Thursday, 25 December 2008

"മദ്യം വിഷമാണ് കുടുംബനാശിനിയാണു് "

ഈയൊരുവിഷയം പലര്ക്കും ഇഷ്ടപ്പെടില്ല എന്നറിയാമെങ്കിലും എഴുതാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.....ഞാന്‍ എന്റെ ദൌത്യംതുടര്‍ന്നോട്ടെ ? കണ്മുന്നില്‍ക്കണ്ട ഒത്തിരിവേദനിപ്പച്ച അനുഭവങ്ങള്‍ (തെറ്റിദ്ധരിക്കരുതേ ഈകാര്യത്തില്‍ എന്റെകുടുംബംവിമുക്തരാണ്,ഞാന്‍ ഭാഗ്യവതിയുമാണു്.ഞാനുമെന്റെ കുടുംബവും മദ്യവിരോധികളാണ്.എന്റെ ഭര്ത്താവ് മരണംവരെ ഈസാധനം തൊട്ടുരുചിച്ചിട്ടുപ്പോലുമില്ല . ഇതുപയോഗിക്കാനുള്ള ഒരുപാടു സാഹചര്യങ്ങളുണ്ടായിരുന്ന കസ്റ്റംസ് ഓഫീസറായിരുന്നു അദ്ദേഹം .ഓഫീസ്മീറ്റിങ്, ഗ്ലോബല്‍മീറ്റിങ്ങ് ഇവയേതില്‍ പങ്കെടുത്താലും കൂടെഈറ്റിങ്ങുമുണ്ടാകുമല്ലൊ ഒപ്പം മെയ്ന്‍ വിഭാഗം മദ്യമായിരിക്കും എന്നാല്‍ അദ്ദേഹം ജുസിലൊതുക്കും.അക്കാലം പെപ്സി യൊന്നും വ്യാപകമായിരുന്നില്ലല്ലൊ.ഈ അച്ഛന്റെ സ്നേഹമറിഞ്ഞു വളര്ന്നതാവാം മകനേയും അത്തരം ശീലങ്ങളൊന്നും ബാധിച്ചിട്ടില്ല. അവനും മാസത്തില്‍ പത്തുദിവസവും ഒഫീഷ്യല്‍ മീറ്റിങ്ങുംഈറ്റിങ്ങും തന്നെ ,അവന്‍ പെപ്സി യിലൊതുക്കും.അവനിവിടെ അബുദാബിയിലാണ്........ ഞങ്ങളുടെ ഫാമലിക്കൊത്തൊരു മകളുടെ ഭര്‍ത്താവിനേയും കിട്ടി ,അവനും എന്റെമകനെപ്പോലെ തന്നെ .അവന്‍ യു .കെ.യില്‍ ഡോക്ടറാണു്..ഇങ്ങിനെയുള്ള ഭര്‍ത്താവുംമക്കളുമാണ്എന്റെ ഭാഗ്യം) എല്ലാവരുമായി പങ്കുവെച്ചാല്‍ലക്ഷത്തിലൊരാള്‍ക്കെങ്കിലും മനംമാറ്റം സംഭവിച്ചാല്‍ എന്ന് ഞാനാശിക്കുന്നു..... ഈ മദ്യത്തിന്നടിമപ്പെട്ടുകൊണ്ടു് ജീവിതം നാശത്തിന്റെ വഴിയിലകപ്പെട്ട ഒരുപാടു കുടുംബം എന്റെ അറിവിലുണ്ട് .ഭര്‍ത്താവിന്റെ ജോലിസംബന്ധമായ് കുറേ വര്ഷം ഞങ്ങള്‍ കോഴിക്കോടു് താമസിച്ചിരുന്നു .കസ്റ്റംസിന്റേയും ,ഇന്‍കംടാക്സ്ഓഫീസ്ന്റെയും ക്വാട്ടേഴ്സില്‍. അവിടെ ഞങ്ങളുടെ ഫ്ലാറ്റില്‍ തേര്‍ഡ്ഫ്ലോറില്‍ എന്റെഭര്ത്താവിന്റെ അതേ സ്റ്റാറ്റസ്സിലുള്ള മറ്റൊരു ഫാമലിയും താമസിച്ചിരുന്നു .നല്ല പൊസിഷനും,നല്ലശമ്പളവുമൊക്കെയുണ്ടു്,നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സംതൃപ്തക്കുടുംബമായേനെ.ഭര്യയുംഒരുമകളുംമകനും പിന്നെ അയാളുടെ അമ്മയും കൂടെയുണ്ടായിരുന്നു .മകള്‍ ഡിഗ്രിക്കും,മകന്‍ പ്ലസ്ടൂവിലും പഠിക്കുന്നു,നല്ല സ്നേഹമുള്ള മക്കള്‍ .പൊതുവായി പറഞ്ഞാല്‍ ഇയാള്‍ നല്ല സ്നേഹമുള്ളയാളാണ്.
പറഞ്ഞിട്ടെന്താകാര്യം അയാള്കിട്ടുന്നവരുമാനംമുക്കാല്‍പങ്കിലേറെയും മാസാവസാനം മദ്യവില്പനക്കാരന്റെ പോക്കറ്റിലെത്തിക്കും ഒരു ദിവസംപോലും ഇങ്ങേര്‍ക്ക് കുടിക്കാതെ പറ്റില്ലെന്നവസ്ഥ,കൂട്ടുകൂടി കുടിക്കാന്‍ താഴെകിടയിലുള്ള കുറേ കൂട്ടുകെട്ടും... .ഇക്കൂട്ടര്‍ ഇയാളുടെ അവസ്ഥ ശരിക്കുംമുതലെടുത്ത് കയ്യിലുള്ളക്കാശും കടമെന്നപേരില്‍തട്ടിയെടുക്കും. തലയിലെ ലഹരിവിടുമ്പോള്‍ കാശെങ്ങോട്ട്പ്പോയിയെന്ന ഓര്‍മ്മയുമുണ്ടാവില്ല.പിന്നെ വീട്ടു ചിലവിനും കുട്ടികളുടെ പഠിത്തത്തിനുംമറ്റുമായി ആ അമ്മയും മകന്റെ ഭാര്യയും ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു .
രാത്രിയായാല്‍ കുടിച്ചുവന്നിട്ടുള്ള ഇയാളുടെ ശല്യം, ഭാര്യയെവല്ലാതെ ദേഹോപദ്രവംചെയ്യും ,ഒച്ചവെച്ചാല്‍ വീട്ടുസാധനങ്ങളൊക്കെ എറിഞ്ഞുടക്കും.അമ്മയെ ഉപദ്രവിക്കുന്നതുകണ്ടു മകന്‍ തടയാന്‍ശ്രമിക്കുമ്പോള്‍ അവനേയുംഇടിച്ചു പുറത്താക്കി കതകടയ്ക്കും .മറ്റുവീട്ടുക്കാര്‍ ബഹളംകേട്ടുചെന്നാല്‍ അയാള്‍ വഴക്ക് പറഞ്ഞോടിക്കും .പിന്നീട് ബഹളം കേട്ടാല്‍ ആരുമടുക്കാറില്ല .എത്രയോ തവണ ഈ സ്ത്രീ തൊഴിസഹിക്കവയ്യാതെ അയാളുക്കാണാതെ ഒളിച്ചിരിക്കാന്‍ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയിട്ടുണ്ട്.അവരെന്നോട് പറയുമായിരുന്നു "വിജയ എന്നെങ്കിലും നിങ്ങള്‍ ന്യൂസ് പേപ്പറില്‍ വായിക്കും ____എന്നയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തുയെന്ന്"ആവാക്ക് എപ്പോഴും എന്റെ മനസ്സില്‍ വല്ലാത്തൊരു വേദനയായിരുന്നു .ഇവരേയും മക്കളെയും ഞങ്ങള്ക്ക് വലിയ ഇഷ്ട്ടമായിരുന്നു .തിരിച്ചവര്‍ക്കും... ഇവരുടെ മകള്‍ ഒരവസരം എന്നോട് പറയുകയുണ്ടായി " ആന്റി മറ്റു ക്വാട്ടേഴ്സിലുള്ള ആരെയും ഞാന്‍ മൈന്റ് ചെയ്യാറില്ല .അതുകൊണ്ട് ഞാന്‍ വലിയ അഹംങ്കാരിയാണെന്ന് പരക്കെ പറയുന്നുണ്ടെന്ന് ഞാനറിഞ്ഞു ..പക്ഷെ ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"എന്ന ആകുട്ടിയുടെചോദ്യം മനസ്സിനെ ഒത്തരി വേദനിപ്പിച്ചു.... പിന്നെ എന്റെ ഭര്‍ത്താവിനു സ്ഥലമാറ്റമായി.പിന്നീട് അവരുടെ കാര്യമൊന്നുമറിഞ്ഞിരുന്നില്ല.ഈ അടുത്ത കാലത്താണ് മറ്റൊരാള്‍ മുഖേനയറിയാന്‍കഴിഞ്ഞത് ആക്കുടുംബത്തിന്റെ ഇന്നത്തെയവസ്ഥ. "അയാള്‍ സര്‍വ്വീസിലിരിക്കെ മരണമടഞ്ഞുവെന്നും , ആ ജോലി മകനുകിട്ടിയെന്നും ,മകള്‍ക്ക് ജോലിയായി, വിവാഹം കഴിഞ്ഞു കുടുംബമായ് കഴിയുന്നു .. അയാളുടെ അമ്മയും മരണപ്പെട്ടു ..ഭാര്യ മകനോടൊപ്പം കഴിയുന്നു ... "ഈ വിവരം എന്നെ സന്തോഷിപ്പിക്കുന്നതോടൊപ്പം....അയാളെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു എല്ലാം അയാളുവരുത്തിവെച്ചതുതന്നെ.....

തല്‍ക്കാലം ഞാനിവിടെ നിര്‍ത്തട്ടെ ....ആര്ക്കെങ്കിലും ഈ പോസ്റ്റ് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക......

Tuesday, 23 December 2008

"ക്രിസ്തുമസ് പുതുവല്‍സരാശംസകള്‍!!!! "


കാലിത്തൊഴുത്തില്‍ വൈക്കോല്‍വിരിപ്പില്‍ -
ദിവ്യ നക്ഷത്രം ഉദിച്ചപ്പോലെ !
ലോകത്തിന്‍ ദിവ്യ വെളിച്ചവുമായ് !
ഉണ്ണിയേശുഭൂജാതനായി!!
കന്യാമറിയത്തിന്‍ പൊന്നോമനയായ് ,
ലോകപിതാവിന്റെ കണ്മണിയായ്,
ഈവിശ്വത്തെ കാക്കാനായ് -
അധര്‍മ്മത്തെ നീക്കാനായ് ,
മിശിഹാതമ്പുരാന്‍ നമ്മള്‍തന്‍നാഥനായ്,
ഭൂലോകമണ്ണില്‍ പിറന്നതല്ലേ ?
പാപികള്‍ക്കാശ്രയം നല്കിടാനായ്,
സല്ക്കര്‍മ്മ പഥത്തില്‍നയിച്ചീടാനായ്,
മുള്‍ക്കിരീടം ശിരസ്സിലേറ്റിടുവാനായ് -
ലോകത്തിന്‍നാഥനായവതരിച്ചു!!
ഒറ്റിക്കൊടുത്തോനെ സ്നേഹിക്കാനും -
സ്നേഹത്താല്‍ നേര്‍വഴി കാട്ടിടാനും ,
ഭൂലോകത്തില്‍ ദിവ്യ വെളിച്ചവുമായ്
യേശുനാഥന്‍ പിറവിയെടുത്തു !!!

Monday, 8 December 2008

"സ്വാര്‍ത്ഥതയുടെനിഴല്‍"


അന്തിക്കൊരിത്തിരി മിനുങ്ങി നടക്കാന്‍
കുഞ്ചനും കൂട്ടരും ഷാപ്പിലെത്തി.
ഷാപ്പിന്‍റെ കോണീലരണ്ട വെളിച്ചത്തില്‍
കുഞ്ചനും കൂട്ടരും നിരന്നിരുന്നു .
കള്ളിന്‍ കലങ്ങളുമായി ചന്ദനെത്തി -
ബെഞ്ചിന്മേല്‍ പതിവു പോല്‍ നിരത്തിവെച്ചു .
കള്ളിന്നു മേമ്പൊടി ചാളമത്തി
മൊളകിട്ടു വെച്ചത് തൊട്ടുകൂട്ടി.
കള്ളിന്‍ കലങ്ങളോ കാലിയായി ,
കുഞ്ചനും കൂട്ടരും ഫോമിലായി.
നാട്ടാരേം വീട്ടാരേം തെറിവിളിച്ചു-
കാണുന്നതൊക്കെയും തച്ചുടച്ചു ,
ചടുലനൃത്തങ്ങള്‍ക്ക് തുടക്കമിട്ടു.
തത്തിമി തകതിമി തെയ്യംതാര ...
തരികിട തരികിട തിത്തിത്താര ...
ഷാപ്പിനുടമയോ പൊറുതിമുട്ടി -
കാശിനായി പിന്നാലെ വട്ടമിട്ടു ,
കുഞ്ചനാ കൈകൊണ്ടൊന്നാഞ്ഞു വീശി -
ചന്ദനോ കൊഞ്ചന്‍ ചുരുണ്ട പോലായ് !
കുഞ്ചനും കൂട്ടരും ഷാപ്പ്‌ വിട്ടു -
നാട്ടുവഴികളില്‍ പൂരപ്പാട്ടുയര്‍ന്നു ...
സ്ഥലകാലബോധവും നഷ്ടമായി-
തല്ലിപ്പിരിഞ്ഞു പോയ് കൂട്ടരേവം.
പിന്നെ ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി -
ധീരതയോടെ നടന്നു കുഞ്ചന്‍ .
ഇടത്തോട്ടു പോകുമ്പോള്‍ ,വലത്തോട്ട് നീങ്ങുന്ന-
പാദങ്ങള്‍ കുഞ്ചനു പാരയായി .
അടിതെറ്റി കുഞ്ചന്‍ നിലംപതിച്ചു-
ഉമ്മറപ്പടികളോ നീന്തിക്കേറി
പിടിവിട്ടു പിന്നെയും താഴെയെത്തി
ശബ്ദം കേട്ടോടിയണഞ്ഞു പത്നി
നെഞ്ചത്തടിച്ചൂ നിലവിളിച്ചു
കുഞ്ഞുങ്ങള്‍ ഞെട്ടീയുണര്ന്നെണീറ്റു
അന്തം വിട്ടങ്ങനെ നില്പുമായി
താങ്ങിപിടിച്ച് നിവര്‍ത്തി നിര്‍ത്തി
കൈതാങ്ങിട്ടൂ പിടിച്ചു, ആ ധര്‍മപത്നി
പതിയവേ അകത്തോട്ടാനയിച്ചു
തഴപ്പായില്‍ കൊണ്ടുമറിച്ചങ്ങിട്ടു
പിച്ചും പിരാന്തും പറഞ്ഞു കുഞ്ചന്‍
നല്ലമയക്കത്തിലേക്കങ്ങാണ്ടു പോയി .
തുടര്‍ക്കഥയിതെന്നും പതിവുപോലെ
കുഞ്ചന്റെ പെണ്ണിനോ സഹിയാതായി.
മക്കളെ തുരുതുരെ ഉമ്മവെച്ചൂ -
"പിന്നെ അവളാ സാഹസം കാട്ടിക്കൂട്ടി "
പൊന്‍മക്കളെ രണ്ടിനേം ചേര്‍ത്തുകെട്ടി -
മണ്ണെണ്ണ കൊണ്ടവള്‍ സ്നാനം ചെയ്തു ,
തീപ്പെട്ടി പതിയെയുരച്ചുകൊണ്ട് ,
സാരീടെ തുമ്പിനു തീ കൊളുത്തി .
മൂവരും അഗ്നിഗോളങ്ങളായി-
ആത്മാവോ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു ,
ശേഷിപ്പോ കരികോലങ്ങള്‍ മാത്രമായി .
കാലത്തുണര്‍ന്നെഴുന്നേറ്റു കുഞ്ചന്‍
ഉമ്മറക്കോലായ്യില്‍ പോയിരുന്നു ...
എന്തേ എന്‍ പെണ്ണ് പിണക്കമാണോ?
ഇത്തിരി ചായയോ തന്നതില്ല.
അടുക്കള വാതില്‍ക്കല്‍ ചെന്നു കുഞ്ചന്‍
അലറി കരഞ്ഞുപോയാക്കാഴ്ച്ച കണ്ട്!!
കുഞ്ചനു സമനില തെറ്റിപ്പോയി
ഇന്നും ചങ്ങല വലിച്ചിഴയുന്നു കുഞ്ചന്‍ !