Wednesday 20 May 2009

"പ്രവാസി "

ഹേ പ്രവാസി ! നിന്റെ
യൌവ്വനവും മോഹങ്ങളും -
ഈ സ്വപ്ന ഭൂമിയാം മണലാരണ്യത്തില്‍ ....
രക്തവും മജ്ജയും വിയര്‍പ്പാക്കി മാറ്റി ..
നീയും നിന്റെ സഹജരും പണിയും -
മണി സൌധങ്ങള്‍തന്‍ ഉയരങ്ങള്‍ !
കമ്പിക്കെട്ടുകള്‍നെയ്ത-
ഊടുപാവുകള്‍ക്കു മുകളില്‍
സിമന്റും പൂഴിയും ചേര്‍ത്ത ...
മിശ്രണത്തിന്നെരിച്ചിലും,
ജ്വലിക്കും സൂര്യകിരണങ്ങള്‍ തന്‍ -
പൊള്ളിക്കും നീറ്റലും സഹിച്ചു ...
നിങ്ങള്‍ പണിതുയര്‍ത്തുന്നോരാ -
കണ്ണെത്താതുയരം താണ്ടും ,
മണി സൌധങ്ങള്‍ !
നിന്‍ മേലാളിന്നൌദാര്യം പോല്‍ ,
നീ കയ്യേല്ക്കുമ്ത്തിരി കാശും പോരാഞ്ഞു -
കൊടും പലിശയ്ക്കു കടമെടുത്തും
ഡ്രാഫ്റ്റായ് നാട്ടിലെത്തുന്ന കാശിന്റെ -
വിലയറിയാതെ ,വേദനപ്പാടറിയാതെ ..
ഹേ പ്രവാസീ !
നിന്റെ വിശപ്പിന്റെ വിളിക്ക് ,
കുബൂസ്സും ഒത്തിരി വെള്ളവും ...
നിന്റെ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ -
നീ സഹിക്കും കഷ്ടതകളറിയാതെ ,
നിന്‍ കുടുംബം സുഖലോലുപരായ് ...
ഗള്‍ഫുകാരന്റെ ഭാര്യയായ് മക്കളായ്‌ !
ആര്‍ഭാടജീവിതം നയിക്കുന്നോര്‍ -
ആ കാശിന്റെ വിലയറിയില്ലവര്ക്ക് !
നിന്റെ യൌവ്വനത്തിന്റെ -
സൂര്യകിരണങ്ങള്‍ ഊറ്റിയെടുക്കും ,
രക്തത്തിന്റെ , വിയര്‍പ്പിന്റെ -
വില അറിയില്ലവര്‍ക്ക് !
ഹേ പ്രവാസി ...അവര്‍ -
ഗള്‍ഫ്കാരന്റെ ഭാര്യയാണ് മക്കളാണ് !!

ഈ കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ..ഞങ്ങള്‍ അബുദാബിയില്‍ താമസിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിന്നെതിര്‍വശം മറ്റൊരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ടായിരുന്നു .കാലത്തുണര്‍ന്നു ജനല്‍ കതകുതുറന്നാല്‍ കാണുന്നകാഴ്ച്ച ആജോലിക്കാരുടെസാഹസികതകളാണ്...ഞാനൊത്തിരിസമയംവിഷമത്തോടെനോക്കിനില്ക്കാറുണ്ട് .ഞാനെന്റെ മോളെകാട്ടിക്കൊടുത്തു അവളോട്‌ പറയാറുണ്ട് "ഈ ജോലിക്കാരുടെ പ്രയാസങ്ങളും മറ്റും വീട്ടുക്കാര്‍ അറിയുന്നുണ്ടോ ?"എത്ര അപകടം നിറഞ്ഞ ജോലിയാണ് ഇവര്‍ ചെയ്യുന്നത് "..പണിയുന്ന കെട്ടിടത്തിനു സൈഡില്‍ ഒരു ടിന്‍ ഷീറ്റുകൊണ്ട്നിര്‍മ്മിച്ച പാര്‍പ്പിടത്തിലാണ് ഇവരുടെ താമസം ..ഏതാണ്ട് മൂന്നുമാസത്തോളം നിത്യ കാഴ്ചയായിരുന്നു . പിന്നെഞങ്ങള്‍ അലൈനിലോട്ട് താമസം മാറി ..അവരെ കുറിച്ചു ഇത്തിരിയെങ്കിലും എഴുതണമെന്നുതോന്നി .

Saturday 16 May 2009

"പ്രിയ വായനക്കാരെ "

എന്റെ പ്രിയ സുഹൃത്തുക്കളുടെ ..വായനക്കാരുടെ (മക്കളുടെ ,സഹോദരി ,സഹോദരന്മാരുടെ ) അറിവിലേക്കായി : ശാരീരികാസ്വാസ്ഥ്യം കാരണം ഞാന്‍ ഒരു രണ്ടുമാസക്കാലമായി എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റൊന്നും ചെയ്യാത്തത് ..കുറച്ചു സമയം കൂടി ഈവിധം തുടരേണ്ടി വരുമെന്ന് തോന്നുന്നു ..എല്ലാം ഈശ്വര കൃപപോലെ നടക്കുമെന്ന് വിശ്വസിക്കുന്നു ..
എനിക്കും എന്റെ ബ്ലോഗിനും വേണ്ടുന്ന വിധം പ്രോത്സാഹനം നല്കിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒത്തിരി ഒത്തിരി നന്ദിയും കടപ്പാടും അറിയിക്കുന്നു .