Monday 25 August 2008

സുനാമി



കലികാല മക്കള്‍ തന്‍ ചടുല നൃത്തം കണ്ട്

കലി പൂണ്ട കടലമ്മ താണ്ഢവമാടി ,

അടങ്ങാത്ത രോഷത്താല്‍ ശിവതാണ്ഢവമാടി!

ആയിരമായിരം ജന്മമൊടുങ്ങി,

ആകാശച്ചുംബിത തിരകലാളെ,

കടലമ്മ താന്‍ പോറ്റും മക്കളെ

കടലിന്നടിത്തട്ടില്‍ തള്ളിയിട്ടു!

പിന്നെയും പിന്നെയും കലിതീര്ന്നില്ലമ്മയ്ക്ക്-

മക്കള്‍ തന്‍ സര്‍വ്വസമ്പത്തും തല്ലിയുടച്ചു!

എന്തേ നീയിങ്ങനെ കോപിച്ചമ്മേ?

രക്ഷക്കായി കേഴുന്ന മക്കള്‍ തന്‍ രോദനം

രക്ഷകിയാം അമ്മ കേട്ടതില്ലേ ?

എന്തേ നീയിങ്ങനെ ദ്റോഹിച്ചമ്മേ?

കടലമ്മേ, നീയിവര്‍ക്കന്നമല്ലേ?

നിന്നെയിവരെന്നും പൂജിച്ചില്ലേ ?

അച്ഛനുമമ്മയും നഷ്ടമായോര്‍,

വീടും വസനവും നഷ്ടമായോര്‍ ,

കേഴുന്നതൊന്നും നീ കേള്‍ക്കുന്നില്ലേ ?

എന്തിനീ താണ്ഢവമാടിയമ്മേ ?

ഇവര്‍ നീ പോറ്റും പാവം കിടാങ്ങളല്ലേ ?

നിന്നെ നമിക്കും നര ജന്മമല്ലേ ?

അറിവില്ലാ പൈതങ്ങള്‍ കാട്ടീടുന്ന

തെറ്റുപൊറുത്തമ്മേ നീ മാപ്പു നല്‍കൂ ...



Saturday 23 August 2008

അമ്മൂമ്മയുടെ ഓര്‍മ്മകള്‍


അയലത്തെ വീട്ടിലെ അമ്മൂമ്മയ്ക്ക്‌
പണ്ടേപ്പോലെ നടക്കാന്‍ വയ്യാ...
പണ്ടിവര്‍ തലയില്‍ ചുമടും താങ്ങി
പമ്പരം പോലെ കറങ്ങി നടക്കും
വ്യാപാരത്തിന്‍ പൊരുളറിയുന്ന
കൊച്ചു മിടുക്കിയാണിയമ്മൂമ്മ!
ഏഴര വെളുപ്പിന്നുണര്‍ന്നെഴുന്നേല്‍ക്കും
ചറപറ വേലകളൊക്കെ തീര്‍ക്കും
തകൃതിയില്‍ ദിനകൃത്യങ്ങള്‍ നടത്തി
ഒരു കാലിച്ചായ വയറ്റിലാക്കും !
മുണ്ടും നേര്യതും വാരിച്ചുറ്റി
വെറ്റില പാക്കും പുകയില നൂറും -
ഒരു പൊതിയാക്കി മടിയില്‍ തിരുകി,
കണവനെ വേഗം വിളിച്ചുണര്‍ത്തി-
ചൂളക്കരികില്‍ നടന്നടുത്തു
കൊട്ടയെടുത്ത് നിലത്തു വെച്ചു .
ചട്ടികലങ്ങളടുക്കി വെക്കം
ചൂളയിലേക്കൊന്നെത്തി നോക്കി,
കാന്തനെ നോക്കി പുഞ്ചിരി തൂകി,
കുല പരദേവിയെ ധ്യാനം ചെയ്തു
ചുമടു തലയിലേക്കേറ്റി വെച്ചു,
വേഗതയോടെ നടന്നു നീങ്ങി ,
വീടുകള്‍, കടകള്‍ കയറിയിറങ്ങി
ചട്ടികലങ്ങള്‍ വിറ്റഴിച്ചു
പരവശയായി വീട്ടിലെത്തും ...
ഇന്നിവര്‍ക്കെല്ലാം ഒരോര്‍മ്മ മാത്രം
ഓര്‍മ്മയില്‍ തെളിയും നിഴലുകള്‍ മാത്രം !!



Monday 11 August 2008

ഓര്‍മ്മയിലൊരു ജൂലൈ

" ജുലായ് ഒന്ന് " വന്നണഞ്ഞീടുമ്പോള്‍
എന്‍ നഷ്ടവസന്തത്തെയോര്ത്തു വിതുമ്പുന്നു
ഞങ്ങള്‍ തന്‍ സന്തോഷം തല്ലിതകര്‍ത്തൊരാ
ദുര്‍വിധി , ഇന്നോര്ക്കുമ്പോള്‍
ഞെട്ടി വിറക്കുന്നു ...
ആ വെള്ള പുതച്ച കിടപ്പോ സഹിക്കില്ല
പുഞ്ചിരിച്ചുള്ള ഉറക്കം മറക്കില്ല
മക്കള്‍ തന്‍ പ്പൊട്ടികരച്ചിലും കേട്ടില്ല
എന്‍ നെഞ്ചിടം പൊട്ടി തകര്‍ന്നതും കേട്ടില്ല
എത്ര വിളിച്ചിട്ടും കണ്കള്‍ തുറന്നില്ല
അന്ത്യ ഉറക്കത്തിലാണ്ടു കിടന്നങ്ങ്
ഒരു പാട് സങ്കടം ഞങ്ങള്ക്കു നല്കിയ
ജുലായ് മാസം വീണ്ടും പിറക്കുന്നു......

Sunday 10 August 2008

എന്തേയിതിങ്ങനെ.....

എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കേവലം നാലുവയസ്സു തികയാത്ത ,
മുലപ്പാല്‍ മണം പോലും മാറാത്ത കുഞ്ഞിനെ
കശ്മലന്‍ കാമപ്പിശചിന്‍ കൈകള്‍
കശക്കിയെറിഞ്ഞൊരാ പിഞ്ചോമന മുഖം......
എന്തേയിതിങ്ങനെ, കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കാമവെറി പൂണ്ട കാട്ടാളന്മാരുടെ
കൂത്താട്ടം കണ്ടു മടുത്തതല്ലേ ഈ നാട് ....
എന്തു‌ പിഴച്ചു ഈ പിഞ്ചു പൊടിക്കുഞ്ഞ്?
എന്തേ ഈ വിധി വന്നിതെന്‍ ദൈവമേ !
മനുഷ്യ മൃഗത്തിന്റെ പൈശാചിക താണ്ടവം-
ആടിത്തിമര്‍ത്തു കശക്കിയെറിഞ്ഞൊരാ
പിഞ്ചിളം മേനിയോ കണ്ടാല്‍ ഭയാനകം...
കുഞ്ഞിളം ചുണ്ടുകള്‍ വീര്‍ത്തു പൊട്ടിയൊലിച്ചയ്യോ
കണ്ണുകള്‍ തള്ളി വികൃതമായോരാ മുഖം !
കണ്ടീലയോ നിങ്ങള്‍ , എങ്ങിനെ മറക്കും നാം .....
പെണ്ണായി പിറന്നതോ ദൈവമേ,
ഈ പൊടിക്കുഞ്ഞിനു ശാപമായി വന്നത്?
എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ .....


Friday 8 August 2008

ഫ്ലൂ


വേദന വേദന , ശരീരമാസകലം വേദന,
സൂചിയാല്‍ കുത്തും പോലെ, കേശാദിപാദം വരെ....
കിടക്കാനും പറ്റുന്നില്ല, ഇരുന്നീടാനും വയ്യാ,
എങ്ങിനെ സഹിച്ചീടും വയ്യെന്‍റെ ഭഗവാനെ !


പനിയോ നൂറ്റഞ്ചു ഡിഗ്രി ,തീയിലിട്ടത് പോലെ ....
ശരീരമാസകലം കുളിരാല്‍ വിറക്കുന്നു.
തലയോ പൊട്ടും പോലെ, വേദന സഹിയാതെ,
തലയില്‍ തോര്‍ത്തിനാലെ നല്ലൊരു കെട്ടും കെട്ടി,
കണ്‍കളില്‍ മുളകുചാലിച്ചു തേച്ചത് പോലെ,
കണ്ണുനീര്‍ കുടു കൂടെ ഒഴുകീടുന്നു, വയ്യാ...
നാസിക തന്നില്‍ നിന്നും പൊട്ടിയ പൈപ്പ് പോലെ,
ചുടുനീര്‍ ചാലുകള്‍ നിലയ്ക്കാതൊഴുകുന്നു!
വായയോ, കാഞ്ഞിരത്തിന്‍ കായ തിന്നത് പോലെ,
ഭക്ഷണമൊന്നും തന്നെ കഴിക്കാന്‍ പറ്റുന്നില്ല ...
നിദ്രയെന്നരികിലേക്കടുക്കുന്നതേയില്ലാ...
പരവേശത്താല്‍ ഞാനോ വല്ലാതെ വലഞ്ഞല്ലോ!
വൈദ്യന്‍റെ മരുന്നയ്യോ, ഫലിക്കുന്നതുമില്ല...
പനി തന്‍ കാഠിന്യത്താല്‍ വല്ലാതെ തളരുന്നൂ ,
എന്തു ചെയ്യേണ്ടൂവെന്നതൊരു രൂപവുമില്ല..
ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവേ പോലെ,
ഇത്രയുമസഹ്യമാം രോഗത്തിന്‍ നാമധേയം
ഫ്ലൂവെന്നു സ്നേഹത്തോടെ വിളിച്ചീടുന്നു ജനം!