്നയ്യോ, ഫലിക്കുന്നതുമില്ല...
പനി തന്‍ കാഠിന്യത്താല്‍ വല്ലാതെ തളരുന്നൂ ,
എന്തു ചെയ്യേണ്ടൂവെന്നതൊരു രൂപവുമില്ല..
ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവേ പോലെ,
ഇത്രയുമസഹ്യമാം രോഗത്തിന്‍ നാമധേയം
ഫ്ലൂവെന്നു സ്നേഹത്തോടെ വിളിച്ചീടുന്നു ജനം!

Tuesday 29 July 2008

സമര്‍പ്പണം



ഗുരുവായൂരപ്പാ, ലക്ഷ്മീപതേ
കാരുണ്യമൂര്‍ത്തേ ജഗദീശ്വരാ,
കണ്ടൂവണങ്ങി സ്തുതിപാടീടാന്‍
എന്നും കരുണ നീ ചൊരിയണേ ഉണ്ണിക്കണ്ണാ ....
പുലര്‍കാലേ ഭഗവാന്‍റെ വാകച്ചാര്‍ത്ത്,
അഭിഷേകാദികള്‍ കണ്ടുതൊഴാന്‍
എന്‍ കണ്ണിന്നു കാഴ്ച നീ നല്കീടണേ,
എന്നും കണിയായ്,എന്നില്‍ നിറഞ്ഞീടണേ....
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ചുറ്റും വലം വെച്ചു കുമ്പീടുവാന്‍
എന്നില്‍ പാദഭലം നീ തന്നീടണേ....
സ്മരണയിലെന്നും പുലര്‍കാലേ,
എന്‍ അമ്പാടികണ്ണനായ് നിന്നീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ഭക്ത സഹസ്രം നിറയും നിന്‍റെ
ഭൂലോകവൈകുണ്ഠം തന്നില്‍ നിത്യം,
ഓടിനടന്നു കളിക്കും നിന്‍റെ -
ദര്‍ശന സൌഭാഗ്യം തേടിയെത്തീ-
തീരാത്തദുഃഖത്തിന്‍ ഭാണ്ഢവും പേറി,
നിന്‍ തിരുമുമ്പില്‍ വന്നു ഞാന്‍ നിന്നു ....
ഭാണ്ഢത്തിനുള്ളു തുറന്നൂ കണ്ണാ ,
നിന്‍ തൃപ്പടി തന്നില്‍ നിരത്തി വെച്ചു.....
മറ്റൊന്നും നേദിക്കാന്‍ വെച്ചില്ല ഞാന്‍
എന്‍ അമ്പാടി കണ്ണാ ക്ഷമിച്ചീടണേ....
ദുഖത്തിന്‍ കൈപ്പുനീര്‍ നീക്കിയെന്‍റെ-
ഹൃത്തില്‍ ഓംകാര മന്ത്രം നിറച്ചീടണേ.....
അവിടുന്നൊരുപിടി മഞ്ചാടി വാരിക്കോട്ടേ കണ്ണാ,
ഇത്തിരി പുണ്യം ഞാന്‍ നേടിക്കോട്ടേ....
ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ,
കല്യാണ കീര്‍ത്തേ ജഗദീശ്വരാ,
എന്‍ ഹൃത്തിലെന്നും വസിച്ചീടണേ ....
നേര്‍വഴിക്കെന്നേ നടത്തീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ .....

വ്യഥ

എന്തു ഞാന്‍ പറയേണ്ടൂ,
എങ്ങിനെ പറയേണ്ടൂ ....
ആളുമെന്‍ മനതാരിന്‍
വിങ്ങുമെന്‍ നിറഭേദങ്ങള്‍ !

സഹനം ഭാവിക്കുന്നു,
സഹിയാതെ തുളുമ്പുന്നു-
നെഞ്ചാകും നെരിപ്പോടില്‍
വ്യഥയായ് തിളക്കുമെന്‍
രക്തത്തിന്‍ നീരാവിയെ,
കണ്ണുനീര്‍ തുള്ളിയെന്ന്
അറിയാത്തോര്‍ ചൊല്ലീടുന്നു!
ഇനിയും ഞാന്‍ എന്തു പറയേണ്ടു,
എങ്ങിനെ പറയേണ്ടു,
പെയ്തൊഴിയെട്ടെയെന്‍ ദുഃഖം,
മഴയായ് കണ്ണീര്‍ മഴയായ് ......
©vijayalakshmi nair,29July2008

Monday 14 July 2008

ചില്ല് പാത്രം

പൊട്ടിപ്പൊളിഞ്ഞൊരു ചില്ലു
പാത്രമായ് തീര്‍ന്നൂ ഞാന്‍-
പെറുക്കി കൂട്ടിയൊട്ടിച്ചു വെക്കാന്‍
ശ്രമിക്കുന്നു , ശ്രമം തുടരുന്നു ,കൈകള്‍ തളരുന്നു ...
രക്തം ചിന്തിയ കൈകളാല്‍, കണ്കളാല്‍
തിരയുന്നു ഞാന്‍.... തെറിച്ചു പോയോരെന്‍
ചില്ല് കഷണത്തിനായ്
തപ്പിത്തടഞ്ഞു ഞാന്‍
ദിനരാത്രങ്ങള്‍ തോറും....
കണ്ടീല, കണ്ടുകിട്ടിയില്ലെനിക്ക്
എന്‍ ജീവിതമാം ചില്ല് കഷണം
എങ്കിലും കണ്ടൂ ഞാനാചില്ലുകഷണം
അങ്ങാകാശ കോണില്‍
ഒരു കൊച്ചുനക്ഷത്രമായ് ജ്വലിപ്പൂ !
ഇന്നും എന്‍ ചില്ല് കഷണത്തിനായ്
നക്ഷത്രകൂട്ടത്തില്‍ തിരയുന്നു ഞാന്‍!
©vijayalakshmi nair,14July2008

Friday 11 July 2008

കവി


കുത്തികുറിക്കാന്‍ എനിക്കൊരു മോഹം….
എങ്കിലും, ഒന്നും അറിയില്ലെനിക്ക്‌!
കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും
കൂട്ടിക്കിഴിച്ചും ഞാന്‍ രൂപപ്പെടുത്തി…
കവിതയെഴുതുമ്പോള്‍, കപിയാം മനസ്സിനെ
ഉള്ചില്ലകള്‍ തോറും ചാടിച്ചു നോക്കി ....
കിട്ടീ കുറച്ചു ഫലങ്ങളെനിക്ക്,
മനസ്സു കൊണ്ടൊക്കെ തരം തിരിച്ചു…
മധുരിക്കും ഫലങ്ങളേ ചേര്‍ത്തുവെച്ചു,
കയ്പും, ചവര്‍പ്പും, ചികഞ്ഞുമാറ്റി ;
നല്ല പഴങ്ങളെ പതിയെ പിളര്‍ന്നു ഞാന്‍
മാംസളഭാഗം പുറത്തെടുത്തു,
പേനയാം കോരിയില്‍ കോരിയെടുത്തു ഞാന്‍
വെള്ളകടലാസ്സിന്‍ തുണ്ടില്‍ നിരത്തി വെച്ചു...
മനസ്സുകൊണ്ടൊന്നു രുചിച്ചു നോക്കി,
ആത്മസംതൃപ്തി നുകര്‍ന്നൂ ഞാനും…
കുത്തികുറിക്കാന്‍ എനിക്കൊരു മോഹം….
എങ്കിലും ഒന്നും അറിയില്ലെനിക്ക്‌!

©vijayalakshmi nair,11July2008

വിഘ്നങ്ങള്‍ തീര്‍ക്കണേ വിഘ്നേശ്വരാ...

ഗജാനനാ ഗണപതീദേവാ..
ഗര്‍ത്തങ്ങള്‍ താണ്ടാന്‍ തുണയേകണേ
കര്‍മ്മത്തില്‍ വിഘ്നങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
കേണുവിളിക്കുന്നു നിന്നെ മാത്രം
വിഘ്നങ്ങള്‍ നീക്കി നീ കാത്തുരക്ഷിക്കണേ..
വിഘ്നേശ്വരാ നമോ ഗണനായക…(ഗജാനന..)

ശിവശക്തിമാരുടെ പൊന്മകനേ
ആറുമുഖന്‍ സോദരാ ശ്രീ ഗണേശ..
അമ്പിളിമാമനു ശാപം കൊടുത്തൊരു
കുടവയറാ എന്‍ ഗണപതിദേവാ..
പര്‍വ്വത പുത്രിക്ക് നാരദന്‍ നല്കിയ
ദിവ്യഫലത്തിനു മോഹിച്ചു നീ..
ശിവശക്തിമാരേ പ്രദക്ഷിണം ചെയ്തങ്ങു
ദിവ്യഫലത്തേ ഭുജിച്ച ദേവാ…(ഗജാനന…)

ഭക്ഷണപ്രിയനാം പാര്‍വ്വതി തനയാ
ഭക്തരില്‍ വാല്‍സല്യം ചൊരിയുന്നൂ നീ
നിന്മുന്നില്‍ തേങ്ങയുടച്ചു ഞങ്ങള്‍
കാലദോഷത്തെ നീക്കീടാനായ്
വൈരാഗി മകനേ ഏകദന്താ എന്നും
നിന്‍ പാദം തേടിയണയുന്നു ഞങ്ങള്‍
തിന്മയകററി എന്‍ മാനസത്തേ നിന്‍
പാദപത്മ്ത്തില്‍ ചേര്‍ത്തീടണേ ..(ഗജാനന ...

©vijayalakshmi nair,11July2008

Tuesday 8 July 2008

വള്ളിക്കാവിലെ തിരുദര്‍ശനം




കാണേണമെനിക്കെന്നും കനിയേണമെന്നോടെന്നും
കാരുണ്യതിടംബാകും ജനനീമാതാവേ നീ
അംബികേ, അമൃതേശ്വരീ, കാളികേ, മൂകാംബികേ
രക്ഷകീ വള്ളിക്കാവില്‍ വിളങ്ങും കാര്‍ത്തിയായിനി
എത്രയോ അലഞ്ഞു ഞാന്‍ വലഞ്ഞു നിന്നെ തേടി
അമ്മ തന്‍ ആലിംഗന സൌഭാഗ്യം നുകരാനായ് ( കാണേണമെനിക്കെന്നും...)
കനിവിന്‍ പൊരുളായ കാവിലമ്മയെ തേടി
അമൃതപുരിതന്നിലമരും ദേവിയെ തേടി
കായലോളങ്ങള്‍ മീതേ അമ്മാനത്തോണിയേറി
അമ്മതന്‍ ദിവ്യഭൂമി തന്നിലേയ്ക്കണഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയെന്‍ ദേഹവും വിറപൂണ്ട
പാദങ്ങളറിയാതെ മണ്ടീ ഞാനമ്മതന്‍ തിരുമുന്നില്‍
കണ്ടുഞാനെന്നമ്മയേ, ശാന്തയാം ജഗദംബയെ
ശുഭ്രവസ്ത്രാംബരീ , യോഗിനീ മാതാവിനെ
ആനന്ദഭാരത്താലെന്‍ കണ്ണുനീര്‍ പൂക്കള്‍ കൊണ്ടു
അമ്മതന്‍ പാദങ്ങളിലര്‍ച്ചന നടത്തീഞാന്‍ ( കാണേണമെനിക്കെന്നും...)
അലിഞ്ഞൂ തീര്‍ന്നു പോയെന്‍ മനസ്സിന്‍ ദുഖഭാരം
അമ്മതന്‍ മടിത്തട്ടില്‍ ലാളനമറിഞ്ഞപ്പോള്‍
എന്നെന്നും തന്നീടണേ തിരുദര്‍ശന സുഖം
ജഗദംബികേ വാണീ, ലക്ഷ്മീ, കാളികേ മഹാമായേ!
( കാണേണമെനിക്കെന്നും...)
©vijayalakshmi nair,08July2008