Friday, 6 February 2009

" രക്ത സാക്ഷി "


കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനകത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി -
കൊച്ചേച്ചിക്കോ അവന്‍ തങ്കക്കുടം .
അമ്മിഞ്ഞ ചുരത്തുമ്പോളമ്മതന്നുളളി-
ലോരായിരം സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍ പിച്ചനടക്കുമ്പോ-
ളച്ഛന്റെ മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടുമുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍ ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങികളിച്ചവന്‍
വിദ്യക്കായ് വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയവന്‍ -
ഗുരുവിനു സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍ മാറിവന്നു..
കാലം അവനുടെ ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍ മാതാപിതാക്കളൊ -
ആശ്വാസ നിര്‍വൃതിയില്‍ ലയിച്ചു !
പ്രായം അവനില്‍ പലമാറ്റങ്ങളായ്-
കൌമാര തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവു പോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി ..
പൊന്നുമോന്‍ നേര്‍ വഴിക്കെത്തീടാനായി-
ട്ടൊരുപാടുപദേശം നല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് മാറിയവന്‍ -
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി ...
ഹര്‍ത്താലില്‍ പൊതുമുതലെറിഞ്ഞുടച്ചൂ-
അവന്‍ നിയമപാലകന്മാരെ കല്ലെറിഞ്ഞു ..
അച്ഛനമ്മമാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതി യവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നി ചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചു പോല്‍ രക്ത പൂക്കള്‍ !
രാഷ്ട്രീയ കോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈ ജന്മം പോരതു തീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനക തിടമ്പാണാ പൊന്നൂമകന്‍..

ഈ കവിത ആറുവര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതയ്ക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..