Saturday 21 March 2015

" രാഷ്ട്രീയം ഇങ്ങിനെയൊ !!!! "


എന്‍  ബാല്യകാലം  -
 കണ്ടറിഞ്ഞോരു  രാഷ്ട്രീയം
ശക്തിയുക്തം
ശാന്തം ദൃഡകരം!!
അറുംകൊല എന്തെന്ന-
റിഞ്ഞിലാ അന്നൊന്നും.
ഇന്നോ.... ദിനം പ്രതീ
കണ്ടൂ ഭയക്കുന്നു നാമെല്ലാം
വടിവാളും  കഠാരയും
കൈകളിലേന്തിയോര്‍
വെട്ടിയും  കുത്തിവീഴ്ത്തിയും -
പലായനം ചെയ്യുമൊരുകൂട്ടര്‍
വെട്ടേറ്റവന്‍ രക്ത പുഴയിലൂടെ
ഏന്തിവലിഞ്ഞും ഉരുണ്ടും
പിടഞ്ഞു മരിക്കുന്നു .
പിന്നെ രക്തസാക്ഷിയെ-
ന്നോമന പേരുനല്‍കി
മണ്ഡപം പണിയലും
 വോട്ടുപിടുത്തവും .
ഇതിന്നു പേരാണോ രാഷ്ട്രീയം ?
അടുത്തോരു ദിനം  തിരിച്ചാക്രമം !
മാംസ കടയിലെ  മാടിന്‍റ
മാംസതുണ്ടുപോല്‍
വെട്ടിനുറുക്കീ  പത്തു -
പതിനാറു തുണ്ടങ്ങള്‍,
ചിതറി തെറിക്കുന്നു !!
ഭൂമി ദേവിക്കിവര്‍
ചുടു രക്താഭിഷേകംനടത്തുന്നു
പേടിപ്പെടുത്തുന്ന  അട്ടഹാസങ്ങളും
ദീനരോദനങ്ങളുംകേട്ടു
നാടുനീളേ ഭയന്നു വിറക്കുന്നു ..
പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന
 ബന്ദ്‌ പ്രഖ്യാപനം അക്രമകളിയാട്ടം !!
 ഗതാഗത മാര്‍ഗ്ഗങ്ങളെറിഞ്ഞുടച്ചും
പൊതുമുതലാകെ  തച്ചുതകര്‍ത്തഗ്നി
ഗോളങ്ങളാക്കിയും....
നാടിനു നാശം വിതക്കലാണോ
രാഷ്ട്രീയമെന്നതിനാപ്തവാക്യം ?
കാലത്ത് ജോലിക്ക് പോയോരച്ഛന്‍റെ
ജീവനറ്റ വികൃത രൂപംകണ്ട് പേടിച്ചു -
വാവിട്ടു പിടഞ്ഞു  കരയുന്ന കുഞ്ഞുങ്ങള്‍ !
നെഞ്ചത്തടിച്ചു കരഞ്ഞു -
ശപിക്കുന്ന അമ്മമാര്‍!!
വിധിയെ പഴിച്ചു വിഭ്രാന്തിയാല്‍
മൂകതയിലാഴുന്ന ഭാര്യമാര്‍!
നാളത്തെ നാടിന്‍റെ -
പൊന്നോമന കുഞ്ഞുങ്ങള്‍
കലാപങ്ങള്‍ കണ്ടും പഠിച്ചും
നാടിന്‍റെ  ശാപങ്ങളായിടുന്നു.
നല്ലൊരു നാടിന്‍റെ സ്വപ്ന-
സാക്ഷാത്കാരത്തിനായി  നമ്മള്‍
വാത്മീകത്തില്‍ നിന്നുണര്‍ന്നു
നാടിനെ അക്രമരഹിതമാക്കീ -
വളര്‍ത്തീടണം  എന്നും
നല്ലൊരു  നാളെ നമുക്കു വേണം
നന്മകള്‍ പെയ്യുന്ന നല്ല നാളെ !!!!

2 comments:

വിജയലക്ഷ്മി said...

ഇങ്ങ് അറബി നാട്ടിലിരുന്നും ദൈവത്തിന്‍റെ നാടെന്ന് പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തില്‍ നടമാടുന്ന
അക്രമങ്ങളും അനീതികളും കണ്ടും കേട്ടും വല്ലാത്ത സങ്കടം തോന്നുന്നു..എന്ന് നാട്ടില്‍ ഫോണ്‍ കാള്‍ ചെയ്ത്‌ ,നാട്ടില്‍ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാല്‍ അവിടുന്ന് കിട്ടുന്ന ആദ്യ വിവരം ഇപ്രകാരമാണ്
"ഇന്നിവിടെ ഹര്‍ത്താലാണ് ...എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അടുത്ത മറുപടി ,ഇന്ന പാര്‍ട്ടിയിലെ ഒരാളെ വെട്ടിക്കൊന്നു ,,അല്ലെങ്കില്‍ ഇന്നാളുടെ കൈയും കാലും വെട്ടികളഞ്ഞു .ഇങ്ങിനെ പോകുന്നു വാര്‍ത്തകള്‍ ...ഇങ്ങിനെയുള്ള സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ഒരു പോംവഴിയുമില്ലേ...

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ടൂ ഭയക്കുന്നു നാമെല്ലാം
വടിവാളും കഠാരയും
കൈകളിലേന്തിയോര്‍
വെട്ടിയും കുത്തിവീഴ്ത്തിയും -
പലായനം ചെയ്യുമൊരുകൂട്ടര്‍
വെട്ടേറ്റവന്‍ രക്ത പുഴയിലൂടെ
ഏന്തിവലിഞ്ഞും ഉരുണ്ടും
പിടഞ്ഞു മരിക്കുന്നു .


എന്ത് ചെയ്യാം ഇതൊക്കെയാണല്ലോ നമ്മുടെ നാടിന്റെ ശാപങ്ങൾ..അല്ലേ