Monday, 14 December 2009

" അലക്കുകാരന്‍"

കതിരവന്‍ ഉദിച്ചുയരവേ
ഉറക്കച്ചടവാര്‍ന്ന കണ്‍കളാല്‍
അവനെത്തുന്നു ...
ഉമ്മറപ്പടി വാതുക്കല്‍
ഉണര്‍ത്തു പാട്ടെന്നപോല്‍
അറിയിപ്പുമണി നാദം ...
അലസമാക്കിയ ഉറക്കത്തിന്‍
കണ്‍ തരിപ്പോടെ
വീട്ടമ്മ തന്‍ അസഹ്യ ഭാവം !
കണ്ണില്‍ കണ്ണുടക്കാതെ -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു
നമസ്തേ മാഡം
കെട്ടു ഭാണ്ഡത്തിന്‍ കുരുക്കഴിച്ചു
അലക്കി തേച്ചു മിനുക്കിയ
ഉടയാടകള്‍ തന്‍ അടുക്കുകള്‍ ....
വേതനം കൈപ്പറ്റി.
അഴുക്കുവസ്ത്രങ്ങള്‍ കയ്യേറ്റു-
മറ്റൊരു ഭാണ്ഡം മുറുക്കുന്നു
തീയ്യതി കുറിക്കുന്നു ..
മാറാപ്പുകള്‍ തോളിലേറ്റി -
മറ്റൊരു മേല്‍വിലാസം തേടി ...
വെയിലും മഴയും വിശപ്പിന്റെ വിളിയില്‍
അലിഞ്ഞില്ലാതാവുമ്പോള്‍ -
കാലുകളിടറാതെ മനസ്സുപതറാതെ
അലക്കുകല്ലിലെ തല്ലിചിതറിയ
അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ....

Friday, 13 November 2009

ഒരു അമ്മൂമ്മ താരാട്ട് ...


ഞാന്‍ തന്നെ എഴുതി  മുന്നേ പോസ്റ്റ് ചെയ്ത താരാട്ടുവരികള്‍  നിങ്ങള്‍ക്കായ്‌ ...
എന്റെ വികല ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം ...

Friday, 9 October 2009

"ഒരു ഗള്‍ഫ്‌കാരന്റെ അനുഭവ കഥ !! "

ഇതൊന്നു വായിച്ചുനോക്കൂ ...എന്റെ മെയിലില്‍ ഒരു സുഹൃത്ത് അയച്ചു തന്നതാണ് ...എന്തോ ഈ അനുഭവ കഥ ഇവിടെ എല്ലാരുമായി പങ്കുവെക്കണമെന്ന് തോന്നി ..ഞാന്‍ മുന്നേ എഴുതി പോസ്റ്റ് ചെയ്ത "പ്രവാസി "എന്ന കവിതയ്ക്ക് അടിസ്ഥാനവും ഞാന്‍ കണ്ടറിഞ്ഞ അനുഭവമായിരുന്നു ..
"സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു. എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല. ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ. ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം. മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ് "

ഈ അനുഭവ കഥ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തുതോനുന്നു ?ഇതു മെയിലിന്റെ കോപ്പി യാണ് .

Monday, 24 August 2009

" ഇങ്ങിനേയും ഒരോണം "

കേരളീയര്‍ക്ക് സന്തം എന്ന് അഭിമാനിക്കാവുന്ന ഉത്സവാഘോഷമായ " പൊന്നും തിരുവോണം "
ഇതാ സമാഗതമായിരിക്കുന്നു . കുടിലുമുതല്‍ കൊട്ടാരംവരയുള്ള സമാവകാശ ആഘോഷം
എന്നാണു തത്വമെങ്കിലും ...ഈവര്‍ഷത്തെ തിരുവോണത്തെ സന്തോഷത്തോടെ
വരവേല്‍ക്കാന്‍ കേരള മക്കള്‍ക്കാകുമെന്നു തോന്നുന്നില്ല . "കാണം വിറ്റും ഓണം ഉണ്ണണം "
എന്നാണു പ്രമാണമെങ്കിലും വില്‍ക്കാനെവിടെ ...?? അത്രയ്ക്കും
ക്രൂരതയാണല്ലോ പ്രകൃതി ഇത്തവണ കാട്ടിക്കൂട്ടിയത്....കാലവര്‍ഷ താണ്ഡവത്തില്‍ കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും ,പാര്‍പ്പിട നഷ്ടവുമാണ് ജനങ്ങള്‍ക്ക്‌ വരുത്തിവെച്ചത് ... ഇതിന്പുറമെ പലവിധ വര്‍ണ്ണങ്ങളുടെ പേരുപറയുന്നത്പ്പോലെ പലവിധത്തിലുള്ള
പനികളും , അതിന്റെ കഷ്ടപ്പാടുകളും ....ഉപ്പ് തൊട്ടുപച്ചക്കറികള്‍ വരെയുള്ള സാധനങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത വിലക്കയറ്റവും ... ഈ വക കാര്യങ്ങളോടനുബന്ധിച്ചുള്ള പലവിധസാമ്പത്തികബാദ്ധ്യതകളും ... ഇവരെ സഹായിക്കാനെന്ന വ്യാജേന , ഈ അവസ്ഥ മുതലെടുക്കാന്‍" പറമ്പുകളില്‍ കൂണുകള്‍ മുളച്ചുപോങ്ങുംവിധം" ബ്ലെയ്ഡ് കമ്പനികളും...(ഒടുവില്‍ പാവം ജനങ്ങളെ കൂട്ടത്തോടെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു. ) ഈ വര്‍ഷം സാധാരണക്കാരന്റെ അവസ്ഥയാണിത് ... ഈ സാഹചര്യത്തില്‍ അവര്‍ക്കെങ്ങിനെ
ഓണം ആഘോഷിക്കാന്‍ പറ്റും ? ....
ഇതൊന്നും ബാധിക്കാത്ത ഒരു വിഭാഗമുണ്ട് നമുക്കിടയില്‍ "പണക്കാര്‍" അവര്‍ക്കെന്നും പൊന്നോണം !!
"എല്ലാവര്ക്കും ഓണാശംസകള്‍ !!"

Wednesday, 19 August 2009

"എന്റെ കുക്കുവിനു നാളെ രണ്ടാം പിറന്നാള്‍ ""എന്‍ മന:സ്സാക്ഷാത്കാരം നീയാണെന്‍ പൊന്നോമനേ
എത്രയോ കാത്തിരുന്നൂ നിന്റെ യീവരവിനായ് കുഞ്ഞേ ....
ഇന്നു ഞാന്‍ ധന്യയായി ......
കണ്ടു കൊതിപൂണ്ട സ്വപ്നവും യാഥാര്ത്ഥ്യമായ്.
കുഞ്ഞിമ തുറന്നു നിന്‍ കൌതുക വീക്ഷണത്താ-
ലെന്നിലെ മുത്തശ്ശിയെ തൊട്ടുണര്‍ത്തീടുന്നു നീ .
കണ്ടു കണ്ടിരിക്കവേ എന്‍ മനം തുളുമ്പുന്നു
നിനക്കായ് കാത്തുവെച്ച സ്നേഹത്തിന്‍ നിറകുംഭം .
വാരിപ്പുണര്‍ന്നൂ നിന്നെ എത്ര മുത്തമിട്ടാലും
കൊതി തീരില്ല എന്റെ രാരീരം കുഞ്ഞുവാവേ. ...
കിലുകിലെ ചിരി‌ക്കുന്ന നിന്‍ മുഖം എന്‍ ഉള്ളത്തില്‍
ദുഖത്തെ തേച്ചുമായ്ച്ചു ദൂരേ കളയുന്നു ....
എന്നെന്നും നിന്മുഖം കണികണ്ടുണരേണം
ആനന്ദ കുഞ്ഞേ നീയെന്‍ ജീവിത സൌഖ്യമല്ലേ ?
ആരെയും കൊതിപ്പിക്കും നിന്റെയീ ഭാവങ്ങളും
ആരംഭ മുത്തെ നീയെന്‍ ആദ്യത്തെ 'ആദിത്യനായ് !
രാരീരം പാടി നിന്നെയുറക്കാം മുത്തേയെന്നും
ഇക്കിളി കൂട്ടി പൊന്നേ നിന്നെ ഞാനുണര്‍ത്തീടും
കരയാതുണരേണം കണ്മണി കുഞ്ഞല്ലയോ !
പുഞ്ചിരി പൂവിടണം കുഞ്ഞിളം ചുണ്ടിലെന്നും
വന്നെത്തി നിനക്കിന്നു രണ്ടാംജന്മദിനം
മനസ്സാ നേരുന്നു ഞാന്‍ ആയുരാരോഗ്യ സൌഖ്യം ...

(നാളെ 20/8/2009 randaam പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ കുഞ്ഞു മോന്‍ ആദിത്യ കൃഷ്ണക്ക്....എല്ലാ നന്മകളും നേരുന്നു ... ) ഈ കവിത ആദ്യം വന്നതാണ്‌ ..

Tuesday, 28 July 2009

" സ്ത്രീ ധനം "

സ്ത്രീയാണു് ധനമെന്നു
ചിന്തിക്കുന്നൊരു യുഗം
ഭൂമിയില്‍ പിറന്നെങ്കി-
ലെത്രയോ ഭൂമി ധന്യം!!
"സ്ത്രീ ധനം വാങ്ങരുത് ,
കൊടുപ്പതും കുറ്റകരം .. "
വേദിതന്നില്‍ -
ചര്‍ച്ചയിലൊതുങ്ങീടും ....
വാങ്ങീടും ലക്ഷങ്ങളോ -
കീശയില്‍ ചില്ലറക്കായ് !
പെണ്ണിന്റെ പേരില്‍ തന്നെ -
നല്ലൊരു വീടു വേണം ,
കറങ്ങി നടക്കുവാന്‍ നല്ല -
കാറൊന്ന് വേറെ വേണം !
എന്തിനീ കള്ളനാട്യം ?
സ്ത്രീധന നാമമാറ്റം !
വിഡ്ഢിയെന്നു ധരിക്കുന്നു -
സഹജീവികളെ ഇവര്‍ !
ഇനിയുമുണ്ടിവരുടെ -
ആദര്ശാവശ്യങ്ങള്‍ ,
കേട്ടാലോ ഞെട്ടിപ്പോകും !
പെണ്ണിനു ഡിഗ്രികള്‍ വേണം ,
പൊന്നൊരു നൂറുപവന്‍ ,
അവള്‍ , പത്തരമാറ്റുള്ളൊരു -
സുന്ദരീയായീടേണം
മകള്‍ തന്‍ വേളിക്കായി-
പെണ്ണിന്റെ പിതാവയ്യോ പാവം
നെട്ടോട്ട മോടീടുന്നു ...
ബ്ലേഡിലും ബാങ്കിലുമായ്‌
വീടോ പണയത്തിലായ്‌ -
തെങ്ങിന്‍ ത്തോപ്പുള്ളതും പോയി ...
എല്ലാമായ്‌ പൊന്നുമോള്‍ക്കാ -
ജീവിതം കൊടുത്തച്ഛന്‍ !
ഉണ്ടിവര്‍ക്കിനി രണ്ടു പെണ്മക്കള്‍ .....
കിട്ടുന്ന വരുമാനം-
പലിശക്കു തികയാതായി....
അഷ്ടിക്ക് വക യില്ലാതെ -
പട്ടിണി കോലങ്ങളായ് !
ജീവിത പ്രാരാബ്‌ധത്താല്‍
തളര്‍ന്നാ രക്ഷിതാവ് ...
ആധിയും വ്യാധിയുമായ്‌ -
ഒരു പിടി ചാരമായി ....
ശേഷിച്ചോരവസ്ഥ -
കഠോരമീ ലോക സത്യം ..
എത്രയോ ഹതഭാഗ്യ ജീവന്‍ .....
സാരി തുണ്ടില്‍ മുറുകുന്നു ,
അഗ്നി ഗോളങ്ങളിലെരിഞ്ഞടങ്ങുന്നു ...
സ്ത്രീധന ശാപമോക്ഷം ...
ഈ ലോകത്തിന്‍ ധന്യ മോക്ഷം !

Tuesday, 30 June 2009

" സ്നേഹ ദീപമേ നയിച്ചാലും !! ""ഇത് ഞങ്ങളുടെ വീടിന്റെ വിളക്ക് " പി .എം .കെ .നായര്‍
.......... .......... ......... ......... ........ ........

കാലം ചിറകുവിടര്‍ത്തി പറക്കവേ -
വേറിട്ട എട്ടുവര്ഷത്തിന്റെ ഓര്‍മ്മകള്‍ !
രണ്ടു നാള്‍ മുന്നാലെ സംഭവിച്ചുളളപോല്‍
ഉള്ളില്‍ തികട്ടി പുകഞ്ഞെരിഞ്ഞീടുന്നു ...
നല്ലൊരു നാളേക്ക് കൈനീട്ടി നില്‍ക്കുമ്പോള്‍ -
അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
മക്കള്‍ തന്‍ സ്നേഹ വാത്സല്യത്താലെന്‍ ദുഃഖം -
ആരോരും കാണാതെ എന്നുള്ളീലൊതുക്കുന്നു.
ഓരോ ദിനവും അങ്ങില്‍ തുടങ്ങുന്നു -
ഒരമ്മതന്‍ വേഷത്തീലാടിടുന്നു ...
അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല ..
നമ്മുടെ വീട്ടിലെ നല്ല മുഹുര്‍ത്തങ്ങള്‍ക്ക് -
സാക്ഷിയായ്‌ ,ശക്തിയായ്‌ ,സര്‍വ്വസ്വവുമായി -
യെന്മനശക്തിയായ്‌ എല്ലാംനടത്തുന്നു .
എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ...
ഞങ്ങളെ വേര്‍പ്പെടാനാവില്ലോരിക്കലും .
എവിടെയുമെപ്പോഴും ,ഞങ്ങളോടൊപ്പമായ് -
ഒരു കൊച്ചു ശലഭമായ്‌ പാറിക്കളിക്കുന്നു !
.........................................................
july1.....ഇന്നു എന്റെ ദുഃഖങ്ങള്‍ക്ക് ,എട്ടുവയസ്സു തികയുന്നു .ഇനിയും എത്ര കാലം ....

വിജയലക്ഷ്മി .

Monday, 15 June 2009

"ഇതും മഴക്കാല കാഴ്ച്ചകള്‍ "

ഇളം തെന്നലിക്കിളി ക്കൂട്ടുമ്പോള്‍
കിലുകിലാരവത്താല്‍ ...
ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,
മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !
കണ്ണുകള്‍ക്കാനന്ദ രസം -
പകരുമാ കാഴ്ച്ചകള്‍ !
അങ്ങാകാശ മേലാപ്പില്‍ -
കരിമുകിലിഴഞ്ഞു കിഴക്കിന്‍
ദിശയില്‍ സംവദിക്കവേ ..
തുള്ളിക്കൊരു കുടം മഴയായ്‌ -
ഭൂമിക്ക് ദാഹം തീര്‍ക്കാന്‍ .....
ജീവജാലങ്ങള്‍ തന്‍ -
കുടിവെള്ള വറുതിക്കറുതിയായ് !
പൊഴിച്ചത് പുഴയായ്‌ മാറി ,
വഞ്ചി കണക്കിനു തുഴഞ്ഞു പ്പോകുന്നിതോ -
ഇരുചക്ര ,നാല്‍ചക്ര വാഹനങ്ങള്‍ !
പാതയോരത്തു ..കാല്‍നട പ്പാതകള്‍-
കണ്ണില്‍ പെടാതുഴലുന്ന ജനം ,
മറിഞ്ഞു ഗര്‍ത്തങ്ങളില്‍ വീണു-
കൈ ,കാലിനെല്ലുനുറുങ്ങിയും ,
ആതുരാലയത്തിലഭയം തേടുന്നോര്‍ !
ഓടകള്‍ പ്പൊട്ടിയൊഴുകി ചേരുന്നു ....
ഡങ്കിപ്പനി ,എലിപ്പനി ,പന്നിപ്പനി ,കോളറ ...
ഭയാനകം , മരണത്തിന്‍ കാലൊച്ചകള്‍ !
ഇളം തെന്നല്‍ വീശി , ക്കൊടുങ്കാറ്റായ് മാറി -
പ്രകൃതി തന്‍ ,വികൃതി താണ്ഢവം !
മക്കളെ പേറിനിന്നോരാ വരിക്കപ്ലാവ് ,
തായ് വേരിളകി വീടിന്നു മേല്‍കൂരയില്‍ -
പതിക്കവേ ഇനിയെന്തെന്ന് ...
പറയേണ്ടതില്ലയ്യോ ഭീകരക്കാഴ്ച്ചകള്‍ !
ഇതും മഴക്കാല ക്കാഴ്ച്ചകള്‍ !!!

Wednesday, 20 May 2009

"പ്രവാസി "

ഹേ പ്രവാസി ! നിന്റെ
യൌവ്വനവും മോഹങ്ങളും -
ഈ സ്വപ്ന ഭൂമിയാം മണലാരണ്യത്തില്‍ ....
രക്തവും മജ്ജയും വിയര്‍പ്പാക്കി മാറ്റി ..
നീയും നിന്റെ സഹജരും പണിയും -
മണി സൌധങ്ങള്‍തന്‍ ഉയരങ്ങള്‍ !
കമ്പിക്കെട്ടുകള്‍നെയ്ത-
ഊടുപാവുകള്‍ക്കു മുകളില്‍
സിമന്റും പൂഴിയും ചേര്‍ത്ത ...
മിശ്രണത്തിന്നെരിച്ചിലും,
ജ്വലിക്കും സൂര്യകിരണങ്ങള്‍ തന്‍ -
പൊള്ളിക്കും നീറ്റലും സഹിച്ചു ...
നിങ്ങള്‍ പണിതുയര്‍ത്തുന്നോരാ -
കണ്ണെത്താതുയരം താണ്ടും ,
മണി സൌധങ്ങള്‍ !
നിന്‍ മേലാളിന്നൌദാര്യം പോല്‍ ,
നീ കയ്യേല്ക്കുമ്ത്തിരി കാശും പോരാഞ്ഞു -
കൊടും പലിശയ്ക്കു കടമെടുത്തും
ഡ്രാഫ്റ്റായ് നാട്ടിലെത്തുന്ന കാശിന്റെ -
വിലയറിയാതെ ,വേദനപ്പാടറിയാതെ ..
ഹേ പ്രവാസീ !
നിന്റെ വിശപ്പിന്റെ വിളിക്ക് ,
കുബൂസ്സും ഒത്തിരി വെള്ളവും ...
നിന്റെ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ -
നീ സഹിക്കും കഷ്ടതകളറിയാതെ ,
നിന്‍ കുടുംബം സുഖലോലുപരായ് ...
ഗള്‍ഫുകാരന്റെ ഭാര്യയായ് മക്കളായ്‌ !
ആര്‍ഭാടജീവിതം നയിക്കുന്നോര്‍ -
ആ കാശിന്റെ വിലയറിയില്ലവര്ക്ക് !
നിന്റെ യൌവ്വനത്തിന്റെ -
സൂര്യകിരണങ്ങള്‍ ഊറ്റിയെടുക്കും ,
രക്തത്തിന്റെ , വിയര്‍പ്പിന്റെ -
വില അറിയില്ലവര്‍ക്ക് !
ഹേ പ്രവാസി ...അവര്‍ -
ഗള്‍ഫ്കാരന്റെ ഭാര്യയാണ് മക്കളാണ് !!

ഈ കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ..ഞങ്ങള്‍ അബുദാബിയില്‍ താമസിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിന്നെതിര്‍വശം മറ്റൊരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ടായിരുന്നു .കാലത്തുണര്‍ന്നു ജനല്‍ കതകുതുറന്നാല്‍ കാണുന്നകാഴ്ച്ച ആജോലിക്കാരുടെസാഹസികതകളാണ്...ഞാനൊത്തിരിസമയംവിഷമത്തോടെനോക്കിനില്ക്കാറുണ്ട് .ഞാനെന്റെ മോളെകാട്ടിക്കൊടുത്തു അവളോട്‌ പറയാറുണ്ട് "ഈ ജോലിക്കാരുടെ പ്രയാസങ്ങളും മറ്റും വീട്ടുക്കാര്‍ അറിയുന്നുണ്ടോ ?"എത്ര അപകടം നിറഞ്ഞ ജോലിയാണ് ഇവര്‍ ചെയ്യുന്നത് "..പണിയുന്ന കെട്ടിടത്തിനു സൈഡില്‍ ഒരു ടിന്‍ ഷീറ്റുകൊണ്ട്നിര്‍മ്മിച്ച പാര്‍പ്പിടത്തിലാണ് ഇവരുടെ താമസം ..ഏതാണ്ട് മൂന്നുമാസത്തോളം നിത്യ കാഴ്ചയായിരുന്നു . പിന്നെഞങ്ങള്‍ അലൈനിലോട്ട് താമസം മാറി ..അവരെ കുറിച്ചു ഇത്തിരിയെങ്കിലും എഴുതണമെന്നുതോന്നി .

Saturday, 16 May 2009

"പ്രിയ വായനക്കാരെ "

എന്റെ പ്രിയ സുഹൃത്തുക്കളുടെ ..വായനക്കാരുടെ (മക്കളുടെ ,സഹോദരി ,സഹോദരന്മാരുടെ ) അറിവിലേക്കായി : ശാരീരികാസ്വാസ്ഥ്യം കാരണം ഞാന്‍ ഒരു രണ്ടുമാസക്കാലമായി എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റൊന്നും ചെയ്യാത്തത് ..കുറച്ചു സമയം കൂടി ഈവിധം തുടരേണ്ടി വരുമെന്ന് തോന്നുന്നു ..എല്ലാം ഈശ്വര കൃപപോലെ നടക്കുമെന്ന് വിശ്വസിക്കുന്നു ..
എനിക്കും എന്റെ ബ്ലോഗിനും വേണ്ടുന്ന വിധം പ്രോത്സാഹനം നല്കിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒത്തിരി ഒത്തിരി നന്ദിയും കടപ്പാടും അറിയിക്കുന്നു .

Friday, 6 February 2009

" രക്ത സാക്ഷി "


കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനകത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി -
കൊച്ചേച്ചിക്കോ അവന്‍ തങ്കക്കുടം .
അമ്മിഞ്ഞ ചുരത്തുമ്പോളമ്മതന്നുളളി-
ലോരായിരം സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍ പിച്ചനടക്കുമ്പോ-
ളച്ഛന്റെ മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടുമുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍ ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങികളിച്ചവന്‍
വിദ്യക്കായ് വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയവന്‍ -
ഗുരുവിനു സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍ മാറിവന്നു..
കാലം അവനുടെ ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍ മാതാപിതാക്കളൊ -
ആശ്വാസ നിര്‍വൃതിയില്‍ ലയിച്ചു !
പ്രായം അവനില്‍ പലമാറ്റങ്ങളായ്-
കൌമാര തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവു പോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി ..
പൊന്നുമോന്‍ നേര്‍ വഴിക്കെത്തീടാനായി-
ട്ടൊരുപാടുപദേശം നല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് മാറിയവന്‍ -
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി ...
ഹര്‍ത്താലില്‍ പൊതുമുതലെറിഞ്ഞുടച്ചൂ-
അവന്‍ നിയമപാലകന്മാരെ കല്ലെറിഞ്ഞു ..
അച്ഛനമ്മമാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതി യവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നി ചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചു പോല്‍ രക്ത പൂക്കള്‍ !
രാഷ്ട്രീയ കോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈ ജന്മം പോരതു തീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനക തിടമ്പാണാ പൊന്നൂമകന്‍..

ഈ കവിത ആറുവര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതയ്ക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..

Tuesday, 20 January 2009

"കള്ളി കുയില്‍ "


മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നൊരു-
അണ്ണാരകണ്ണന്‍ കളിയാക്കി ചോദിച്ചു
കറുമ്പികുയിലേ കള്ളികുയിലേ ...
കാടെവിടെ നിന്‍കൂടെവിടെ -
കൂട്ടിന്നു തുണയെവിടേ?
യെന്തേ ഒന്നും മിണ്ടാത്തേനീ-
കിലു കിലു നാദം മീട്ടാത്തേ ..
ആരാനും നിന്നെ പഴിപറഞ്ഞോ ?
നിന്റെ ചതിപണിയാരേലും കണ്ടറിഞ്ഞോ?
കള്ളികുയിലേ കറുമ്പികുയിലേ...
നിന്‍കഥയെന്തേ ചൊല്ലാത്തു? (മൂവാണ്ടന്‍ മാവിന്റെ....)
നിന്‍ കളകളനാദം കേള്‍ക്കാന്‍ ,
നിന്നോടൊപ്പം ചേര്‍ന്നു പാടാന്‍
പറന്നുയരം താണ്ടാന്‍ നിന്റെ -
തുണയെവിടെ പ്രിയനെവിടേ ,
വായാടി കുയിലേ ......(മൂവാണ്ടന്‍ ......
എന്തെ അവനുമായ് പിണക്കമാണോ ?
കള്ളി യെന്തേ... ഒന്നും മിണ്ടാത്തെ നീ ...
പണ്ടോരുനാളില്‍ കാക്കച്ചി ക്കൂട്ടില്‍,
കാക്കച്ചി കാണാതെ കള്ളികുയിലെ നീ മുട്ടയിട്ടു.
തന്‍ മുട്ടയെന്നോര്‍ത്താ പാവം ,
കുഞ്ഞു വിരിയാനടയിരുന്നു .
മുട്ട വിരിഞ്ഞു ,കുഞ്ഞു വളരാന്‍ ,
തീറ്റകള്‍ നല്കിയെന്നും കാക്കമ്മ .
ചിറകു വളര്‍ന്നു തത്തി കളിച്ചു ...
പറക്കാന്‍ പഠിപ്പിച്ചു കാക്കമ്മ !
ഒരുനാള്‍ കാക്കമ്മ തിരികേ വന്നപ്പോള്‍ ,
കുഞ്ഞുങ്ങള്‍ രണ്ടാളെ കണ്ടില്ലാ !
എങ്ങുപോയെങ്ങുപോയ് എന്‍ മക്കളെന്നോര്ത്തു -
തല തല്ലി കരഞ്ഞുപോല്‍ കാക്കമ്മ ...
പാവം ആ കൊമ്പിലീകൊമ്പില്‍ പറന്നുനോക്കി...
കഷ്ടം കണ്ടില്ലയെങ്ങും കുഞ്ഞുങ്ങളെ -
കള്ളീ നീ കൂട്ടി പറന്നതറഞ്ഞില്ലവള്‍ !
മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നൊരു -
അണ്ണാരകണ്ണന്‍ കളിയാക്കി ചോദിച്ചു..
ചതിച്ചികുയിലേ...യെന്തേ ഒന്നും മിണ്ടാത്തേ ?
നിന്‍ തലയെന്തേ കുനിഞ്ഞു പോയി.. ?

Wednesday, 14 January 2009

"കുഞ്ഞു മനസ്സ്‌ "


കുഞ്ഞു മനസ്സില്‍‌ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവമനസ്സ്....
കള്ളമോ ചതിയോ അവനറിയില്ല-
കണ്ണാടിപോലെയാമനസ്സ്!
മതവും ജാതിയും അവനറിയില്ല,
എല്ലാരും ഒന്നുപോലാ മനസ്സില്‍‌....
കുസൃതികള്‍ കാട്ടും, കുടുകുടെ ചിരിക്കും
തുള്ളിച്ചാടി നടക്കുമവന്‍
അടിപിടികൂടും, വിതുമ്പി കരയും,
കിട്ടിയതെല്ലാം എറിഞ്ഞുടക്കും!
വാരിയണച്ചാല്‍ മാറോടുചേര്‍ത്താല്‍
കുഞ്ഞിളം ചുണ്ടില്‍ ചിരി പടരും,
പിന്നേ കലപില കൂട്ടി ഓടിനടക്കും
കണ്ണാരം പൊത്തി കളിക്കും,
കൊച്ചു കൊച്ചു കാര്യം വിക്കി വിക്കി പറയും,
പാട്ടുകള്‍ പാടും ആ ഇളം മനസ്സ്
ഉറക്കം നടിക്കും, കണ്ണടച്ച് ചിരിക്കും ,
എല്ലാം അവനുടെ കുസൃതിക്കളി...
എന്നും അവനെന്റെ അരുമക്കിളി
അമൃതം ചൊരിയും എന്‍ കുസൃതികുട്ടി!
കുഞ്ഞു മനസ്സില്‍‌ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവ മനസ്സ് ...