Tuesday, 29 July 2008

സമര്‍പ്പണംഗുരുവായൂരപ്പാ, ലക്ഷ്മീപതേ
കാരുണ്യമൂര്‍ത്തേ ജഗദീശ്വരാ,
കണ്ടൂവണങ്ങി സ്തുതിപാടീടാന്‍
എന്നും കരുണ നീ ചൊരിയണേ ഉണ്ണിക്കണ്ണാ ....
പുലര്‍കാലേ ഭഗവാന്‍റെ വാകച്ചാര്‍ത്ത്,
അഭിഷേകാദികള്‍ കണ്ടുതൊഴാന്‍
എന്‍ കണ്ണിന്നു കാഴ്ച നീ നല്കീടണേ,
എന്നും കണിയായ്,എന്നില്‍ നിറഞ്ഞീടണേ....
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ചുറ്റും വലം വെച്ചു കുമ്പീടുവാന്‍
എന്നില്‍ പാദഭലം നീ തന്നീടണേ....
സ്മരണയിലെന്നും പുലര്‍കാലേ,
എന്‍ അമ്പാടികണ്ണനായ് നിന്നീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ഭക്ത സഹസ്രം നിറയും നിന്‍റെ
ഭൂലോകവൈകുണ്ഠം തന്നില്‍ നിത്യം,
ഓടിനടന്നു കളിക്കും നിന്‍റെ -
ദര്‍ശന സൌഭാഗ്യം തേടിയെത്തീ-
തീരാത്തദുഃഖത്തിന്‍ ഭാണ്ഢവും പേറി,
നിന്‍ തിരുമുമ്പില്‍ വന്നു ഞാന്‍ നിന്നു ....
ഭാണ്ഢത്തിനുള്ളു തുറന്നൂ കണ്ണാ ,
നിന്‍ തൃപ്പടി തന്നില്‍ നിരത്തി വെച്ചു.....
മറ്റൊന്നും നേദിക്കാന്‍ വെച്ചില്ല ഞാന്‍
എന്‍ അമ്പാടി കണ്ണാ ക്ഷമിച്ചീടണേ....
ദുഖത്തിന്‍ കൈപ്പുനീര്‍ നീക്കിയെന്‍റെ-
ഹൃത്തില്‍ ഓംകാര മന്ത്രം നിറച്ചീടണേ.....
അവിടുന്നൊരുപിടി മഞ്ചാടി വാരിക്കോട്ടേ കണ്ണാ,
ഇത്തിരി പുണ്യം ഞാന്‍ നേടിക്കോട്ടേ....
ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ,
കല്യാണ കീര്‍ത്തേ ജഗദീശ്വരാ,
എന്‍ ഹൃത്തിലെന്നും വസിച്ചീടണേ ....
നേര്‍വഴിക്കെന്നേ നടത്തീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ .....

വ്യഥ

എന്തു ഞാന്‍ പറയേണ്ടൂ,
എങ്ങിനെ പറയേണ്ടൂ ....
ആളുമെന്‍ മനതാരിന്‍
വിങ്ങുമെന്‍ നിറഭേദങ്ങള്‍ !

സഹനം ഭാവിക്കുന്നു,
സഹിയാതെ തുളുമ്പുന്നു-
നെഞ്ചാകും നെരിപ്പോടില്‍
വ്യഥയായ് തിളക്കുമെന്‍
രക്തത്തിന്‍ നീരാവിയെ,
കണ്ണുനീര്‍ തുള്ളിയെന്ന്
അറിയാത്തോര്‍ ചൊല്ലീടുന്നു!
ഇനിയും ഞാന്‍ എന്തു പറയേണ്ടു,
എങ്ങിനെ പറയേണ്ടു,
പെയ്തൊഴിയെട്ടെയെന്‍ ദുഃഖം,
മഴയായ് കണ്ണീര്‍ മഴയായ് ......
©vijayalakshmi nair,29July2008

Monday, 14 July 2008

ചില്ല് പാത്രം

പൊട്ടിപ്പൊളിഞ്ഞൊരു ചില്ലു
പാത്രമായ് തീര്‍ന്നൂ ഞാന്‍-
പെറുക്കി കൂട്ടിയൊട്ടിച്ചു വെക്കാന്‍
ശ്രമിക്കുന്നു , ശ്രമം തുടരുന്നു ,കൈകള്‍ തളരുന്നു ...
രക്തം ചിന്തിയ കൈകളാല്‍, കണ്കളാല്‍
തിരയുന്നു ഞാന്‍.... തെറിച്ചു പോയോരെന്‍
ചില്ല് കഷണത്തിനായ്
തപ്പിത്തടഞ്ഞു ഞാന്‍
ദിനരാത്രങ്ങള്‍ തോറും....
കണ്ടീല, കണ്ടുകിട്ടിയില്ലെനിക്ക്
എന്‍ ജീവിതമാം ചില്ല് കഷണം
എങ്കിലും കണ്ടൂ ഞാനാചില്ലുകഷണം
അങ്ങാകാശ കോണില്‍
ഒരു കൊച്ചുനക്ഷത്രമായ് ജ്വലിപ്പൂ !
ഇന്നും എന്‍ ചില്ല് കഷണത്തിനായ്
നക്ഷത്രകൂട്ടത്തില്‍ തിരയുന്നു ഞാന്‍!
©vijayalakshmi nair,14July2008

Friday, 11 July 2008

കവി


കുത്തികുറിക്കാന്‍ എനിക്കൊരു മോഹം….
എങ്കിലും, ഒന്നും അറിയില്ലെനിക്ക്‌!
കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും
കൂട്ടിക്കിഴിച്ചും ഞാന്‍ രൂപപ്പെടുത്തി…
കവിതയെഴുതുമ്പോള്‍, കപിയാം മനസ്സിനെ
ഉള്ചില്ലകള്‍ തോറും ചാടിച്ചു നോക്കി ....
കിട്ടീ കുറച്ചു ഫലങ്ങളെനിക്ക്,
മനസ്സു കൊണ്ടൊക്കെ തരം തിരിച്ചു…
മധുരിക്കും ഫലങ്ങളേ ചേര്‍ത്തുവെച്ചു,
കയ്പും, ചവര്‍പ്പും, ചികഞ്ഞുമാറ്റി ;
നല്ല പഴങ്ങളെ പതിയെ പിളര്‍ന്നു ഞാന്‍
മാംസളഭാഗം പുറത്തെടുത്തു,
പേനയാം കോരിയില്‍ കോരിയെടുത്തു ഞാന്‍
വെള്ളകടലാസ്സിന്‍ തുണ്ടില്‍ നിരത്തി വെച്ചു...
മനസ്സുകൊണ്ടൊന്നു രുചിച്ചു നോക്കി,
ആത്മസംതൃപ്തി നുകര്‍ന്നൂ ഞാനും…
കുത്തികുറിക്കാന്‍ എനിക്കൊരു മോഹം….
എങ്കിലും ഒന്നും അറിയില്ലെനിക്ക്‌!

©vijayalakshmi nair,11July2008

വിഘ്നങ്ങള്‍ തീര്‍ക്കണേ വിഘ്നേശ്വരാ...

ഗജാനനാ ഗണപതീദേവാ..
ഗര്‍ത്തങ്ങള്‍ താണ്ടാന്‍ തുണയേകണേ
കര്‍മ്മത്തില്‍ വിഘ്നങ്ങള്‍ വന്നു ഭവിക്കുമ്പോള്‍
കേണുവിളിക്കുന്നു നിന്നെ മാത്രം
വിഘ്നങ്ങള്‍ നീക്കി നീ കാത്തുരക്ഷിക്കണേ..
വിഘ്നേശ്വരാ നമോ ഗണനായക…(ഗജാനന..)

ശിവശക്തിമാരുടെ പൊന്മകനേ
ആറുമുഖന്‍ സോദരാ ശ്രീ ഗണേശ..
അമ്പിളിമാമനു ശാപം കൊടുത്തൊരു
കുടവയറാ എന്‍ ഗണപതിദേവാ..
പര്‍വ്വത പുത്രിക്ക് നാരദന്‍ നല്കിയ
ദിവ്യഫലത്തിനു മോഹിച്ചു നീ..
ശിവശക്തിമാരേ പ്രദക്ഷിണം ചെയ്തങ്ങു
ദിവ്യഫലത്തേ ഭുജിച്ച ദേവാ…(ഗജാനന…)

ഭക്ഷണപ്രിയനാം പാര്‍വ്വതി തനയാ
ഭക്തരില്‍ വാല്‍സല്യം ചൊരിയുന്നൂ നീ
നിന്മുന്നില്‍ തേങ്ങയുടച്ചു ഞങ്ങള്‍
കാലദോഷത്തെ നീക്കീടാനായ്
വൈരാഗി മകനേ ഏകദന്താ എന്നും
നിന്‍ പാദം തേടിയണയുന്നു ഞങ്ങള്‍
തിന്മയകററി എന്‍ മാനസത്തേ നിന്‍
പാദപത്മ്ത്തില്‍ ചേര്‍ത്തീടണേ ..(ഗജാനന ...

©vijayalakshmi nair,11July2008

Tuesday, 8 July 2008

വള്ളിക്കാവിലെ തിരുദര്‍ശനം
കാണേണമെനിക്കെന്നും കനിയേണമെന്നോടെന്നും
കാരുണ്യതിടംബാകും ജനനീമാതാവേ നീ
അംബികേ, അമൃതേശ്വരീ, കാളികേ, മൂകാംബികേ
രക്ഷകീ വള്ളിക്കാവില്‍ വിളങ്ങും കാര്‍ത്തിയായിനി
എത്രയോ അലഞ്ഞു ഞാന്‍ വലഞ്ഞു നിന്നെ തേടി
അമ്മ തന്‍ ആലിംഗന സൌഭാഗ്യം നുകരാനായ് ( കാണേണമെനിക്കെന്നും...)
കനിവിന്‍ പൊരുളായ കാവിലമ്മയെ തേടി
അമൃതപുരിതന്നിലമരും ദേവിയെ തേടി
കായലോളങ്ങള്‍ മീതേ അമ്മാനത്തോണിയേറി
അമ്മതന്‍ ദിവ്യഭൂമി തന്നിലേയ്ക്കണഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയെന്‍ ദേഹവും വിറപൂണ്ട
പാദങ്ങളറിയാതെ മണ്ടീ ഞാനമ്മതന്‍ തിരുമുന്നില്‍
കണ്ടുഞാനെന്നമ്മയേ, ശാന്തയാം ജഗദംബയെ
ശുഭ്രവസ്ത്രാംബരീ , യോഗിനീ മാതാവിനെ
ആനന്ദഭാരത്താലെന്‍ കണ്ണുനീര്‍ പൂക്കള്‍ കൊണ്ടു
അമ്മതന്‍ പാദങ്ങളിലര്‍ച്ചന നടത്തീഞാന്‍ ( കാണേണമെനിക്കെന്നും...)
അലിഞ്ഞൂ തീര്‍ന്നു പോയെന്‍ മനസ്സിന്‍ ദുഖഭാരം
അമ്മതന്‍ മടിത്തട്ടില്‍ ലാളനമറിഞ്ഞപ്പോള്‍
എന്നെന്നും തന്നീടണേ തിരുദര്‍ശന സുഖം
ജഗദംബികേ വാണീ, ലക്ഷ്മീ, കാളികേ മഹാമായേ!
( കാണേണമെനിക്കെന്നും...)
©vijayalakshmi nair,08July2008