Thursday, 16 December 2010

" ആരാണിവര്‍ ? "

നാട്ടാരെ വെട്ടിച്ചു 
പൊട്ടന്‍ കളിച്ചും
കട്ടുമുടിച്ചും
 കൊട്ടേലാക്കി
തട്ടിന്‍പുറത്ത്
 അട്ടിക്കിട്ടു.
കുഞ്ഞാടിന്‍കുട്ടിയായ്
മുട്ടുകുത്തി-
തട്ടിപ്പ് വീരര്‍
കുമ്പസാര  ക്കൂട്ടില്‍
വെട്ടിതുറന്ന
 സത്യം കേട്ട്
 ഞെട്ടി തെറിച്ചു -
സൃഷ്ടിച്ചവന്‍ പോലും !
വെട്ടിപ്പും തട്ടിപ്പും
കണ്‍കെട്ടു വിദ്യപോല്‍
പലനാള്‍ കള്ളന്‍ ഒരുനാള്‍ വെട്ടില്‍ .
സത്യത്തെവെല്ലാന്‍ സത്യം മാത്രം !

Friday, 3 December 2010

"പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താവേ ശരണം" .....

പാലകുളങ്ങര വാഴുമപ്പാ..
ശ്രീ ധര്‍മ്മശാസ്താവേ  ശരണമപ്പാ..
ഭക്തര്‍തന്‍  നേര്‍വഴി നിന്നിലപ്പാ
എന്നും കാത്തുരക്ഷിപ്പതും നീതാനപ്പാ .
ശരണം ശരണം സ്വാമിയയ്യപ്പാ
ഹരിഹരതനയാ നിന്‍ പാദംശരണം
ഗജമുഖസോദരാ  ശരണമയ്യപ്പാ
പാലകുളങ്ങര വാഴുമപ്പാ
ശ്രീധര്‍മ്മശാസ്താവേ  ശ്രീപാഹിമാം
കാലേ ഉണര്‍ന്നെഴുന്നേറ്റു നിത്യം
നിന്നെ നമിക്കുന്നു  സല്ഗതിക്കായ്‌ .
മണ്ഡലകാലവും  വന്നു ചേര്‍ന്നു
ശരണംവിളി ഘോഷമുയരുകയായ്‌
എന്‍ മനസ്സിനുള്ളിലുടുക്കുകൊട്ടും -
നെയ്യഭിഷേകവും , നടത്തുകയായ്‌ .
ആശ്രയമേകണേ അയ്യപ്പസ്വാമി
പാലകുളങ്ങരക്കൈശ്വര്യ  ദായക..
സത്യധര്‍മ്മങ്ങള്‍ നിന്‍ പാദാരവിന്ദം
മോഹിനി സുതനെ പാഹിമാം പാഹിമാം
നിന്നരികിലമരുന്ന  വനശാസ്താവും
നിന്നുടെ സോദരന്‍  ഗണദേവനും
നാഗകെട്ടിലമരുന്ന നാഗത്താന്‍മാരും
കാത്തുരക്ഷിക്കണേ  കലിദോഷം തീര്‍ക്കണേ..
കരുണാനിധിയേ അയ്യപ്പസ്വാമി
ശരണം ശരണം നിന്‍തവ ചരണം..


കുറിപ്പ് :ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്  മകനോടൊപ്പം (മകന്റെ ജോലി സംബന്ധിച്ച്)  രണ്ടു വര്ഷം ഈ  ക്ഷേത്ര പരിസത്ത് താമസിച്ചിരുന്നു ..അന്നൊരു മണ്ഡലകാലത്തു കുറിച്ചിട്ട താണ് ഈ വരികള്‍  .  സ്വാമിയുടെ കൃപ കൊണ്ടാവാം നല്ല സമാധാനവും ഐശ്വര്യവുമുള്ളദേശം ..അങ്ങിനെയാണ്  ആ സ്ഥലത്തെ പറ്റി എനിക്ക് തോന്നിയത് ...

Monday, 15 November 2010

" ശരണ മന്ത്രങ്ങളോടെ മണ്ഡലകാലം ഇതാ ആഗതമായിരിക്കുന്നു "

മണ്ഡലകാലം ഇതാ  ആഗതമായിരിക്കുന്നു വൃശ്ചിക കളിരുമായ് ....നമ്മുടെ  നാട്ടില്‍ ക്ഷേത്രങ്ങള്‍ ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി ...ഈ പുണ്യ മാസത്തില്‍  എന്‍റെ എളിയ ഒരു  കാവ്യാര്‍ച്ചന ...


ഗുരുവായൂരപ്പാ  അഭയ മൂര്‍ത്തേ
ആശ്രിതര്‍ക്കാനന്ദം  നിന്‍ചരണം
അറിവേതു മില്ലെങ്കിലും  പ്രഭോ
ഒരുപാട്  സ്തുതി യെന്നില്‍
നിറഞ്ഞു  നില്‍പ്പൂ  ..
കരുണാമയനെ  കാര്‍മുകില്‍വര്‍ണ്ണാ
മയില്‍പ്പീലി  കൊണ്ടുനീ
എന്‍ മൃദു  ഹൃദയത്തില്‍
കോറിയിട്ടൊരുപാട്  കഥയുണ്ട്
 കഥനകഥയുണ്ട് ചൊല്ലുവാന്‍ 
എങ്കിലും കണ്ണാ  നിന്നെയറിയാന്‍
നിന്‍റെ  മായാലീലയല്ലേ  -
നീ തരും  ദുഃഖം ?
ഞാനതറിയുന്നൂ  കണ്ണാ
നിന്‍ പാദം  പുണരുന്നൂ ..
കൌതുകം  നിറയുന്ന ഉണ്ണി കണ്ണന്റെ
കണ്ണിലെ കര്‍പ്പൂര ദീപം കണ്ടു
മനസ്സാലെ  ഞാനത്  തൊട്ടുഴിഞ്ഞു
കണ്ണാലെന്നശ്രുമണികള്‍ പൊഴിഞ്ഞു
കള്ളച്ചിരിയാലെ  നീയതേറ്റെടുത്തു
ഒരു പിടി  തുളസിപ്പൂ  പകരം തന്നു
ഒരുപാട് പരിഭവം  ചൊല്ലാനായി -
നിന്മുന്നിലെത്തിയോരടിയന്റെ
പരിഭവമെല്ലാം  നീ സ്വീകരിച്ചു
പവിത്രമാം  ശാന്തി എന്‍ മനം നിറച്ചു
നിന്‍ കേശാദി പാദം എന്‍ മനസ്സിലേറ്റി
ഭൂലോക വൈകുണ്ഡoഎന്‍ ഹൃദയമാക്കി
ഒരു തിരി  നിത്യം കൊളുത്തി വെച്ചു-
നിന്‍ നാമമന്ത്രം  ഉരുവിടുന്നു ...

Thursday, 7 October 2010

" വിട ..തിരിച്ചൊരു വരവിനായ് "

വിട  ചൊല്ലുന്നു  ഞാനിന്ന്
 ബ്രിട്ടീഷ് സാമ്രാജ്യമേ
പ്രകൃതി മനോഹര ധാമമേ
പുനര്‍  കാണാന്‍ കൊതിക്കും
നിന്‍ ആലസ്യ  സൌന്ദര്യം
അരികിലെത്താന്‍
 വെമ്പി കുതിക്കും മനമെങ്കിലും
ആവതില്ലെന്നെന്‍
ഉള്‍ മാനസം  പുലമ്പുന്നു ..
ആരെയും  മദാലസരാക്കും
നിന്‍റെ സുന്ദര ലണ്ടന്‍ പട്ടണ -
കെട്ടിട സമുച്ചയം  മാടിവിളിക്കും
നിന്നേ വിട്ടകലുന്നോരെ
വീണ്ടും  നിന്നിലെത്താന്‍
നിന്നേ പുണരാന്‍
നിനക്ക്  പുണര്‍ന്നു മുത്താന്‍
അഹോ സാമ്രാജ്യമേ !
നിനക്ക് പൊന്‍ത്തൂവലണിയിക്കും
ബക്കിംഗ്ഹാം പാലസ്സും ,
മാഡംതുസോയും
സഫാരി പാര്‍ക്കുകളും ,മ്യൂസിയങ്ങളും
സാഹിത്യ  സാമ്രാജ്യം
shakespeare  ജന്മ ഭൂമിയും ,
വോറിക്   കാസിലും
ഭാരതാംബയെ  കവര്‍ന്നതാം
നീ കാത്തു സൂക്ഷിക്കും
കോഹിനൂര്‍ രത്നവും
നിന്‍റെ  വെയ്ല്‍സിന്റെ
ലാവണ്യ  സൌന്ദര്യം 
പ്രകൃതി  നിനക്കായ്  കനിഞ്ഞതോ ?
ഇത്രയും  മനോഹാരിത !
ഹോ ദൈവമേ ! സ്കോട്ട് ലാന്റോ
ഇവളിലും  മനോഹരി
പച്ചപ്പട്ടുചുറ്റി  നമ്രശിരസ്കയായ്
കുണുങ്ങി നില്‍ക്കും
നവവധുവേ പോലിവള്‍
പച്ചപ്പട്ടില്‍ പുള്ളികുത്തിയ പോല്‍
ഇവള്‍ തന്‍  അകിട്ടില്‍ ചേര്‍ന്ന്
പുള്ളി പശുക്കളും ,ആട്ടിന്‍ പറ്റങ്ങളും
ചില്‍ ചില്‍ നാദം മുഴക്കും അരുവികള്‍ 
കാല്‍ പാദസരം കിലുങ്ങുന്നതോ ?
ഇവളെ എങ്ങിനെ വര്‍ണ്ണിക്കും ഞാന്‍
എങ്കിലും വിട ചൊല്ലുന്നു ഞാനിന്ന്‌
തിരിച്ചൊരു വരവിനായ്   Monday, 9 August 2010

"മനസ്സിന്റെ യൌവനം"

അറിയാത്ത  കാര്യങ്ങള്‍
പറയാതൊരിക്കലും .
പറയുന്നതെന്തെന്ന -
പൊരുളറിയേണം
നാവില്‍  വരുന്നത്
തുളുമ്പി വിതറിയാല്‍
നാളെ  വിനകളാല്‍
വലഞ്ഞു പോകും
കാണുന്നതൊക്കെയും
നേരെന്നു തോന്നാതെ
നേരിന്റെ  കാണാപ്പുറങ്ങളും  തേടണം
സത്യത്തിന്‍  പുറംതോട്
 തേച്ചു മിനുക്കണം   
മിഥ്യയായ്  മാറ്റുമീ സ്വപ്ന ലോകം
കേള്‍ക്കുന്ന തൊക്കെയും
ചെവിയില്‍  കുടുക്കാതെ -
നീതി ബോധത്താലളന്നീടേണം
മനം  കൊണ്ട്  മനനം നടത്തിടേണം
സത്യവും  മിഥ്യയും കൂട്ടി കുഴക്കാതെ
സത്യത്തെ  ധന്യമായ്  കരുതിടേണം 
എങ്കില്‍  മനോസുഖം -
സമ്പല്‍ സമൃദ്ധ മീഭൂമിയില്‍
എന്നും  പതിനെട്ടില്‍ -
പൊതിഞ്ഞു  നില്‍ക്കും
മനസ്സിന്റെ യൌവനം  പൂത്തുലയും

Wednesday, 30 June 2010

"എന്‍ ആത്മ നാഥന് പ്രണാമം "
ജുലായ് മാസം പിറവിയെടുക്കുമ്പോള്‍
എന്‍ മാനസം വല്ലാതുലഞ്ഞു പുകയുന്നൂ
ആ കോടതണുപ്പുള്ള ഭീകരരാത്രി എന്‍ -
ജീവിത സൌഭാഗ്യം ഊതി കെടുത്തതും
ഒരുതിരി വെട്ടത്തിനായെന്‍ മനം
ഉഴറി നടന്നതും ..... ഇന്നലെയെന്നപോല്‍
വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !
നവദിനരാത്രം പോല്‍ ... പോയിതെന്‍ ജീവിതം
ഇന്ന് ഒമ്പതു വര്ഷം തികയുന്നൂ
ഈ വേര്‍പാടിന്‍ വേദന ..
എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
അങ്ങമൂല്യമായ് ചാര്‍ത്തിയ മണിത്താലി
ഇന്നുമെന്‍ ഗള കണ്ഠത്തില്‍ -
തിളക്കം പൊഴിയാതെ കാത്തിടുന്നുണ്ട് ഞാന്‍
എവിടേയുമെപ്പോഴും ..എന്നിലങ്ങുള്ളപ്പോള്‍
എന്തിനു വെറുതെയീ വേദന യെന്നോര്‍ക്കും
അങ്ങിനെയെങ്കിലും ...ആശ്വസിച്ചോട്ടെ ഞാന്‍
മക്കള്‍ തന്‍ സന്തോഷം പങ്കിട്ടോട്ടെ .


   എന്റെ ഏട്ടനെ ഞങ്ങളില്‍ നിന്നും വിധി അടര്‍ത്തി യെടുത്തിട്ട് ഇന്നേക്ക് " ജൂലായ്‌ ഒന്നിന്  ഒന്പത് വര്ഷം " .തികയുന്നു ..ഇന്നും എന്നും അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്നില്‍ കൂപ്പു കൈകളോടെ .....
ഭാര്യ ,മക്കള്‍ ,മരുമക്കള്‍ ,പേരക്കിടാങ്ങള്‍ ...

Tuesday, 27 April 2010

"അറേബ്യന്‍ വിധി "

വിധി വിളയാട്ടമായ്
സംഭവിച്ചോരവസ്ഥ!!
അറബി നാടിന്‍റെ നീതിയുമനീതിയും
ഇവിടെയാരാലും
ചോദ്യം ചെയ്യപ്പെടില്ലാ
യെന്നത് നിശ്ചയം
ചെയ്യാത്ത തെറ്റെന്നവന്‍ മൊഴിയുന്നൂ
ശിക്ഷയായ് ജയില്‍ വാസം
അവനൊരു ശ്രീലങ്കന്‍
സ്വന്തനാടിന്‍റെ പുതു
പിറവിക്ക് സാഹോദര്യം
ഊട്ടി ഉറപ്പിക്കാന്‍
മറ്റൊരു ശ്രീലങ്കന്‍ സോദരിക്ക്
ഭക്ഷണ പ്പൊതിയുമായ്
സ്നേഹ സന്ദേശം കൈമാറാന്‍
അറേബ്യന്‍ കൊട്ടാരകെട്ടില്‍
ചെന്നതാണെന്നു ശ്രീലങ്കന്‍ മൊഴി ...
ഇതു തെറ്റാണെന്നറിയാതെ -
യറിഞ്ഞോരവസ്ഥ ദയനീയം ...
അറബി സി ഐ ഡി മാര്‍
തിരഞ്ഞെത്തീ അവന്റെ
ജോലിയിടത്തില്‍-
മേലാള്‍ക്കു മുന്നില്‍
തിരിച്ചറിയല്‍ കാര്‍ഡ്‌ വീക്ഷിച്ചു
അന്തം വിട്ടോരാ മേലാള്‍
എന്തിവന്‍ ചെയ്ത കുറ്റമെന്ന്?
മൊഴിഞ്ഞു സി ഐ ഡി മാര്‍
പെണ്‍കേസ്സാ...പെണ്ണിനെ തേടി
പാലാസ്സില്‍ നുഴഞ്ഞു കയറിയിവന്‍
കോടതിയില്‍ ഹാജരാക്കണമിവനെ
ഇതു ഞങ്ങള്‍ തന്‍ ജോലി
ഞെട്ടിത്തരിച്ചുപോയ്‌ മേലാള്‍
ഒന്നുരിയാടാന്‍ ആവതില്ലെന്റെ ഈശ്വരാ
കയ്യാമം വെച്ച് കൊണ്ടുപ്പോയവര്‍
ജയില്‍ വാസം അവന്‍ തന്‍
ജാതക ഫലം !!
പെണ്ണവള്‍ ശ്രീലങ്കകാരിയും
കരഞ്ഞു മൊഴിഞ്ഞുപോല്‍
തെറ്റൊന്നും ചെയ്തില്ല
നാട്ടാചാരമാണെന്ന് !!
അവള്‍ തന്‍ രോദനം
കൊട്ടാര കെട്ടിലുള്ളോരും കേട്ടില്ല..
മറ്റാരുമേ കേട്ടില്ല ..
അവള്‍ക്കു ശിക്ഷയായ് നല്‍കി
ജോലിക്കൊരു ക്രോസ് രേഖയും
നാട്ടിലേക്കൊരു ഫ്ലൈറ്റ്ടിക്കറ്റും
ഒരു ഭക്ഷണ പ്പൊതിയൊരുക്കിയ
വിന ഇതെങ്ങിനേ സഹിച്ചിടും
സൂക്ഷിക്കുവിന്‍ ഗള്‍ഫില്‍ ഏവരും
അറബി നാടിന്റെ ശിക്ഷ
ഇതേറ്റു വാങ്ങരുതേ..
ജീവിതം ജയില്‍വാസമായ്
എണ്ണി ഒടുക്കരുതേ...

കുറിപ്പ്  : ഇത് ഇവിടെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ അറിവില്‍ പെട്ട സംഭവാവിഷ്ക്കാര കവിത ..

Friday, 2 April 2010

" എന്റെ കൃഷ്‌ മോന് നാളെ രണ്ടാം പിറന്നാള്‍ !!"


Posted by Picasaരണ്ടാം ജന്മദിനം
പൂവിടും പുലര്‍വേളയില്‍
എന്‍കണ്മണി കിച്ചു മോന്
പിറന്നാളാശംസകള്‍ !!
ചക്കരവാവേ നിനക്കാ -
യുരാരോഗ്യ സൌഖ്യ-
സമ്പല്‍ സമൃദ്ധി ക്കായ്‌
പ്രാര്‍ത്ഥനയോടെന്നുമീ -
യമ്മൂമ്മ കാത്തിരിപ്പുണ്ട് .
എന്നാരോമല്‍ കുഞ്ഞേ-
യെന്നും നിനക്കായ്‌
ചേര്‍ത്തു വെച്ചോരായിരം
മൃദു സ്നേഹ വാത്സല്യ ചുംബനങ്ങള്‍
നിന്‍തളിര്‍ മേനിയാകെ
പൊതിയാന്‍ കൊതിക്കുമീ -
അമ്മൂമ്മ വൈകിടാതെ
യെത്തീടും നിന്റെ ചാരെ .
നിന്‍ കിളി കൊഞ്ചല്‍ കേള്‍ക്കാന്‍
കൊതിക്കുന്നിതെന്‍ കാതുകള്‍
നിന്‍റെ നുണക്കുഴിയില്‍വിരിയും -
കള്ളച്ചിരികാണാന്‍
എന്‍ കണ്ണുകള്‍ തുടിക്കുന്നു
കണ്ണാരം പൊത്തിയെന്നും
"പീക്കബൂ " കളിക്കാനായ്‌
വൈകീടില്ലിനിയൊട്ടും
മുത്തേ നിനക്കായ്‌ ഇന്ന്
വാഗ്ദാനം നല്കീടുന്നൂ
പിറന്നാള്‍ സമ്മാനമായ്!!!

യു .കെ യില്‍ വെച്ച് april 3nu രണ്ടാം ജന്മദിനം ആഘോഷിക്കുന്ന എന്റെ കൊച്ചുമോന്‍ "കൃഷ്‌ മോഹന്‍ ന്ന് "വാത്സല്യ ചുംബനങ്ങള്‍ക്കൊപ്പം പിറന്നാളാശംസകള്‍ നേരുന്നു ..
അമ്മൂമ്മ :വിജയലക്ഷ്മി
മാമന്‍ :ഷമ്മി കൃഷ്ണ
മാമി :ദിവ്യ ഷമ്മി
കുഞ്ഞേട്ടന്‍ :ആദിത്യാ കൃഷ്ണ
കുറിപ്പ് : ഈ "പീക്കബൂ ".ഓണ് ലൈനില്‍ (വെബ് ക്യാമില്‍) കാണുമ്പോള്‍ അവന്‍ കണ്ണുപൊത്തി കളിയില്‍ പറയുന്ന വാക്കാണിത് .Tuesday, 9 March 2010

"ഭദ്രകാളി ??"

ഓടി വന്നിട്ടും എന്തേ-
നിന്‍റെ തോഴനെ  കണ്ടില്ലേ  ...
 കല്ലില്‍ കാല് തട്ടീല്ലേ...
വീണ്  മുട്ട് പൊട്ടീല്ലേ ...
കണ്ണടച്ചപ്പോള്‍ കണ്ണില്‍
പൊന്നീച്ച പാറീല്ലേ
മനസ്സ് നൊന്തില്ലേ
നിന്‍റെ  കണ്ണുനിറഞ്ഞില്ലേ ..
ഓടി  വന്നൊന്ന് ..അവന്‍ -
കെട്ടി പുണര്‍ന്നാലോ
നീ  കണ്വശ്രമത്തിലെ -
ശകുന്തളയാവൂലെ
നാണത്താല്‍ നിന്‍ കണ്ണിമ മൂടൂലെ
നിന്‍റെ സങ്കടം മാറൂലെ
ഉള്ളില്‍ സന്തോഷം നിറയൂലെ
സന്തോഷം വന്നാലോ ..
നീയൊരു  പൂമ്പാറ്റയാവൂലെ
ചുറ്റും പാറിപറക്കൂലെ ..
അവനെ  സ്നേഹത്താല്‍  മൂടുലെ
കാലാല്‍  നഖചിത്രം വരയൂലെ
പ്രിയനവന്‍  നിന്നെ -
തള്ളി പറഞ്ഞാലോ
നീയൊരു  താടകയാവൂലെ
കണ്ണീരിന്നുറവ വറ്റൂലെ
കണ്ണില്‍  തീപ്പൊരി പാറൂലെ
കാണുന്നിടത്തെല്ലാം
അവനെ തെറി വിളിക്കൂലെ
ഓമന പേരുവിളിക്കൂലെ
നിന്റെ  രോഷം തീര്‍ക്കൂലെ
നീയൊരു കാളിയാവൂലെ
ഭദ്രകാളി യാവൂലെ ..?

Monday, 15 February 2010

"" കാഴ്ച്ച !!! ""

കാണാനഴകുള്ള  കണ്ണ് വേണം

കരിവണ്ടു പോല്‍ മിനുങ്ങി തിളങ്ങുന്ന കണ്ണുകള്‍

കണ്ണായാല്‍ പോരാ അകക്കണ്ണുകള്‍ വേണം -

ഉള്ളംനിറയെ മന:കണ്ണുകള്‍ വേണം

കാണാപ്പുറങ്ങളും കാണുന്ന കണ്ണുകള്‍

കള്ളവും ചതിയും വെറുക്കുന്ന കണ്ണുകള്‍

അനീതിക്ക് നേരെ തീപ്പൊരി കണ്ണുകള്‍

ആശ്രിതര്‍ക്കഭയം നല്‍കും മന:കണ്ണുകള്‍

തന്‍പാതിക്കും മക്കള്‍ക്കും

വാത്സല്യം കോരി ചൊരിയും കണ്ണുകള്‍

വാര്‍ദ്ധക്യവേളയില്‍ മാതാപിതാക്കള്‍ക്ക്

സംരക്ഷണം നല്‍കാന്‍ കൊതിക്കും കണ്ണുകള്‍

കര്‍മ്മത്തില്‍ വീഴ്ച്ച വരുത്തില്ല ഈ കണ്ണുകള്‍

സത്യത്തിന്‍ നേര്‍വഴി കാക്കുമീ കണ്ണുകള്‍ !!!

Saturday, 2 January 2010

"കള്ള് ചതിച്ചാല്‍."......

വള്ളിക്കാട്ടെ
കുള്ളന്‍ പിള്ള
ബള്ള് ചൊല്ലും
 സൊള്ളന്‍
കള്ളുമോന്താന്‍
പള്ളി വളവില്‍
കള്ളു ഷാപ്പിലെത്തി
ചള്ള് കള്ളും
ചാളേം കപ്പേം
ഉള്ളിലാക്കി പിള്ള
പള്ളിയുറക്കം
കണ്ണിനുള്ളം കലക്കി
കള്ളിമുണ്ട്
മടക്കിക്കുത്തി
ഉള്ളം കൈയ്യില്‍
നിറകള്ളും കുപ്പി
കള്ളിചെല്ലമ്മ
ഇടം കണ്ണിറുക്കി
ഉള്ളം തുടിച്ചു
പിള്ള ചേട്ടന് !
കള്ളിമുണ്ടിന്‍
മടിക്കുത്തിളകി -
നൂറിന്റെ നോട്ട്
 തെള്ളി തെറിച്ചു
ഉള്ളം നിറഞ്ഞു ..
കള്ളി ചെല്ലമ്മ പ്പെണ്ണിനു .
പിള്ള മനസ്സില്‍
തള്ളേം പിള്ളേം കരഞ്ഞു
തന്നുള്ളം തേങ്ങി -
വിതുമ്പി പുകഞ്ഞു
കുള്ളന്‍ പിള്ള
മനസ്സാ ശപിച്ചു !
കള്ളിനെ കള്ളുഷാപ്പിനെ..