Monday 27 November 2017

" ഒരിക്കലും മങ്ങാത്ത സ്നേഹദീപം"

" ഒരിക്കലും മങ്ങാത്ത സ്നേഹദീപം"
                     *****************
എന്നെതലോടിപുണർന്നതാം കൈ -
കളിന്നില്ലെങ്കിലുംഎന്നുള്ളത്തി
ലെന്നെന്നും ഒളിമങ്ങാത്ത 
അണയാത്തൊരു  കനൽവെട്ടം  !
ഓർമ്മയാൽ പകരുന്നുണ്ടെപ്പോഴും 
കുഞ്ഞായിരുന്ന നാൾ 
മനസ്സിൽ നിഴൽ ചിത്രമായ് 
പതിഞ്ഞതാം എന്നമ്മതൻ രൂപം 
നിറയുന്നൂ ചുരുളഴിയുന്നു 
ആധിയോടുള്ളാ മുഖം കണ്മുന്നിൽ  !
വഴിക്കണ്ണുമായ് കാത്തിരിപ്പു-
ള്ളോരെന്നമ്മ തൻ 
ആകുലതയോടുള്ള ,
ഒത്തിരി ചോദ്യങ്ങൾ !
"കണ്ണും മുഖവുംചുമന്നു -
വാടിയതെന്തെന്റെ   കുഞ്ഞാറ്റെ
ആരാനും നിന്നേ പഴി പറഞ്ഞോ ?
 വല്ലതും കണ്ടു ഭയന്നതാണോ -
അല്ലേൽ വയറു വിശന്നു ,
കുഴഞ്ഞുപോയോ ?
കയ്യും മുഖവും കഴുകിവാ കുഞ്ഞോളെ 
വെള്ളോട്ടു കിണ്ണത്തിൽ-
 വിളമ്പിയ മാമുണ്ണാനോടിവാ !
കൂട്ടികുഴച്ചുണ്ണാൻ മാമ്പഴപുളിശ്ശേരി 
തൊട്ടുനുണയനായമ്മകല്ലേലരച്ച-
നല്ലുള്ളി ചമ്മന്തി  വേറേയും ,
ഉപ്പിച്ചി നുള്ളി മുള്ളുകളഞ്ഞേച്ചു -
ചോറിന്നരികിലായ് നിരത്തിയിട്ടുണ്ടമ്മ.
ഓടിവാ കുഞ്ഞോളെ ഉരുളയുരുട്ടി - 
മാമ്മുണ്ണിക്കാം നിന്നമ്മ !
തൃപ്തിയോടെൻമനം നിറച്ചുവെക്കാം .
കാതോരം ചേർന്നമ്മ പാട്ടുപാടിത്തരാം 
കള്ളി കുയിലിന്റെ കഥയുംപറഞ്ഞിടാം "
അമ്മതൻ സ്നേഹ വാത്സല്യം -
നുണഞ്ഞു ഞാൻ അമ്മച്ചിറകിൽ 
ഒതുങ്ങി വളർന്നീടവേ -
യൗവനം എന്നെ തലോടിപുണർന്നപ്പോൾ 
എന്റെ പെറ്റമ്മയെന്നേ പിരിഞ്ഞുപോയി ..
കാണാമറയാത്തൊളിഞ്ഞിരുന്നു.
എന്നിലെ സങ്കടം ഉള്ളീലൊതുക്കി 
എന്നിലെയെന്നെ ജീവിതം പഠിപ്പിച്ചു !
ദുഖങ്ങളോരോന്നും വന്നണയുമ്പോഴും 
അമ്മതൻ സ്നേഹവാത്സല്യതലോടലും -
ഓർമ്മയിൽ നൊമ്പരച്ചാലൊഴുക്കും 
മനസ്സിന്റെ പാതയിൽ ഇരുളിനെ നീക്കി 
ഒരിത്തിരി വെട്ടം തെളിച്ചു വെക്കും 
എന്നും അണയാത്തൊരെൻ 
        ആത്മസ്നേഹദീപം !!
        
               ***************വിജയലക്ഷ്മി .